Editors Pick
യാത്രക്കായി പാക്കിംഗ് ഇനി എന്തെളുപ്പം!
പെട്ടി പാക്ക് ചെയ്യാൻ ഒരുങ്ങുന്നതിനു മുൻപ് അല്ലെങ്കിൽ പ്ലാൻ ചെയ്യുന്നതിന് മുൻപ് തന്നെ ഒരു പാക്കിങ് ലിസ്റ്റിൽ നിന്ന് ആരംഭിക്കാം.
ദീർഘദൂര യാത്രയ്ക്കായി ഒരുങ്ങുമ്പോൾ എന്നും ബാലികയറാ മലയായി കാണുന്ന ഒരു കാര്യമാണ് യാത്രയ്ക്കുള്ള പാക്കിങ് എന്നത്. നിങ്ങൾ ഒരു വീക്കെൻഡ് വിനോദയാത്രക്കോ ഒരു മാസം നീണ്ടുനിൽക്കുന്ന സാഹസികയാത്രക്കോ പോകുകയാണെങ്കിലും പെട്ടി അല്ലെങ്കിൽ ബാഗ് ഒരുക്കാൻ ചില മാർഗങ്ങൾ പ്രയോഗിച്ചാൽ ലളിതമായി അത് ചെയ്തു തീർക്കാൻ കഴിയും. നിങ്ങളെക്കാൾ ഭാരമുള്ള ഒരു സ്യൂട്ട് കേസും ചുമന്നു പോകുന്നതിനു പകരം ഈ ടിപ്പുകൾ ഒന്നുപയോഗിച്ച് നോക്കൂ.
ഒരു പാക്കിങ് ലിസ്റ്റിൽ നിന്ന് ആരംഭിക്കാം
പെട്ടി പാക്ക് ചെയ്യാൻ ഒരുങ്ങുന്നതിനു മുൻപ് അല്ലെങ്കിൽ പ്ലാൻ ചെയ്യുന്നതിന് മുൻപ് തന്നെ ഒരു പാക്കിങ് ലിസ്റ്റിൽ നിന്ന് ആരംഭിക്കാം.നിങ്ങൾക്ക് ഏറ്റവും അത്യാവശ്യമായ കാര്യങ്ങൾ പാക്കിങ് ലിസ്റ്റിൽ ഉൾപ്പെടുത്താവുന്നതാണ്. വസ്ത്രങ്ങൾ, ടോയ്‌ലറ്ററികൾ, ഇലക്ട്രോണിക്സ്, ആക്സസറീസ് എന്നിങ്ങനെ വിഭജിച്ചു വേണം ലിസ്റ്റ് ചെയ്യാൻ. ഇത് അമിതമായി പാക്ക് ചെയ്യുന്നതിൽ നിന്ന് നിങ്ങളെ രക്ഷിക്കുക മാത്രമല്ല അയ്യോ എന്റെ ചാർജർ മറന്നുപോയി എന്ന അബദ്ധനിമിഷം ഒഴിവാക്കുകയും ചെയ്യുന്നു.
ഒരു കളർ പാലറ്റിൽ ഉറച്ചുനിൽക്കുക
വസ്ത്രങ്ങളുടെ ഭംഗി നോക്കി മാത്രം ധരിക്കുന്നവരോടാണ്. ഒരു ന്യൂട്രൽ അല്ലെങ്കിൽ കോംപ്ലിമെന്ററി കളർ പിന്തുടരുന്നത് വഴി നിങ്ങൾക്ക് വസ്ത്രങ്ങൾ എളുപ്പത്തിൽ മിക്സ് ആൻഡ് മാച്ച് ചെയ്യാൻ കഴിയും. ഉദാഹരണമായി ഒരു കറുത്ത പാന്റും ഷോളും ഉപയോഗിക്കുന്നത് ഏത് ഡ്രസ്സിനും മാച്ച് ചെയ്യാൻ പറ്റുന്ന രീതിയിൽ ഉപയോഗിക്കാം. ഷൂവും മറ്റു വസ്ത്രങ്ങളും കാര്യങ്ങളും എല്ലാം തിരഞ്ഞെടുക്കുമ്പോൾ ഇത് ശ്രദ്ധിക്കാവുന്നതാണ്.
