Idukki
ഇടുക്കി ചൊക്രമുടി മലനിരകളിൽ വസന്തം വിരിഞ്ഞു; പൂവിട്ട് നീലക്കുറിഞ്ഞികൾ
അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പ്രദേശമാകെ നീലക്കുറിഞ്ഞിയുടെ വസന്തം പടരുമെന്നാണ് പ്രതീക്ഷിക്കുന്നത്
ഇടുക്കി | നീണ്ട 12 വർഷത്തെ കാത്തിരിപ്പിന് ശേഷം ഇടുക്കിയിലെ ചൊക്രമുടി മലഞ്ചെരിവുകളിൽ നീലക്കുറിഞ്ഞി പൂത്തു തുടങ്ങി. ബൈസൺവാലി ചൊക്രമുടി മലനിരകളിലാണ് പ്രകൃതിയുടെ അപൂർവ വിസ്മയമായ കുറിഞ്ഞി പൂക്കളുടെ ആദ്യ ബാച്ച് വിരിഞ്ഞുതുടങ്ങിയത്.
കൊച്ചി ധനുഷ്കോടി ദേശീയപാതയിലെ ഗ്യാപ്പ് റോഡിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് ഈ മലഞ്ചെരിവുകൾ സ്ഥിതി ചെയ്യുന്നത്. ഗ്യാപ്പ് റോഡിന്റെ അടിവാരത്തുള്ള റെവന്യൂ ഭൂമിയിലാണ് കുറിഞ്ഞിച്ചെടികൾ വ്യാപകമായി വിരിഞ്ഞുനിൽക്കുന്നത്.

മഴ തുടരുന്നുണ്ടെങ്കിലും വിരിഞ്ഞുതുടങ്ങിയ പൂക്കൾക്ക് ഇതുവരെ കാര്യമായ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല. എന്നാൽ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പ്രദേശമാകെ നീലക്കുറിഞ്ഞിയുടെ വസന്തം പടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പശ്ചിമഘട്ടത്തിന്റെ തനതു സസ്യമായ നീലക്കുറിഞ്ഞി 12 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന അപൂർവ പ്രകൃതി കാഴ്ചയാണ്.
നേരത്തെ 2014 ലാണ് ഈ പ്രദേശത്ത് ഇതിനുമുമ്പ് നീലക്കുറിഞ്ഞി പൂത്തത്. ദിവസങ്ങൾക്കകം മലനിരകൾ മുഴുവൻ നീലവർണം അണിയുന്നതോടെ വിനോദസഞ്ചാരികളെയും പ്രകൃതിസ്നേഹികളെയും ആകർഷിക്കുന്ന അതീവ മനോഹരമായ കാഴ്ചയായി ഇവിടം മാറും.
Content Highlights:
Neelakurinji flowers have bloomed in Chokramudi hills of Idukki after 12 years. The rare floral phenomenon in Western Ghats attracts nature lovers to the scenic valley near Gap Road. Local residents expect full blooming across slopes within two weeks.




