speaker a n shamseer
മിത്തും ശാസ്ത്രവും: സ്പീക്കറുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ്സും രംഗത്ത്
സുകുമാരന്‍ നായരുടെ ആഹ്വാനത്തിനെതിരെ പ്രതിഷേധവുമായി കരയോഗം
കോഴിക്കോട് | മിത്തും ശാസ്ത്രവും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുതെന്ന സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ്സും രംഗത്ത്.
ശബരിമല വിഷയത്തില്‍ വിശ്വാസ സംരക്ഷണ റാലി നടത്തിയ കോണ്‍ഗ്രസ്സിന്, വിശ്വാസം വ്രണപ്പെടുത്തിയ ഷംസീറിന്റെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്നു കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.
വര്‍ഗീയ വാദികള്‍ക്ക് ആയുധം കൊടുക്കുന്ന പ്രസ്താവനയായിപ്പോയി ഷംസീറിന്റെതെന്നു വി ഡി സതീശന്‍ പറഞ്ഞു. വിശ്വാസ പരമായ കാര്യങ്ങളില്‍ സര്‍ക്കാറോ കോടതിയോ ഇടപെടരുത്. ചരിത്ര സത്യം പോലെതന്നെ പ്രധാനമാണു വിശ്വാസ സത്യവും. ശാസ്ത്രത്തെ മതവിശ്വാസവുമായികൂട്ടിക്കുഴയ്ക്കരുത്. ഷംസീറിന്റെ പ്രസ്താവനയെ തുടര്‍ന്നു വര്‍ഗീയ വാദികളുടെ അതേരീതിയാണ് സി പി എം സ്വീകരിച്ചത്. എരിതീയില്‍ എണ്ണയൊഴിക്കുന്ന പ്രസ്താവന നടത്തി. സ്പീക്കര്‍ പ്രസ്താവന തിരുത്തുന്നതാണു നല്ലത്. ഭരണ ഘടനാ പദവിയില്‍ ഇരിക്കുന്നവര്‍ ജാഗ്രത കാണിക്കുകയാണു വേണ്ടത്. ഇപ്പോഴത്തെ സാഹചര്യം വെള്ളമൊഴിച്ച തണുപ്പിക്കാന്‍ സി പി എം തയ്യാറാകണം. മത തീവ്രവാദികള്‍ക്കുകീഴടങ്ങാത്ത സംഘടനയാണ് എന്‍ എസ് എസ് എന്നും അവരുടെ പ്രസക്തിയും അതുതന്നെയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
ഗണപതിയെ അപമാനിച്ചു എന്ന പേരില്‍ ആര്‍ എസ് എസും ബി ജെ പിയുമായു ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നു എന്‍ സ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ശാസ്ത്രമല്ല വലുത്, വിശ്വാസമാണു വലുത് എന്നു പ്രഖ്യാപിച്ചാണ് വിശ്വാസ സംരക്ഷണത്തില്‍ ആര്‍ എസ്എസിനും ബി ജെ പിക്കും ഒപ്പം നില്‍ക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ആര്‍ എസ് എസും ബി ജെ പിയുമായു ചേര്‍ന്നുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്കെതിരെ എന്‍ എസ് എസിലും പ്രതിഷേധമുയര്‍ന്നു. സുകുമാരക്കുറുപ്പിന്റെ നിലപാടുകള്‍ക്കെതിരെ കൊല്ലം ഇടമുളക്കല്‍ പഞ്ചായത്തിലെ അസുരമംഗലം 2128 നമ്പര്‍ കരയോഗം പ്രസിഡന്റ് അഞ്ചല്‍ ജോബ് രംഗത്തുവന്നു.
സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പേരില്‍ ശത്രുസംഹാര പൂജ നടത്തിക്കൊണ്ടാണ് അദ്ദേഹം പ്രതിഷേധം പ്രകടിപ്പിച്ചത്. എന്‍ എസ് എസ് നേതൃത്വത്തിന്റെ രാഷ്ട്രീയ നീക്കത്തിനെതിരെ ആയിരക്കണക്കിന് അംഗങ്ങളുടെ പ്രതിഷേധമാണു തന്നിലൂടെ പുറത്തുവരുന്നതെന്നാണ് അദ്ദേഹം പറയുന്നത്. നായര്‍ സമുദായത്തിലെ പാവപ്പെട്ടവരുടേയും വിദ്യാസമ്പന്നരുടേയും ഉയര്‍ച്ചക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാവാതെ എന്‍ എസ് എസ് ഇത്തരം രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമാകുന്നതിനെതിരായ പ്രതിഷേധമാണു തന്നിലൂടെ പുറത്തുവരുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. സ്പീക്കര്‍ക്കെതിരെ എന്‍ എസ് എസ് നാമജപ സംഗമം നടത്തുന്നതിനിടെയാണ് എ എന്‍ ഷംസീറിനെ അനുകൂലിച്ചുള്ള പൂജ നടന്നത്.
എ എന്‍ ഷംസീറിന്റെ പ്രസംഗത്തില്‍ പ്രതിഷേധിച്ച് എന്‍ എസ് എസ് ഇന്ന് വിശ്വാസ സംരക്ഷണ ദിനം ആചരിച്ചു. പ്രവര്‍ത്തകര്‍ തൊട്ടടുത്തുള്ള ഗണപതി ക്ഷേത്രങ്ങളില്‍ എത്തി വഴിപാടുകള്‍ നടത്തി വിശ്വാസസം രക്ഷണ ദിനത്തില്‍ പങ്കാളിയാകണമെന്ന് താലൂക്ക് യൂണിയന്‍ പ്രസിഡന്റുമാര്‍ക്കയച്ച കത്തില്‍ സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് സുകുമാരന്‍ നായരുടെ നിര്‍ദ്ദേശത്തിനു വിരുദ്ധമായി കയരയോഗം രംഗത്തുവന്നത്.
വിശ്വാസ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടു വ്യക്തമാക്കണമെന്ന ആവശ്യവുമായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. മുസ്്‌ലിം ലീഗിനെ ഭയപ്പെട്ടാണോ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കാത്തത് എന്നു കെ സുരേന്ദ്രന്‍ ചോദിച്ചു. ഇതിനു പിന്നാലെ, വിശ്വാസ സംരക്ഷണ നിലപാടാണു കോണ്‍ഗ്രസ്സിന്റേത് എന്നു പ്രഖ്യാപിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും രംഗത്തുവന്നത്.
എ എന്‍ ഷംസീറിന്റെ പ്രസ്താവന ശബരിമല വിഷയം പോലെ വിശ്വാസ സംരക്ഷണ വിഷയമായി ഉയര്‍ത്താനുള്ള ശ്രമം എല്ലാ ഭാഗത്തുനിന്നും ഉയര്‍ന്നതോടെ ഷംസീറിന്റെയും സി പി എമ്മിന്റെയും നിലപാട് എന്തായിരിക്കുമെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.


