UAE
ഇന്ത്യക്കാര്‍ക്കുള്ള അബൂദബി സൗജന്യ വിസ പദ്ധതിക്ക് മികച്ച തുടക്കം
ദീപാവലി സീസണില്‍ വന്‍ ഡിമാന്‍ഡ്. അബൂദബിയില്‍ കുറഞ്ഞത് മൂന്ന് രാത്രിയെങ്കിലും താമസം ബുക്ക് ചെയ്യുന്ന ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്കാണ് സൗജന്യ യു എ ഇ എന്‍ട്രി വിസ ലഭിക്കുന്നത്.
അബൂദബി | ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി അബൂദബി പ്രഖ്യാപിച്ച സൗജന്യ എന്‍ട്രി വിസ പദ്ധതിക്ക് വലിയ പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഡിപാര്‍ട്ട്‌മെന്റ് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം (ഡി സി ടി അബൂദബി) വ്യക്തമാക്കി. അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് വേദിയില്‍ ഡി സി ടി അബൂദബി ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ അബ്ദുല്ല യൂസുഫാണ് ഇക്കാര്യം അറിയിച്ചത്. പ്രാരംഭഘട്ട ബുക്കിംഗുകളില്‍ മികച്ച മുന്നേറ്റമാണ് കാണുന്നതെന്നും വരുന്ന ദീപാവലി അവധിക്കാലത്തേക്ക് നിരവധി പേര്‍ യാത്രകള്‍ ക്രമീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ നേരിടുന്ന ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്കും രൂപയുടെ മൂല്യത്തകര്‍ച്ചയും യാത്രാ ചെലവ് വര്‍ധിപ്പിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അബൂദബി ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചത്. അബൂദബിയില്‍ കുറഞ്ഞത് മൂന്ന് രാത്രിയെങ്കിലും താമസം ബുക്ക് ചെയ്യുന്ന ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്കാണ് സൗജന്യ യു എ ഇ എന്‍ട്രി വിസ ലഭിക്കുന്നത്. ഒക്ടോബര്‍ 31 വരെ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന ഈ പദ്ധതി വഴി ആദ്യഘട്ടത്തില്‍ 20,000 വിസകളാണ് അനുവദിക്കുന്നത്.
ഇന്ത്യന്‍ യാത്രാ പങ്കാളികളുമായി നടത്തിയ ചര്‍ച്ചകളില്‍ നിന്നാണ് വിസ ഫീസ് ഒഴിവാക്കുന്നത് കുടുംബങ്ങളുടെ യാത്രാ തീരുമാനത്തെ കാര്യമായി സ്വാധീനിക്കുമെന്ന് വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുത്തതും പദ്ധതി നടപ്പാക്കിയതും. പരീക്ഷണ പദ്ധതി വിജയകരമായി പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ ട്രാവല്‍ ഏജന്‍സികളിലേക്കും പങ്കാളികളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അബൂദബിയുടെ ഏറ്റവും വലിയ വിദേശ വിനോദസഞ്ചാര വിപണിയായി ഇന്ത്യ തുടരുകയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണത്തില്‍ ചെറിയ കുറവുണ്ടായെങ്കിലും വിപണി അതിവേഗം തിരിച്ചുവരവിന്റെ പാതയിലാണ്. വരും മാസങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ ഇന്ത്യന്‍ സഞ്ചാരികള്‍ തലസ്ഥാനത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, സാധുവായ യു എസ്, യു കെ അല്ലെങ്കില്‍ യൂറോപ്യന്‍ വിസകളുള്ള നിരവധി ഇന്ത്യന്‍ പൗരന്മാര്‍ക്ക് യു എ ഇയില്‍ വിസ ഓണ്‍ അറൈവല്‍ സൗകര്യത്തിന് അര്‍ഹതയുണ്ടെന്ന കാര്യം പലര്‍ക്കും അറിയില്ലെന്നും ഇതുസംബന്ധിച്ച ബോധവത്കരണം കൂടുതല്‍ ശക്തമാക്കുമെന്നും അബ്ദുല്ല യൂസുഫ് കൂട്ടിച്ചേര്‍ത്തു.
Content Highlights:
Abu Dhabi’s free visa initiative for Indian travelers has received an overwhelming initial response. The scheme aims to significantly boost tourism and streamline entry procedures for transit and short-term visitors from India. Travel trade operators report a major surge in inquiries and bookings.