കനം കുറഞ്ഞ ബാഗുകൾ അല്ലെങ്കിൽ പെട്ടി ഉപയോഗിക്കുക
നിങ്ങളുടെ ലഗേജിനെക്കാൾ ഭാരം പെട്ടിക്ക് ആണെങ്കിൽ പെട്ടു അല്ലേ. അത് പരിഹരിക്കുന്നതിനായി ഒരുതരത്തിൽ വിശാലമായതും ഭാരം കുറഞ്ഞതുമായ ബാഗ് തെരഞ്ഞെടുക്കുക. ഭാരം താങ്ങാൻ ആവില്ലെങ്കിൽ സ്പിന്നർ വീലുകൾ ഉള്ള ബാഗുകളും തിരഞ്ഞെടുക്കാം.
കംപ്രഷൻ പാക്കിങ് ക്യൂബുകൾ ഉപയോഗിക്കുക
നിങ്ങൾ ഒരിക്കലും കംപ്രഷൻ പാക്കിങ് ക്യൂബുകൾ ഉപയോഗിച്ചിട്ടില്ലെങ്കിൽ ഇത് നിങ്ങളെ അത്ഭുതപ്പെടുത്തും. ഇത് നിങ്ങളുടെ പാക്കിംഗ് ക്രമീകരിക്കുക മാത്രമല്ല അധികവായു പിഴിഞ്ഞെടുക്കുന്നതിലൂടെ കൂടുതൽ ഇടവും നൽകുന്നു.
മൾട്ടിപർപ്പസ് വസ്ത്രങ്ങൾ ഉപയോഗിക്കാം.
ഒറ്റ തവണ ഉപയോഗിക്കാവുന്ന വസ്ത്രങ്ങളെക്കാൾ എല്ലാം ഒക്കേഷനുകളിലും ഉപയോഗിക്കാവുന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ലഗേജ് കുറയ്ക്കാൻ സാധിക്കും. ഉദാഹരണമായി വർക്ക് ഔട്ടിനും പുറത്തു പോകുമ്പോഴും ഒരു ഫംഗ്ഷനും ഒക്കെ ഉപയോഗിക്കാവുന്ന ഒരു ലഗിൻ കരുതാം.
ചെറിയ ടോയ്ലറ്ററികൾ വാങ്ങുക
യാത്രകൾക്ക് ഒരുങ്ങുമ്പോൾ നിങ്ങളുടെ വീട്ടിലുള്ള വലിയ ഷാംപൂ ബോട്ടിലും സോപ്പും ഒക്കെ പാക്ക് ചെയ്യുന്നതിന് പകരം ഷാംപൂ സഷേകൾ മോയ്സ്ചറൈസർ സ്റ്റിക്കുകൾ, മിനി ബാത് സോപ്പുകൾ എന്നിവ പോലുള്ളവ തിരഞ്ഞെടുക്കാം. ഇത് ഭാരം കുറയ്ക്കുന്നതിനും സ്ഥല പരിമിതി ഒഴിവാക്കുന്നതിനും സഹായിക്കും.
ചുരുട്ടാം മടക്കണ്ട
വസ്ത്രങ്ങൾ ചുരുട്ടി പാക്ക് ചെയ്യുന്നത് കൂടുതൽ സ്ഥലം ലഭിക്കാനും വൃത്തിയോടെ ഇരിക്കാനും സഹായിക്കുന്നു.
ഇതുകൂടാതെ എയർപോർട്ടിൽ എത്തുന്നതിനു മുൻപ് തന്നെ നിങ്ങളുടെ ബാഗുകൾ തൂക്കി നോക്കുന്നതും സ്മാർട്ട് ആക്സസറീസുകൾ അറേഞ്ച് ചെയ്യുന്നതും എല്ലാം യാത്രയിൽ പ്രധാനമാണ്.



