International
നേപ്പാളിലെ മിന്നല്‍ പ്രളയം: കാണാതായത് 3,000ത്തിലധികം പേരെ; മരണം 700 കവിഞ്ഞു
നേപ്പാളില്‍ നിന്നുള്ള കണക്കുകളും ടിബറ്റിന്റെ ചുമതലയുള്ള ചൈനീസ് അധികൃതരുടെ കണക്കുകളും പ്രകാരം ആകെ 3,048 പേരെ കാണാതായിട്ടുണ്ട്, അതേസമയം 768 മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്
കാഠ്മണ്ഡു | നേപ്പാളിനും ടിബറ്റിനും ഇടയിലുള്ള അതിര്‍ത്തി പ്രദേശത്തുണ്ടായ മിന്നല്‍ പ്രളയത്തില്‍ കാണാതായവരുടെ എണ്ണം ഞായറാഴ്ച 3,000 കവിഞ്ഞു. അതേ സമയം രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ ഉള്ളവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്.
നേപ്പാളില്‍ നിന്നുള്ള കണക്കുകളും ടിബറ്റിന്റെ ചുമതലയുള്ള ചൈനീസ് അധികൃതരുടെ കണക്കുകളും പ്രകാരം ആകെ 3,048 പേരെ കാണാതായിട്ടുണ്ട്, അതേസമയം 768 മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.നേപ്പാളില്‍ 592 വിദേശികളടക്കം 2,502 പേരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച പുറത്തുവിട്ട പുതുക്കിയ കണക്കനുസരിച്ച് നേപ്പാളിലെ മരണസംഖ്യ 752 ആയി.
ടിബറ്റ് ചൈനയുടെ സ്വയംഭരണ മേഖലയായതിനാല്‍ വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവിടേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടായിരുന്നു. അതിനാല്‍ നിരവധി ഗ്രാമങ്ങളുള്ള ഈ പ്രദേശത്തെ ദുരന്തത്തിന്റെ യഥാര്‍ത്ഥ വ്യാപ്തി എന്തെന്ന് പുറത്തുവന്നിട്ടില്ല.ചൈനയുടെ ഔദ്യോഗിക ടെലിവിഷന്‍ ചാനലായ സിസിടിവി ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 546 പേരെ കാണാതായെന്നും 16 പേര്‍ മരിച്ചതായുമാണ്.കാണാതായവരില്‍ 261 പേര്‍ വിദേശ പൗരന്മാരാണെന്നും റിപ്പോര്‍ട്ടിലുണ്ട്
നിരവധി ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളില്‍ 100ലധികം തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി കരുതുന്നു.ത്രിശൂര്‍ 3എ ജലവൈദ്യുത പദ്ധതിയിലെ ഒരു തുരങ്കത്തിലേക്ക് നേപ്പാള്‍ സൈന്യം ശനിയാഴ്ച രാത്രി ഒരു പൈപ്പ് സ്ഥാപിച്ച് വായു കടത്തിവിടാന്‍ തുടങ്ങി എന്ന് മന്ത്രി സുഡന്‍ ഗുരുങ് പറഞ്ഞു.
എന്നാല്‍ രാത്രിയിലുണ്ടായ മഴയും നദിയിലെ ജലനിരപ്പ് ഉയര്‍ന്നതും രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തി. പ്രളയത്തില്‍ മഞ്ഞുമൂടിയ പാറകളും മണ്ണും ശക്തമായി ഒഴുകിയെത്തിയ നദികളിലുള്ള ജലവൈദ്യുത പദ്ധതികളിലെ 933 തൊഴിലാളികളാണ് കാണാതായവരുടെ പട്ടികയിലുള്ളത്.
ഇത്തരം രക്ഷാപ്രവര്‍ത്തനങ്ങളില്‍ വിപുലമായ പരിചയമുള്ള ഇന്ത്യ 11 അംഗങ്ങളുള്ള പ്രത്യേക രക്ഷാസംഘത്തെ അയച്ചിട്ടുണ്ട്. ചൈനയും ഒമ്പത് അംഗങ്ങളുള്ള തുരങ്ക രക്ഷാപ്രവര്‍ത്തക സംഘത്തെ സഹായത്തിനായി അയച്ചിട്ടുണ്ട്.
