Aksharam Education
കാവ്യഭംഗി
കവിതയിലും പദ്യത്തിലും ഉൾച്ചേർന്നിട്ടുള്ള ആസ്വാദനാംശങ്ങളിൽ പ്രധാനമായ ഒന്ന് കാവ്യഭംഗിയാണ്. കവിതയുടെ സൗന്ദര്യവും ആകർഷകത്വവും തന്നെയാണിത്. ഒരു കവിത അതിന്റെ ആശയ ഭംഗിയുടെ പൂർണതയിലെത്തണമെങ്കിൽ പദങ്ങളുടെയും പ്രയോഗങ്ങളുടെയും വർണനകളുടെയും വിവിധങ്ങളായ തലങ്ങൾക്ക് കവി നല്ല ശ്രദ്ധ നൽകിയ പറ്റൂ.
കവിതയിലും പദ്യത്തിലും ഉൾച്ചേർന്നിട്ടുള്ള ആസ്വാദനാംശങ്ങളിൽ പ്രധാനമായ ഒന്ന് കാവ്യഭംഗിയാണ്. കവിതയുടെ സൗന്ദര്യവും ആകർഷകത്വവും തന്നെയാണിത്. ഒരു കവിത അതിന്റെ ആശയഭംഗിയുടെ പൂർണതയിലെത്തണമെങ്കിൽ പദങ്ങളുടെയും പ്രയോഗങ്ങളുടെയും വർണനകളുടെയും വിവിധങ്ങളായ തലങ്ങൾക്ക് കവി നല്ല ശ്രദ്ധ നൽകിയേ പറ്റൂ.
താഴെപ്പറയുന്ന ഘടകങ്ങൾ പ്രധാനമാണ്
ശബ്ദഭംഗി
ആദ്യാക്ഷരപ്രാസം, ദ്വിതീയാക്ഷരപ്രാസം, അന്ത്യാക്ഷരപ്രാസം എന്നിങ്ങനെയുള്ള ഘടകങ്ങളും വൃത്തവും അലങ്കാരങ്ങളും വെച്ചായിരുന്നു ആധുനിക കവിത്രയങ്ങൾ (കുമാരനാശാൻ, ഉള്ളൂർ, വള്ളത്തോൾ,) പദ്യത്തിലും കവിതയിലും ആസ്വാദ്യത സൃഷ്ടിച്ചത്. എന്നാൽ, ഇന്നത്തെ പുതുതലമുറ കവികൾ മേൽപ്പറഞ്ഞവക്കപ്പുറം ഗദ്യരൂപത്തിലും കവിത സൃഷ്ടിക്കുന്നവരാണല്ലോ. അങ്ങനെ വരുമ്പോൾ കവിതയിലെ ശബ്ദ ഭംഗി എന്നത് വേറെ പല മാനങ്ങളിലേക്ക് മാറിയിട്ടുണ്ട്. പ്രധാനമായും ചൊല്ലി അവതരിപ്പിക്കുന്നതിന് ഊന്നൽ നൽകി വരുന്നത് ശബ്ദഭംഗി എന്ന ഘടകത്തെ ആശ്രയിച്ചാണ്.
അർഥഭംഗി
ഉപയോഗിച്ചിട്ടുള്ള പദങ്ങളുടെ അർഥങ്ങൾ പദ്യത്തിലും കവിതയിലും പ്രധാനമാണ്. മുൻകാലങ്ങളിലെ കവിതാപഠന സമയത്ത് വാക്കർഥങ്ങൾ പ്രത്യേകം എഴുതിവെച്ച്, പഠിച്ച് കവിതാ വിശകലനം നടത്തി, അർഥതലത്തിലേക്ക് എത്തിച്ചേരണമായിരുന്നു.പുതു കവിതകളിലാകട്ടെ പലപ്പോഴും ഒറ്റ വായനയിൽ തന്നെ അർഥഭംഗി കണ്ടെത്തുക സാധ്യമാണ്.
