Connect with us

അതിഥി വായന

നിലാവെളിച്ചം

പുസ്തകത്തിന്റെ ഏടുകളിൽ എന്നെ അത്ഭുതപ്പെടുത്തിയ രണ്ട് കാര്യങ്ങളാണ്. പ്രകൃതി സ്നേഹവും സ്ത്രീപക്ഷ ബഹുമാനവും. മരുഭൂമിയിലെ മനുഷ്യർക്കും ജന്തുക്കൾക്കും ഭക്ഷണവും തണലുമേകുന്ന ഈന്തപ്പന അവിടുത്തെ ആവാസവ്യവസ്ഥയുടെ പ്രധാന ഘടകമാണെന്ന അറിവ് പ്രവാചകൻ പകർന്നു നൽകുന്നത് കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോൾ അത്ഭുതത്തിന് വഴിയൊരുക്കുന്നു. മറ്റൊന്ന് , മാതാവിന്റെ കാൽക്കീഴിലാണ് സ്വർഗം എന്ന് പറയുന്നത് മാത്രമല്ല കച്ചവടം കഴിഞ്ഞ് അസമയത്ത് വീട്ടിലെത്തുന്ന പുരുഷൻ, പകൽ മുഴുവൻ ജോലി ചെയ്തു തളർന്നുറങ്ങുന്ന സ്ത്രീകളെ വിളിച്ചുണർത്തി പ്രയാസപ്പെടുത്തരുതെന്നു പറയുന്നു. ഇക്കാലത്തും എത്രയോ സ്ത്രീകൾ അനുഭവിക്കുന്ന മറികടക്കാൻ ആഗ്രഹിക്കുന്ന പ്രശ്നങ്ങളെ വരച്ചിടുന്ന ആശയങ്ങൾ.

Published

|

Last Updated

ർഗധനനായ ഒരു വ്യക്തിയിലൂടെയുള്ള സന്നിവേശം തന്റെ സർഗാത്മക സൃഷ്ടിക്ക് പശ്ചാത്തലം ഒരുക്കുക എന്ന തന്തുവിലൂടെയാണ് എഴുത്തുകാരൻ പി സുരേന്ദ്രൻ “നിലാവിന്റെ വിരലുകൾ’ എന്ന പുസ്തകം വായനക്കാർക്കായി ഒരുക്കിയത്. യഥാർഥ മതത്തിന്റെ സാരാംശം അപരന് നൽകുന്ന നന്മയും സ്വയം ശുദ്ധീകരിക്കപ്പെടുകയും ആണെന്നുള്ളത് നിലാവിന്റെ വിരലുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ചരിത്രാന്വേഷണങ്ങൾക്ക് ശേഷം വളരെ വൈകാരികമായ ഒരു കഥാതന്തുവിനെ ഉൾവെളിച്ചം തെളിയിക്കുന്ന രീതിയിൽ അച്ചടിമഷിയിലേക്ക് മാറ്റുകയായിരുന്നു.

തന്റെ അസാധാരണമായ അധ്വാനശേഷിയും സത്യസന്ധതയും ബുദ്ധിസാമർഥ്യവും ഖുറൈശികൾക്ക് മുന്പിൽ അംഗീകരിക്കപ്പെടാതെ പോയത് കരി നിറമാർന്ന ഒരടിമയായതുകൊണ്ടുമാത്രമാണെന്ന് ബിലാൽ മനസ്സിലാക്കുന്നു. ഗോത്രവും നിറവും ഒക്കെ തിരിച്ചറിയാനുള്ള അടയാളങ്ങൾ മാത്രമാണെന്ന് അന്ന് മാത്രമല്ല ഇന്നും പറയേണ്ടിവരുന്ന ഒരു അവസ്ഥയില്ലേ.! സ്നേഹവും പരിഗണനയും അർഹിക്കുന്നവർക്ക് അത് നൽകാതിരിക്കാനുള്ള ഉപാധിയായിരുന്നു അന്നും ഇന്നും ഗോത്രവും നിറവും.

