Editors Pick
NEET PG 2026: പരീക്ഷാ രീതിയിലും കേന്ദ്രങ്ങളിലും വൻ മാറ്റം; ചോദ്യപേപ്പറിന് മൾട്ടി ലെയർ എൻക്രിപ്ഷൻ, വിദ്യാർത്ഥികൾ അറിയേണ്ടതെല്ലാം
മൾട്ടിപ്പിൾ ലെയേഴ്സ് ഓഫ് എൻക്രിപ്ഷൻ ഉപയോഗിച്ചാണ് ചോദ്യപേപ്പർ തയ്യാറാക്കുക. പരീക്ഷ തുടങ്ങുന്നതിന് തൊട്ടുമുമ്പ് മാത്രമായിരിക്കും ഇത് ഡിജിറ്റലായി ഡീക്രിപ്റ്റ് ചെയ്യാൻ സാധിക്കുക.
ന്യൂഡൽഹി | നീറ്റ്-പി ജി (NEET-PG) 2026 പരീക്ഷയ്ക്ക് മുന്നോടിയായി കർശന സുരക്ഷാ ക്രമീകരണങ്ങളൊരുക്കി കേന്ദ്ര സർക്കാർ. ആധാർ പരിശോധന, ബയോമെട്രിക് സംവിധാനം, സി സി ടി വി നിരീക്ഷണം എന്നിവയുൾപ്പെടെയുള്ള മൾട്ടി-ലേയേർഡ് സുരക്ഷാ പദ്ധതിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആൾമാറാട്ടവും മറ്റ് ക്രമക്കേടുകളും തടയുന്നതിന്റെ ഭാഗമായാണ് നടപടി.
ഓഗസ്റ്റ് 30 നാണ് ഈ വർഷത്തെ പരീക്ഷ. 2,73,183 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 12.5 ശതമാനം കൂടുതലാണിത്. രാജ്യത്തെ 340 നഗരങ്ങളിലായി 1,300 ലധികം കേന്ദ്രങ്ങളിൽ ഒറ്റ ഷിഫ്റ്റിലായാണ് പരീക്ഷ നടക്കുക. കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (N B E M S), സാങ്കേതിക പങ്കാളികൾ എന്നിവർക്ക് സുഗമവും സുരക്ഷിതവുമായ രീതിയിൽ പരീക്ഷ നടത്താനുള്ള നിർദ്ദേശങ്ങൾ നൽകി.
മൾട്ടി ലെയർ എൻക്രിപ്ഷൻ
ചോദ്യപേപ്പർ തയ്യാറാക്കുന്നതിലും വിതരണം ചെയ്യുന്നതിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മൾട്ടിപ്പിൾ ലെയേഴ്സ് ഓഫ് എൻക്രിപ്ഷൻ ഉപയോഗിച്ചാണ് ചോദ്യപേപ്പർ തയ്യാറാക്കുക. പരീക്ഷ തുടങ്ങുന്നതിന് തൊട്ടുമുമ്പ് മാത്രമായിരിക്കും ഇത് ഡിജിറ്റലായി ഡീക്രിപ്റ്റ് ചെയ്യാൻ സാധിക്കുക. അപേക്ഷാ സമയത്തും പരീക്ഷാ കേന്ദ്രങ്ങളിലും ആധാർ അടിസ്ഥാനമാക്കിയുള്ള ഓതന്റിക്കേഷൻ നിർബന്ധമാക്കി. വിരലടയാളം പരിശോധിക്കാൻ കഴിയാത്തവർക്ക് ഐറിസ് അടിസ്ഥാനമാക്കിയുള്ള പരിശോധന നടത്തും. ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യാൻ പ്രത്യേക ഇമെയിൽ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

പരീക്ഷാ കേന്ദ്രങ്ങളിൽ സിഗ്നൽ ജാമറുകൾ
പരീക്ഷാ കേന്ദ്രങ്ങളിൽ സിഗ്നൽ ജാമറുകൾ ഉപയോഗിക്കും. കൂടാതെ ഡൈനാമിക് കമ്പ്യൂട്ടർ അലോക്കേഷൻ സംവിധാനവും നടപ്പിലാക്കും. സെൻട്രൽ, റീജിയണൽ കമാൻഡ് സെന്ററുകൾ വഴിയാകും പരീക്ഷയുടെ നിരീക്ഷണം. 60,000 ത്തിലധികം ജീവനക്കാരെ ഇതിനായി വിന്യസിക്കും.
പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കുന്നതിലും മാറ്റമുണ്ട്. വിദ്യാർത്ഥികൾക്ക് മൂന്ന് സംസ്ഥാനങ്ങൾ മുൻഗണനാ ക്രമത്തിൽ തിരഞ്ഞെടുക്കാം. ആദ്യ ചോയ്സ് സ്വന്തം സംസ്ഥാനം തന്നെ ആയിരിക്കണം. അടുത്തുളള കേന്ദ്രങ്ങൾ നേരത്തെ തീർന്നുപോയാൽ ദൂരെയുള്ള കേന്ദ്രങ്ങളിലേക്ക് പോകേണ്ടി വരുന്നത് ഒഴിവാക്കാനാണിത്. മൂന്നാഴ്ച മുൻപ് തന്നെ പരീക്ഷാ കേന്ദ്രങ്ങൾ ഏത് നഗരത്തിലാണെന്ന് വിദ്യാർത്ഥികളെ അറിയിക്കും.
210 മിനിറ്റിൽ 180 ചോദ്യങ്ങൾ
പരീക്ഷാ രീതിയിലും മാറ്റം വരുത്തിയിട്ടുണ്ട്. 210 മിനിറ്റിൽ 180 ചോദ്യങ്ങൾക്കാണ് ഇനി ഉത്തരം നൽകേണ്ടത്. മുൻപ് ഇത് 200 ചോദ്യങ്ങൾക്ക് 800 മാർക്ക് എന്ന രീതിയിലായിരുന്നു. അലോട്ട്മെന്റ് (Allotment) പ്രക്രിയകൾ ലളിതമാക്കാൻ മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി (M C C) ചില നടപടിക്രമങ്ങൾ ഓൺലൈനാക്കിയിട്ടുണ്ട്. ആദ്യ റൗണ്ട് കൗൺസിലിംഗ് ഓഗസ്റ്റ് 4 നും പുതിയ ബാച്ചിന്റെ ക്ലാസുകൾ സെപ്റ്റംബർ 8 നും ആരംഭിക്കാനാണ് തീരുമാനം.
Content Highlights
Security for the NEET-PG 2026 exam is tightened with Aadhaar and biometrics. Over 2.73 lakh candidates will appear on August 30. Exam patterns and centre allocation rules are also updated.