അതേ സമയം ഞായറാഴ്ച രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മറ്റൊരു തടസ്സമായി ടിബറ്റ് അതിര്‍ത്തിക്ക് സമീപം പുതിയൊരു തടാകം രൂപപ്പെട്ടത് മാറി.നേരത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഭീഷണിയായിരുന്ന ഒരു തടാകം വറ്റിപ്പോയതിന് സമീപം, 2.8 കിലോമീറ്റര്‍ അകലെയാണ് ശനിയാഴ്ച വൈകുന്നേരം മണ്ണിടിച്ചിലിനെ തുടര്‍ന്ന് പുതിയ തടാകം രൂപപ്പെടാന്‍ തുടങ്ങിയത്.
നേപ്പാളിന്റെ പുനര്‍നിര്‍മാണ ചെലവ് കോടിക്കണക്കിന് ഡോളറായി ഉയരാന്‍ സാധ്യതയുണ്ടെന്ന് വിദേശകാര്യ മന്ത്രി ശിശിര്‍ ഖനാല്‍ പറഞ്ഞു. അന്താരാഷ്ട്ര സമൂഹത്തോട് സഹായത്തിനായി അഭ്യര്‍ഥിക്കുകയാണെന്നും മന്ത്രി പറഞ്ഞു
പ്രധാന രക്ഷാപ്രവര്‍ത്തന കേന്ദ്രമായ നേപ്പാളിലെ ബിദൂര്‍ പട്ടണത്തിലെ സൈനിക താവളത്തില്‍, രക്ഷപ്പെട്ടവരുടെ പേരുകളടങ്ങിയ പട്ടികകള്‍ പരിശോധിക്കാന്‍ ബന്ധുക്കളുടെ തിരക്കാണ്. പ്രളയത്തില്‍ കാണാതായതായി റിപ്പോര്‍ട്ട് ചെയ്തിരുന്ന ഓസ്‌ട്രേലിയന്‍ യുവതി സുരക്ഷിതയായി കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. 24 വയസ്സുള്ള കാര സെവെറിനോയെയാണ് വെള്ളിയാഴ്ച കണ്ടെത്തിയത്.
കാണാതായവരുടെ പട്ടികയില്‍ 42 ഓസ്ട്രേലിയന്‍ പൗരന്മാരും ഉള്‍പ്പെടുന്നു. ഇവരില്‍ പലരും തീര്‍ഥാടനത്തിനായി നേപ്പാളിലെ വിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചവരാണ്.
റെഡ് ക്രോസിന്റെ കണക്കനുസരിച്ച് നേപ്പാളില്‍ 93,000 പേരെ വരെ ഈ ദുരന്തം ബാധിച്ചിരിക്കാം.
നേപ്പാള്‍ ശനിയാഴ്ച അന്താരാഷ്ട്ര സമൂഹത്തോട് സാമ്പത്തിക സഹായവും പ്രത്യേക രക്ഷാപ്രവര്‍ത്തന സഹായവും അഭ്യര്‍ഥിച്ചു. ഭാരമേറിയ വസ്തുക്കള്‍ ഉയര്‍ത്താന്‍ കഴിയുന്ന ഡ്രോണുകള്‍, ഡി എന്‍ എ പരിശോധനാ കിറ്റുകള്‍, മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ശീതീകരണ സംവിധാനങ്ങള്‍ എന്നിവയും ആവശ്യപ്പെട്ടിട്ടുണ്ട്.
അമേരിക്കയും കാനഡയും ഓരോന്നും ഏകദേശം 36 ലക്ഷം ഡോളര്‍ വീതം സഹായമായി നല്‍കുമെന്ന് അറിയിച്ചു.ബ്രിട്ടന്‍ 68 ലക്ഷം ഡോളര്‍ സഹായം വാഗ്ദാനം ചെയ്തു.ഐക്യരാഷ്ട്രസഭ അടിയന്തര സഹായമായി 25 ലക്ഷം ഡോളര്‍ അനുവദിച്ചു.
യൂറോപ്യന്‍ യൂണിയന്‍ വെള്ളിയാഴ്ച 23 ലക്ഷം ഡോളര്‍ സഹായം വാഗ്ദാനം ചെയ്തു.ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് റെഡ് ക്രോസ് ആന്‍ഡ് റെഡ് ക്രസന്റ് സൊസൈറ്റീസ് 10 ലക്ഷം ഡോളറിലധികം അനുവദിക്കുകയും 3.1 കോടി ഡോളറിന്റെ അടിയന്തര സഹായത്തിനായി ആഹ്വാനം ചെയ്യുകയും ചെയ്തു.
Content Highlights: More than 3,000 people are reported missing and over 760 confirmed dead following severe flash floods along the Nepal-Tibet border. Rescue operations are severely hindered by new landslide-formed lakes and rising water levels. International aid teams, including from India, are assisting in operations.


