Connect with us

Techno

ബാഹർവാലകളായി ഇനി റോബോട്ടുകൾ; ആദ്യഘട്ടത്തിൽ ദുബൈ സിലിക്കോൺ ഒയാസിസിൽ

മൂന്ന് കിലോമീറ്റർ ചുറ്റളവിൽ തലബോട്ടുകൾ സഞ്ചരിക്കും

Published

|

Last Updated

ദുബൈ | “ബാഹർവാല”കളായി ഇനി റോബോട്ടുകളും. റെസ്റ്റോറന്റിൽ നിന്ന് പരിസര വാസികൾക്ക് ഭക്ഷണം എത്തിക്കാൻ നിർമിത ബുദ്ധി യന്ത്രം എത്തുകയാണ്. ദുബൈ ആർ ടി എ ഇതിനു അനുമതി നൽകി. ആദ്യഘട്ടത്തിൽ സിലിക്കോൺ ഒയാസിസിൽ ഇത് പ്രവർത്തിക്കും. ഓട്ടോണമസ് ഫുഡ് ഡെലിവറി റോബോട്ടുകളുടെ പൈലറ്റ് ലോഞ്ച് ആണിതെന്നു തലാബത്ത് യു എ ഇ  മാനേജിംഗ് ഡയറക്ടർ തത്യാന റഹൽ  അറിയിച്ചു.
ദുബൈ  ഇന്റഗ്രേറ്റഡ് ഇക്കണോമിക് സോൺസ് അതോറിറ്റി (DIEZ), തലാബത്ത് യു എ ഇ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ‘തല ബോട്ടുകൾ’ എന്ന് വിളിക്കപ്പെടുന്ന റോബോട്ടുകൾ.   ഈ റോബോട്ടുകൾ അടുത്തുള്ള റെസ്റ്റോറന്റ് പങ്കാളികളിൽ നിന്ന് സെഡ്രെ വില്ലകളിലെ  താമസസ്ഥലത്തേക്ക് ഓർഡറുകൾ എത്തിക്കും. ഉപഭോക്താക്കളെ അവരുടെ വീട്ടുവാതിൽക്കൽ കാണും. തലാബത്തിന്റെ ആപ്പ്   ഉപയോഗിച്ച്  ഉപഭോക്താക്കൾക്ക് റോബോട്ടിന്റെ യാത്ര ട്രാക്ക് ചെയ്യാനും സാധിക്കും. അവരുടെ ഓർഡർ  എത്തുമ്പോൾ ആപ്പ് വഴി അറിയാൻ  കഴിയും.  എത്തിക്കഴിഞ്ഞാൽ ആപ്പിൽ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പിന്തുടർന്ന് ഉപഭോക്താവിന് സുരക്ഷിതമായ കമ്പാർട്ട്മെന്റ് തുറന്നു ഭക്ഷണം എടുക്കാം.
എക്സ്പോ 2020യിലാണ് ഇത്തരം  റോബോട്ടുകളെ ആദ്യമായി അവതരിപ്പിച്ചത്. “ഓൺലൈൻ ഫുഡ് ഡെലിവറി, സ്മാർട്ട് മൊബിലിറ്റി എന്നിവക്കു    ഒരു വലിയ കുതിച്ചുചാട്ടം” എന്നാണ്ഇതിനെ  വിശേഷിപ്പിച്ചത്.“ഡി എസ് ഒയിലെ താമസക്കാർക്ക് സുസ്ഥിരവും തടസ്സമില്ലാത്തതുമായ ഡെലിവറി  വാഗ്ദാനം ചെയ്യുന്നതിനായി ഞങ്ങളുടെ തലബോട്ടുകളുടെ കൂട്ടം ഒരുങ്ങിയിരിക്കുകയാണ്. ഇതിൽ  ഞങ്ങൾക്ക് ആവേശവും അഭിമാനവുമുണ്ട്. ഞങ്ങളുടെ അസാധാരണ പങ്കാളികളുമായും അവരുടെ മേഖലകളിലെ വിദഗ്ധരുമായും ഞങ്ങൾ ഈ വിജയം പങ്കിടുന്നു. ഈ പരീക്ഷണത്തിന്റെ വിജയത്തിനായി ടീം ഉറ്റുനോക്കുകയാണെന്ന് ഡി എസ് ഒ ഡയറക്ടർ ജനറൽ ഡോ. ജുമാ അൽ മത്റൂഷി പറഞ്ഞു.
പ്രാദേശിക പങ്കാളികളുമായി സഹകരിച്ച് ഇക്കാര്യത്തിൽ  സ്വകാര്യമേഖലയുമായുള്ള പങ്കാളിത്തം വിപുലീകരിക്കാൻ ആർ ടി എയ്ക്ക് താൽപ്പര്യമുണ്ടെന്ന് പൊതുഗതാഗത ഏജൻസി ആർ ടി എ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അഹമ്മദ് ബഹ്‌റൂസിയാൻ പറഞ്ഞു.
സെഡ്രെ വില്ലാസ് നിവാസികൾക്ക് സേവനം നൽകുന്നതിനായി മൂന്ന് തലബോട്ടുകൾ അവതരിപ്പിക്കും. സെഡ്രെ ഷോപ്പിംഗ് സെന്റർ ലോഞ്ച് പോയിന്റിൽ നിന്ന് 3 കിലോമീറ്റർ ചുറ്റളവിൽ തലബോട്ടുകൾ സഞ്ചരിക്കും. 15 മിനിറ്റിൽ  ഡെലിവറി ഉറപ്പാക്കും.  സമൂഹത്തിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള ഉപാധികൂടിയാണിത്. റോബോട്ടുകളിൽ വിവിധ ഇൻ- ബിൽറ്റ് സെൻസറുകളും നൂതന അൽഗരിതങ്ങളും ഘടിപ്പിച്ചിരിക്കുന്നു. അവക്കു  ബുദ്ധിപരമായി ചുറ്റുപാടുകൾ അളക്കാനും അവരുടെ പാതയിലെ തടസ്സങ്ങൾ കണ്ടെത്താനും കഴിയും. കുട്ടികളിൽ നിന്നും വളർത്തുമൃഗങ്ങളിൽ നിന്നും  സുരക്ഷിതമായ അകലം പാലിക്കുമെന്നും നിർമാതാക്കൾ പറഞ്ഞു.

Latest