അലങ്കാരങ്ങൾ/വൃത്തങ്ങൾ
പ്രാചീന കവിത്രയങ്ങൾ (ചെറുശ്ശേരി, എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ ) ഉൾപ്പെടുന്ന കവി തലമുറയും ആധുനിക കവിത്രയങ്ങളുൾപ്പെടുന്ന തലമുറയും വൃത്താലങ്കാരങ്ങൾ നൽകി കവിത രചിച്ചവരാണ്. വസന്തതിലകം, കേക, മന്താക്രാന്ത വൃത്തങ്ങളും ഉപമ, രൂപകം, ഉൽപ്രേക്ഷ പോലുള്ള അലങ്കാരങ്ങളും ഉപയോഗിക്കുമ്പോൾ കവിതക്ക് ലഭിക്കുന്ന മിഴിവ് പ്രധാനമായിരുന്നു. ഇന്നത്തെ കവിതകളിൽ വാക്കുകൾ കൊണ്ട് ആശയത്തിനും ആസ്വാദനാംശങ്ങൾക്കും ഊന്നൽ നൽകുന്നതാണ് പ്രധാനം.
രസം
കവിതാസ്വാദകനിലുണ്ടാക്കുന്ന വികാരമാണ് രസം.
സന്തോഷം, ദുഃഖം, ഭക്തി എന്നിവയാണ് കവിതയിലെ രസങ്ങൾ. നാട്യരൂപങ്ങളിൽ നവരസങ്ങൾക്ക് ഊന്നൽ നൽകുമ്പോൾ കവിതയിലൂടെ ആസ്വാദകന് ലഭിക്കുന്ന രസം ഇവ മൂന്നുമാണ്.
“അപാരേ കാവ്യസംസാരേ കവി രേപ:പ്രജാപതി: ‘ എന്ന കാവ്യസംബന്ധമായ നിർവചന പ്രകാരം അനന്തമായ കാവ്യലോകത്തിൽ കവി മാത്രമാണ് സ്രഷ്ടാവ്. അതായത്, തനിക്ക് ഇഷ്ടമുള്ളത് പോലെ കവി തന്റെ വാക്കുകളിലൂടെ ആശയങ്ങൾ സൃഷ്ടിച്ച്, ഈ ലോകത്തെ മാറ്റിമറിക്കുന്നു, അല്ലെങ്കിൽ പുതുക്കിക്കൊണ്ടിരിക്കുന്നു എന്ന് സാരം.
കാവ്യഭംഗി എങ്ങനെ എഴുതി തയ്യാറാക്കാം
യു പി തലം മുതൽ മലയാളം ഐച്ഛിക വിഷയമായി പഠിക്കുന്ന ഉപരിപഠന ഘട്ടങ്ങളിലെല്ലാം പരീക്ഷക്ക് പ്രധാനപ്പെട്ട ഒരു ചോദ്യം തന്നെയായി കാവ്യഭംഗി വരാറുണ്ട്. മേൽപ്പറഞ്ഞ ഘടകങ്ങൾക്കപ്പുറം ചില ഘടകങ്ങൾ കൂടി പരിഗണിച്ചാണ് ഉത്തരം തയ്യാറാക്കേണ്ടത്.
കവിതയുടെ ആശയം, ഭാഷാഭംഗി, അലങ്കാരങ്ങൾ, സംഗീതാത്മകം, ആസ്വാദനം എല്ലാം പരിഗണിക്കുമ്പോൾ മികച്ച രീതിയിൽ കാവ്യഭംഗി കണ്ടെത്തി എഴുതാൻ കഴിയും.
പ്രധാന ഘട്ടങ്ങൾ
ആമുഖം
- കൂടുതൽ മാർക്കുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതുമ്പോൾ പരിഗണിക്കേണ്ട ഒന്ന് കൂടിയാണ് ആമുഖം.
- കവി, കവിത, കവിതാ സമാഹാരം ഇവ മൂന്നിന്റെയും പേര് ആമുഖത്തിൽ പരാമർശിക്കണം.