ഏകനായ ദൈവത്തിന്റെ അപാരമായ സ്നേഹത്തിൽ യാതൊരു തരംതിരിവുകളും ഇല്ലല്ലോ ? അതുകൊണ്ടല്ലേ പ്രവാചകൻ ബിലാലിന് തന്റെ പൊൻ നിറമാർന്ന നെഞ്ചിൽ തലചായ്ക്കാൻ ഇടം നൽകിയത്. വൃദ്ധരോട്, സ്ത്രീകളോട്, കുഞ്ഞുങ്ങളോട് , തീർഥാടകരോട് – എല്ലാം തന്റെ അനുകമ്പയും സ്നേഹവും ചൊരിഞ്ഞ മാതൃക അല്ലെങ്കിൽ ആ മഹാ സത്യം ബിലാൽ കൃത്യമായി തിരിച്ചറിയുന്നുണ്ട്.

പ്രവാചക സന്നിധിയിൽ ” നീ ‘ എന്നൊന്നില്ല പിന്നെയോ നമ്മൾ മാത്രം; തത്വമസിയുടെ പ്രതിരൂപം.
ദൈവത്തിന്റെ ഏകത്വമാണ് ശരിയെന്ന് ബോധ്യപ്പെട്ട ബിലാലിന് , ആ ഏകതാനതയിലൂടെ സഞ്ചരിച്ച ബിലാലിന് ലഭിച്ച ശിക്ഷയും താൻ വിശ്വസിക്കുന്ന ഏകദൈവത്തെ പ്രതി , നന്മയെ പ്രതി – പ്രതികാര ചിന്തകൾ ഏതുമില്ലാതെ ഏറ്റുവാങ്ങുന്നുണ്ട്.
അങ്ങനെ വേദനിച്ച ബിലാലിന്റെ മനസ്സിൽ തെളിഞ്ഞ റസൂലിന്റെ മുഖമാകുന്ന കണ്ണാടിയിലൂടെ തന്നെ മാത്രമല്ല ഭൂമിയിലെ സർവ ചരാചരങ്ങളെയും അവർ സാന്ത്വനിപ്പിക്കുന്നുണ്ട് എന്ന് തിരിച്ചറിയുന്നു.

ശാരീരിക അവശതകൾക്കുള്ള മരുന്ന് റസൂലിന്റെ പക്കൽ നിന്ന് ലഭിച്ച മാനസിക സാന്ത്വനം കൂടിയാണെന്ന വസ്തുതകൾ വൈദ്യശാസ്ത്രപരമായി പോലും സമകാലിക പ്രാധാന്യമർഹിക്കുന്നതാണ്. അതിന് ജാതി – മത – കാല-ദേശഭേദങ്ങൾ പ്രശ്നമല്ല.
ദൈവത്തിന്റെ പേരിൽ കലഹിക്കുന്നതിനേക്കാൾ നല്ലത് രൂപരഹിതനായ അവന്റെ ഏകത്വത്തിലേക്ക്, പ്രപഞ്ചമെന്ന മഹാ സത്യത്തിന്റെ പൊരുളിലേക്ക് നടന്നെത്തുകയാണെന്ന് എഴുത്തുകാരൻ ബിലാലിനെ കൊണ്ട് ഈ കാലഘട്ടത്തിനു വേണ്ടി പറയിക്കുന്നതാണോ ?

അനാഥത്വം എന്നത് ഉറ്റവരെ നഷ്ടപ്പെടുന്നത് മാത്രമല്ല; ഭക്ഷണം, വസ്ത്രം, അറിവ് , നേതൃത്വം- എല്ലാ നഷ്ടങ്ങളും അനാഥത്വത്തെ അടയാളപ്പെടുത്തുന്നു എന്നതൊരു വലിയ തിരിച്ചറിവാണ്. കാരണം അനാഥരെ സനാഥരാക്കേണ്ടത് ഒരു യഥാർഥ ദൈവവിശ്വാസിയുടെ ഉത്തരവാദിത്വമാണ്.
തന്റെ വിരൽ സ്പർശം കൊണ്ടുപോലും ബിലാലിന്റെ മുറിവുകൾ വേദനിക്കരുത് എന്ന പ്രവാചകന്റെ ചിന്താഗതിയുടെ ഔന്നത്യം ബിലാലിന്റെ മനസ്സിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അടിമയായതുകൊണ്ട് മാത്രം തനിക്ക് നിഷേധിച്ച ലോകം പ്രവാചകൻ തുറന്നു കൊടുക്കുന്നുണ്ട്. അതോടൊപ്പം ബിലാലിനെ എഴുത്തും വായനയും പഠിപ്പിക്കുന്നു. കറുത്ത മഷിയിൽ എഴുതിയ ബിലാലിന്റെ അക്ഷരങ്ങളിൽ വിജ്ഞാനത്തിന്റെ വെളുപ്പ് തെളിഞ്ഞു നിൽക്കുന്നു.

