Connect with us

Eranakulam

നിക്ഷേപിച്ച തുകയുടെ മൂന്നിരട്ടി വാഗ്ദാനം; ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

യു കെ ആസ്ഥാനമായ ഡീല്‍ എഫ് എക്‌സ് കമ്പനിയുടെ ഇന്ത്യയിലെ ഫസ്റ്റ് പ്രമോട്ടര്‍ കം ചെയര്‍മാന്‍ ആണെന്ന് പരിചയപ്പെടുത്തിയാണ് പണം നിക്ഷേപമായി സ്വീകരിച്ചത്.

Published

|

Last Updated

കൊച്ചി | ക്രിപ്‌റ്റോ കറന്‍സിയില്‍ പണം നിക്ഷേപിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ നിക്ഷേപിച്ച തുകയുടെ മൂന്നിരട്ടി തുക തിരികെ കിട്ടും എന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. മൂവാറ്റുപുഴ തിരുമാറാടിയില്‍ നിന്നും ഇപ്പോള്‍ മുടവൂരില്‍ താമസിക്കുന്ന ഇടപ്പറമ്പില്‍ വീട്ടില്‍ വിനോദി(53)നെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്.

അല്ലപ്ര, ഇരിങ്ങോള്‍ സ്വദേശികള്‍ ലക്ഷക്കണക്കിന് രൂപ ഇയാളുടെ ബേങ്ക് അക്കൗണ്ടിലേക്ക് നല്‍കുകയും പിന്നീട് തുക തിരികെ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. യു കെ ആസ്ഥാനമായ ഡീല്‍ എഫ് എക്‌സ് കമ്പനിയുടെ ഇന്ത്യയിലെ ഫസ്റ്റ് പ്രമോട്ടര്‍ കം ചെയര്‍മാന്‍ ആണെന്ന് പരിചയപ്പെടുത്തിയാണ് പണം നിക്ഷേപമായി സ്വീകരിച്ചത്. വിവിധ സ്ഥലങ്ങളില്‍ ബിസിനസ് മീറ്റ് നടത്തി നിരവധി പേരില്‍ നിന്നും പണം വാങ്ങിയതായി ഇയാള്‍ പോലീസിനോട് പറഞ്ഞു.

സമാന രീതിയില്‍ പാലാ, ഏറ്റുമാനൂര്‍, കോട്ടപ്പടി സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തില്‍ എ എസ് പി അനുജ് പലിവാല്‍ , ഇന്‍സ്‌പെക്ടര്‍ ആര്‍ രഞ്ജിത്, എസ് ഐമാരായ റിന്‍സ് എം താമസ്, ജോസി എം ജോണ്‍സന്‍, ഗ്രീഷ്മ ചന്ദ്രന്‍ എസ് സി പി ഒമാരായ ഐ നാദിര്‍ഷ, പി എ അബ്ദുൽ മനാഫ്, വി എം ജമാല്‍, ടി പി ശകുന്തള തുടങ്ങിയവരാണ് കേസ് അന്വേഷിക്കുന്നത്.