Connect with us

paddy farmers crisis

നെല്ല് വില എത്തിയില്ല; അപ്പർ കുട്ടനാട്ടിൽ കര്‍ഷകര്‍ക്ക് പട്ടിണി ഓണം

സംഭരിച്ച നെല്ലിന്റെ വിലക്കായി കാത്തിരിപ്പ് നീളുന്നു

Published

|

Last Updated

മാന്നാര്‍ | അപ്പർ കുട്ടനാട്ടിൽ വലിയ പ്രതീക്ഷയോടെ കൃഷിയിറക്കി കൊയ്ത്തും കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും നെല്ലിന്റെ സംഭരണ വില ലഭിക്കാത്തതിനാല്‍ ഓണനാളുകളില്‍ നെല്‍കര്‍ഷകരും കുടുംബാംഗങ്ങളും പട്ടിണി കിടക്കേണ്ട ഗതികേടിൽ. ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ച് ബേങ്കുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും കൊള്ളപ്പലിശക്ക് കടംവാങ്ങിയുമാണ് ഇവർ കൃഷിയിറക്കിയത്. സിവില്‍ സപ്ലൈസ് കോർപറേഷന്‍ മുഖേന സ്വകാര്യ മില്ലുകള്‍ സംഭരിച്ച നെല്ലിന്റെ വിലക്ക് വേണ്ടിയുള്ള കര്‍ഷകരുടെ കാത്തിരിപ്പ് നീളുകയാണ്. ആഗസ്റ്റ് 14ന് മുമ്പായി എല്ലാ കര്‍ഷകര്‍ക്കും പണം ലഭിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം വന്നെങ്കിലും അതുണ്ടായില്ല.

അതിനെ തുടര്‍ന്നാണ് ചിങ്ങം ഒന്ന് കര്‍ഷകദിനം ബഹിഷ്‌കരിച്ചുകൊണ്ട് കര്‍ഷകര്‍ കരിദിനം ആചരിച്ചത്. പ്രതിഷേധം ഉയര്‍ന്നതോടെ 50,000 രൂപ വരെയുള്ള നെല്ലുവില കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തിത്തുടങ്ങി. എന്നാല്‍ ഇതിന്റെ പ്രയോജനം വളരെ കുറച്ചുപേര്‍ക്ക് മാത്രമെ ലഭിക്കൂ. കേരളത്തിനെ ഓണമൂട്ടുന്ന നെല്‍കര്‍ഷകരെ തിരുവോണത്തിനുപോലും പട്ടിണിക്കിടുന്ന സർക്കാറിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധം നടത്താൻ വിവിധ സംഘടനകൾ തീരുമാനിച്ചു.

നെല്ലിന്റെ വിളവെടുപ്പ് നടത്തി അഞ്ച് മാസം കഴിഞ്ഞിട്ടും കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കാത്തതില്‍ പ്രതിഷേധിച്ചുകൊണ്ട് അപ്പര്‍കുട്ടനാട് സ്വതന്ത്ര നെല്‍ കര്‍ഷക കുട്ടായ്മയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 28ന് ഉത്രാടനാളില്‍ സെക്രട്ടേറിയറ്റ് നടയില്‍ ഉപവസിക്കുമെന്ന് ഗോപന്‍ ചെന്നിത്തല പറഞ്ഞു. തിരുവോണനാളില്‍ സെക്രട്ടേറിയറ്റ് നടയില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരുമണി വരെ പട്ടിണിക്കഞ്ഞി സത്യാഗ്രഹം നടത്തുമെന്ന് കോൺഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് എം പി പറഞ്ഞു.

Latest