National
എന്‍ഡിഎയുടെ പ്രതീക്ഷകള്‍ ആസ്ഥാനത്തായി; വിജയകാന്തിന്റെ പാര്‍ട്ടി ഡിഎംകെയുമായി സഖ്യത്തില്‍
ഡിഎംഡികെ ജനറല്‍ സെക്രട്ടറി പ്രേമലത വിജയകാന്ത് തമിഴ്നാട് മുഖ്യന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി
ചെന്നൈ | തമിഴ്നാട് തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങവെ വിജയകാന്തിന്റെ ഡിഎംഡികെ(ദേശിയ മുര്‍പോക്ക് ദ്രാവിഡ കഴകം)ഡിഎംകെയുമായി സഖ്യത്തിലായി. ഡിഎംഡികെയുടെ അപ്രതീക്ഷിത നീക്കം എന്‍ഡിഎ പാളയത്തില്‍ നിരാശ പടര്‍ത്തിയിരിക്കുകയാണ്. ഡിഎംഡികെയെ പാളയത്തിലെത്തിക്കാന്‍ എന്‍ഡിഎ നേതാക്കള്‍ ചരടുവലികള്‍ സജീവമാക്കിയിരിക്കെയാണ് ഡിഎംഡികെ ജനറല്‍ സെക്രട്ടറി പ്രേമലത വിജയകാന്ത് തമിഴ്നാട് മുഖ്യന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയത്. ഡിഎംകെ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിലാണ് സഖ്യത്തിലേക്കുള്ള ക്ഷണം ഔദ്യോഗികമായി ഡിഎംഡികെ സ്വീകരിച്ചത്.
അണികളുടെ ആഗ്രഹപ്രകാരമാണ് സഖ്യതീരുമാനമെന്നും ക്യാപ്റ്റന്‍ വിജയകാന്ത് ഉണ്ടായിരുന്ന സമയത്ത് തന്നെ നടക്കേണ്ട സഖ്യമായിരുന്നു ഇതെന്നും പ്രേമലത പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പിലെ സീറ്റ് സംബന്ധിച്ച ചര്‍ച്ചളെല്ലാം ഇരു പാര്‍ട്ടികളും ഇലക്ഷന്‍ കമ്മിറ്റി രൂപീകരിച്ച ശേഷം തീരുമാനിക്കുമെന്നും ഇവര്‍ അറിയിച്ചു
അതേ സമയം വിജയകാന്തിന്റെ പാര്‍ട്ടിയെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ എന്‍ഡിഎ വലിയ ശ്രമങ്ങള്‍ നടത്തിയിരുന്നു. വലിയ ഡിമാന്‍ഡുകളാണ് ഡിഎംഡികെ ഉയര്‍ത്തുന്നത് എന്നും അതുകൊണ്ട് തങ്ങളുമായുള്ള സഖ്യസാധ്യത മങ്ങുകയാണെന്നും അടുത്തിടെ ഒരു ഡിഎംകെ നേതാവ് പറഞ്ഞത് എന്‍ഡിഎ പ്രതീക്ഷ പടര്‍ത്തിയിരുന്നുവെങ്കിലും ഡിഎംഡികെയുടെ നാടകീയ നീക്കം നിരാശപ്പെടുത്തുകയായിരുന്നു