പുസ്തകത്തിന്റെ ഏടുകളിൽ എന്നെ അത്ഭുതപ്പെടുത്തിയ രണ്ട് കാര്യങ്ങളാണ്. പ്രകൃതി സ്നേഹവും സ്ത്രീപക്ഷ ബഹുമാനവും. മരുഭൂമിയിലെ മനുഷ്യർക്കും ജന്തുക്കൾക്കും ഭക്ഷണവും തണലുമേകുന്ന ഈന്തപ്പന അവിടുത്തെ ആവാസവ്യവസ്ഥയുടെ പ്രധാന ഘടകമാണെന്ന അറിവ് പ്രവാചകൻ പകർന്നു നൽകുന്നത് കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോൾ അത്ഭുതത്തിന് വഴിയൊരുക്കുന്നു. മറ്റൊന്ന് , മാതാവിന്റെ കാൽക്കീഴിലാണ് സ്വർഗം എന്ന് പറയുന്നത് മാത്രമല്ല കച്ചവടം കഴിഞ്ഞ് അസമയത്ത് വീട്ടിലെത്തുന്ന പുരുഷൻ, പകൽ മുഴുവൻ ജോലി ചെയ്തു തളർന്നുറങ്ങുന്ന സ്ത്രീകളെ വിളിച്ചുണർത്തി പ്രയാസപ്പെടുത്തരുതെന്നു പറയുന്നു. ഇക്കാലത്തും എത്രയോ സ്ത്രീകൾ അനുഭവിക്കുന്ന മറികടക്കാൻ ആഗ്രഹിക്കുന്ന പ്രശ്നങ്ങളെ വരച്ചിടുന്ന ആശയങ്ങൾ.

87-ാം പേജിൽ പറയുന്ന മറ്റു വിശ്വാസികളുടെ രീതികളെ നിന്ദിക്കാതെ തന്റേതായ ഇടങ്ങൾ കണ്ടെത്തി പകർന്നു നൽകുന്നത് – ഇതുതന്നെയല്ലേ നാനാത്വത്തിലെ ഏകത്വം.
ബിലാൽ എന്ന കറുത്ത അടിമയെയാണ് ആദ്യമായി ബാങ്ക് കൊടുക്കുന്നതിനു പ്രവാചകന്‍ തിരഞ്ഞെടുക്കുന്നത്. അതൊരുപക്ഷേ അവന്റെ മനോഹരമായ ഗാന വീചികൾക്ക് നൽകിയ അംഗീകാരം ആയിരിക്കാം. ബിലാലിന് ഇതിലും വലിയ വിമോചന സമ്മാനം ലഭിക്കാനുണ്ടോ !
വരണ്ട നിലത്ത് വീണ ഏതു വിത്തും ഒരിക്കൽ മുളയ്ക്കുമെന്ന പ്രപഞ്ചസത്യം എഴുത്തുകാരൻ ഈ ആശയത്തിന്റെ മറ പറ്റി രേഖപ്പെടുത്തിയിട്ടുണ്ട്.

സ്വന്തം ജന്മ ദേശത്തു നിന്ന് പലായനം ചെയ്യേണ്ടി വരുന്നത് ആരെയും വേദനിപ്പിക്കുമെങ്കിലും അത് വീട്, നാട് മുതൽ അന്യദേശം വരെ നന്മ പകരാൻ ആണെങ്കിൽ അതിൽ നഷ്ടബോധം തോന്നേണ്ട ആവശ്യമില്ലെന്ന സത്യം വായനക്കാരനും ഗുണപാഠമാണ്.
പ്രവാചകന്റെ വിരഹത്തിലും കടുത്ത മാനസിക വേദനയെ മറികടന്ന്, മനോഹരമായ ശബ്ദത്തിലൂടെ ബാങ്ക് വിളിക്കാൻ കഴിഞ്ഞത് പ്രവാചകൻ എന്ന രക്ഷകൻ, ഗുരുനാഥൻ, വിമോചകൻ പകർന്നു നൽകിയ വെളിച്ചമാണ്.