- ഉദാഹരണത്തിന്: മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ “അദ്ധ്യാത്മരാമായണം കിളിപ്പാട്ടി’ലെ ഒരു അധ്യായമാണ് “കഥകളതിമോഹനം’ എന്ന പാഠഭാഗം…. ഇങ്ങനെ എഴുതി വരികളുടെ ആശയത്തിലേക്ക് അടുത്ത പാരഗ്രാഫുകളിലൂടെ കടക്കാം.
ആശയം
കവിതയുടെ ആശയത്തിനും അർഥതലങ്ങൾക്കും ഊന്നൽ നൽകി എഴുതണം. കവിതയുടെ എല്ലാ അർഥത്തിലുമുള്ള ആശയതലത്തെ ഈ ഘട്ടത്തിൽ ക്രമപ്പെടുത്തി എഴുതണം. മാതൃഭാഷയുടെ ശക്തി, മലയാളത്തിന്റെ സവിശേഷതകൾ, മാതൃഭാഷയുടെ സാധ്യതകൾ, എന്നിവ കൂടി പരിഗണിച്ച് എഴുതുക.
ഭാഷാഭംഗി, ശബ്ദഭംഗി
കവിയുടെ കവിതാ രചനാ പാടവം ഇവിടെ തുറന്നുകാട്ടണം. വാക്കുകളുടെ തിരഞ്ഞെടുപ്പ്, അക്ഷരങ്ങളുടെ ആവർത്തനം, പ്രയോഗങ്ങൾ തുടങ്ങിയവയിലൂടെ ലഭിക്കുന്ന ശബ്ദ-താള ആസ്വാദനാംശങ്ങളെ പ്രത്യേകം പരാമർശിക്കണം.
അലങ്കാരങ്ങൾ/ബിംബങ്ങൾ
വൃത്തം, അലങ്കാരം, ബിംബകൽപ്പനകൾ, പ്രതീകങ്ങൾ എന്നിവ കവിതയിൽ കണ്ടെത്താനാകും. അവയെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കേണ്ടത്. എന്തുകൊണ്ട് കവിത ആകർഷകമായി തീർന്നു, കവിതയിലെ നിരീക്ഷണങ്ങൾ എന്തൊക്കെ, കാവ്യഭാഷയുടെ പ്രതീകമായി മാറിയത് എന്ത്, കവിത ജീവിതഗന്ധിയായി തീർന്നോ, സമകാലിക പ്രസക്തിയുള്ളതാണോ തുടങ്ങിയ ഘടകങ്ങളെ പരിഗണിച്ചും കവിതയിലൂടെ കടന്നുപോയപ്പോൾ കിട്ടിയ ആശയങ്ങളെക്കുറിച്ചും ഉദാഹരിക്കുക.
ഏതെങ്കിലും ഒന്നോ രണ്ടോ വരികൾ പ്രത്യേകമായി എഴുതിച്ചേർത്തും മേൽഘടകങ്ങളെ കുറിച്ച് എഴുതുന്നത് ഉത്തരം ആകർഷകമാക്കും.
കവി അനശ്വരനും കവിത കാലാതീതവും ആയിത്തീരുന്നതിൽ കാവ്യഭംഗിക്കും സ്ഥാനമുണ്ടെന്ന് പറയാം. ഉത്തരാധുനിക ജീവിത സാഹചര്യങ്ങളും നവ സാങ്കേതികവിദ്യയും മറ്റും രൂപപ്പെടുത്തിയ വർത്തമാനകാല ലോക മനുഷ്യജീവിതത്തെ സ്വാധീനിക്കാൻ കവിതക്ക് കഴിയുന്നു എന്നതാണ് ആശ്വാസകരം. ജീവിതത്തെ ആഘോഷപരവും ഉത്സവഛായാപരവും ആക്കിത്തീർക്കാൻ ഇക്കാലത്ത് കവിതക്ക് കഴിയുന്നുണ്ട് എന്നതാണ് യഥാർഥ കാവ്യഭംഗിയെന്ന് പറയേണ്ടിവരും.




