Kerala
മൈസൂരിലെ മഠത്തിനെതിരെ ഗുരുതര ആരോപണവുമായി കന്യാസ്ത്രീ
ക്രൂരമായി മര്‍ദിച്ച്, മാനസിക രോഗിയെന്ന് മുദ്രകുത്തി പുറത്താക്കിയെന്ന് മലയാളി സിസ്റ്റര്‍ മേരി എല്‍സീന
മൈസൂര്‍ | മൈസൂരിലെ സെന്റ് റൊസെല്ല കോണ്‍വെന്റില്‍ താന്‍ ക്രൂര പീഡനത്തിന് ഇരയായെന്ന് ചൂണ്ടിക്കാട്ടി മലയാളി കന്യാസ്ത്രീ രംഗത്ത്. കോണ്‍വെന്റില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ പ്രതികരിച്ചതിനാണ് ആക്രമണത്തിന് ഇരയായതെന്ന് സിസ്റ്റര്‍ മേരി എല്‍സീന പറഞ്ഞു.
മാനസിക രോഗിയെന്ന് മുദ്രകുത്തി മാനസികരോഗ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മയങ്ങാന്‍ മരുന്ന് കുത്തിവെച്ചു. ഭക്ഷണം നല്‍കാതെ പട്ടിണിക്കിട്ടു. പുരുഷന്‍മാരും മര്‍ദിച്ചു ഇപ്പോള്‍ താന്‍ കോണ്‍വെന്റില്‍ നിന്ന് പുറത്താണ്. തിരുവസ്ത്രം നല്‍കുന്നില്ലെന്നും കോഴിക്കോട് സ്വദേശിനിയായ എല്‍സീന പറഞ്ഞു
കോണ്‍വെന്റിലുള്ള പല സിസ്റ്റര്‍മാരും മരിച്ചിട്ടുണ്ട്. അവരുടെയെല്ലാം റിപ്പോര്‍ട്ടില്‍ മാനസികരോഗി എന്ന് എവിടെയെങ്കിലും കോണ്‍വെന്റിലുള്ളവര്‍ എഴുതിചേര്‍ത്തിട്ടുണ്ടാകും. അത് വരുത്തിവെക്കുന്നതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇങ്ങനെയൊരു ലൈന്‍ വരുത്തികഴിഞ്ഞാല്‍ സമൂഹത്തിന് പിന്നീട് അവര്‍ എന്ത് പറഞ്ഞാലും അവരൊരു ഭ്രാന്തിയാണ്.
25 വര്‍ഷമായി ഞാന്‍ സഭയില്‍ വന്നിട്ട്. ഇതുവരെ കഷ്ടപ്പെട്ട് തന്നെയാണ് പ്രവര്‍ത്തിച്ചത്. ഇന്ന് അവരെനിക്ക് തിരുവസ്ത്രം തരുന്നില്ല. സഭയില്‍ തുടരാനും പറയുന്നില്ലെന്നും സിസ്റ്റര്‍ മേരി പറഞ്ഞു.
കോണ്‍വെന്റില്‍ നടക്കുന്ന അനീതികളെക്കുറിച്ചും അഴിമതികളെക്കുറിച്ചും കേസ് നല്‍കിയിരുന്നു. ഇതിലുണ്ടായ പകയാണ് തനിക്ക് നേരെയുള്ള ആക്രമങ്ങളെന്നും സിസ്റ്റര്‍ ആരോപിച്ചു. കേസ് പിന്‍വലിക്കണമെന്ന് അധികാരികള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിക്കാതിരുന്നതോടെയാണ് മര്‍ദതം തുടങ്ങിയതെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.