പുസ്തക വായനക്ക് ശേഷം ബിലാൽ എന്ന കഥാപാത്രത്തെ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറുമായും – അദ്ദേഹത്തിന് വാഷിംഗ്ടൺ ഡി സിയിലെ പ്രസംഗവുമായി കോർത്തിണക്കി എന്റെ മനസ്സിലൊരു താരതമ്യ പഠനം നടന്നു. മാറ്റിനിർത്തപ്പെട്ടവർ എക്കാലത്തും വലിയ പോരാളികൾ ആയിരുന്നു, സഹനശേഷിയുള്ളവരായിരുന്നു. എന്നും അവർക്ക് വേണ്ടി ശബ്ദമുയർത്താൻ ആരെല്ലാമോ ഉണ്ടായിരുന്നു; അതൊരു പ്രകൃതി നീതിയായിരിക്കാം. അവരെല്ലാം തന്നെ മനുഷ്യസ്നേഹികളായിരുന്നു ദൈവവിശ്വാസികളായിരുന്നു.

“കൊണ്ടുപോകാൻ ഒന്നുമില്ല
കൊടുത്തു പോകാൻ ഏറെയുണ്ട്’
എന്ന് ബിലാലിനെ കൊണ്ട് പറയിച്ച പ്രവാചക ആശയങ്ങൾ വളരെ ലളിതമായ ഭാഷയിൽ കൃത്യമായ വരികളിലൂടെ നിലാവിന്റെ വിരലുകൾ കൊണ്ട് എഴുതിയിരിക്കുന്നു.
ശാസ്ത്ര സാഹിത്യ കുലപതിയായ എഴുത്തുകാരൻ സി രാധാകൃഷ്ണൻ പുസ്തകത്തെക്കുറിച്ചുള്ള പഠനക്കുറിപ്പിൽ ഒരു യഥാർഥ ദൈവവിശ്വാസിക്ക് മറ്റൊരാളുടെ വിശ്വാസത്തെ സ്നേഹാദരങ്ങളോടെ അല്ലാതെ കാണാനാകില്ലെന്ന പരമമായ സത്യം പുസ്തകം വെളിപ്പെടുത്തുന്നുണ്ടെന്നും അതുകൊണ്ടുതന്നെ ജാതിമതഭേദമെന്യേ പുതിയ തലമുറക്കിത് വായിക്കാൻ നൽകണമെന്നും പറയുന്നു.

തന്റെ അകന്താൾ കുറിപ്പിൽ പി സുരേന്ദ്രൻ ബിലാലിനെ പരിചയപ്പെട്ടതോർത്ത് അത്ഭുതപ്പെടുന്നുണ്ട് ഫാദർ പോൾ തേലക്കാട്ട്. അതിനു മറുപടിയായെന്നോണം എഴുത്തുകാരൻ തന്റെ ആമുഖക്കുറിപ്പിൽ പാർശ്വവത്കരിക്കപ്പെട്ടവരെ എക്കാലത്തും ചേർത്ത് നിർത്തണമെന്ന വലിയ സന്ദേശം സമകാലിക സമൂഹത്തിന് നൽകാനാണ് ബിലാലിന്റെ ചരിത്രത്തെ കണ്ടെത്തി ആവിഷ്കരിക്കാൻ തുനിഞ്ഞതെന്നും പറയുന്നു.

എല്ലാ ദൈവവിശ്വാസികൾക്കും എല്ലാ പ്രവാചകന്മാരും പകർന്നുകൊടുത്ത നന്മയുടെ നക്ഷത്രങ്ങളെ നിലാവിന്റെ വിരലുകൾ കൊണ്ട് നമുക്ക് സ്പർശിക്കാം. പ്രസാധകർ വോൾഗ ബുക്സ്. വില 224 രൂപ.

Content Highlights:
P Surendran’s book Nilavinte Viralukal explores the life of Bilal and the transformative message of Prophet Muhammad. The work highlights themes of anti-racism, empathy, environmental consciousness, and women’s rights. Published by Volga Books, it offers a profound message of human unity.

 

---- facebook comment plugin here -----

Latest