National
പഹല്‍ഗാം ഭീകരാക്രമണം: വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയുടെ അടിയന്തര യോഗം; ആക്രമണത്തിന് പിന്നില്‍ കസൂരി
. ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ലഭിച്ച വിവരങ്ങള്‍ അജിത് ഡോവല്‍ പ്രധാനമന്ത്രിയുമായി പങ്കുവെച്ചു
ശ്രീനഗര്‍ | പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ പാക് ഭീകര സംഘടനയായ ലശ്കര്‍ ഇ ത്വയ്ബയുടെ ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് സൈഫുള്ള കസൂരിയെന്ന് റിപ്പോര്‍ട്ടുകള്‍.
ആക്രമണത്തിന്റെ ഉത്തരവാദിത്വം കശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ദ് റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ഏറ്റെടുത്തിരുന്നു. ലശ്കറെ ത്വയ്ബയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ടിആര്‍എഫ്.
ലശ്കര്‍ ഭീകരന്‍ ഹാഫിസ് സയീദിന്റെ അടുത്ത അനുയായിയാണ് കസൂരി. പാകിസ്ഥാനില്‍ നിന്നാണ് ആക്രമണം നിയന്ത്രിച്ചത്. ഭീകരസംഘത്തിന് പാകിസ്ഥാനില്‍ നിന്നും പരിശീലനം ലഭിച്ചിരുന്നു. ആറംഗ സംഘമാണ് ആക്രമണം നടത്തിയതെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്
ഭീകരാക്രമണം നടന്ന സ്ഥലത്തു നിന്നും നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. ഭീകരരെ കണ്ടെത്താനായി പ്രദേശത്ത് സൈന്യവും ജമ്മു കശ്മീര്‍ പോലീസും സുരക്ഷാ സേനകളും തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഭീകരര്‍ക്ക് പ്രദേശത്തെ ഒരാളുടെ കൂടി പിന്തുണ ലഭിച്ചതായിട്ടാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചത്. ഓപ്പറേഷന്‍ ടിക്ക എന്ന പേരിലാണ് കശ്മീര്‍ മേഖലയില്‍ സൈന്യം തിരച്ചില്‍ നടത്തുന്നത്.
അതേ സമയം, സഊദി സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ത്യയില്‍ മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, വിമാനത്താവളത്തില്‍ വെച്ച് അടിയന്തര ഉന്നതതലയോഗം ചേര്‍ന്നു. രാവിലെ ഏഴു മണിയോടെ ഡല്‍ഹിയിലെത്തിയ നരേന്ദ്രമോദി, ഡല്‍ഹി വിമാനത്താവളത്തിലെ ടെക്നിക്കല്‍ ഏരിയയിലെ ലോഞ്ചില്‍ വെച്ചാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ വിദേശകാര്യമന്ത്രി ജയ്ശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി തുടങ്ങിയവര്‍ സംബന്ധിച്ചു. ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ലഭിച്ച വിവരങ്ങള്‍ അജിത് ഡോവല്‍ പ്രധാനമന്ത്രിയുമായി പങ്കുവെച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി ഇന്നു യോഗം ചേര്‍ന്നേക്കും
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 26 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നിന്നും ആറു പേര്‍, ഗുജറാത്തില്‍ നിന്നും കര്‍ണാടകയില്‍ നിന്നും മൂന്നുപേര്‍ വീതം, ബംഗാള്‍-2, ആന്ധ്ര-1, കേരളം -1, യുപി, ഒഡീഷ, ബിഹാര്‍, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, മധ്യപ്രദേശ്, കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നും ഒരാള്‍ വീതം, എന്നിങ്ങനെയാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. നേപ്പാളില്‍ നിന്നുള്ള ഒരാളും കൊല്ലപ്പെട്ടിട്ടുണ്ട്. പരിക്കേറ്റ 17 പേരില്‍ നാലുപേരുടെ നില ഗുരുതരമാണ്.



