From the print
സഊദിയില്‍ വധശിക്ഷക്കിരയായ അബൂട്ടി ചതിക്കപ്പെട്ടതാണെന്ന് മാതാവ് ശാഹിദ
തൊഴില്‍ വിസ തീര്‍ന്ന് മറുനാട്ടില്‍ നേരിടേണ്ടിവന്ന നിസ്സഹായതയില്‍ അബൂട്ടിയെ സഹായിച്ച സുഹൃത്ത് ചതിച്ചതാണെന്നാണ് കുടുംബത്തിന്റെ വെളിപ്പെടുത്തല്‍.
തലശ്ശേരി | മാരക മയക്കുമരുന്ന് പിടികൂടിയ കേസില്‍ വധശിക്ഷക്കിരയായ പെരിങ്ങാടി പുതിയ റോഡിലെ നൗറീസില്‍ അബൂട്ടി വെള്ളില്‍ നിരപരാധിയാണെന്ന് കുടുംബം. തൊഴില്‍ വിസ തീര്‍ന്ന് മറുനാട്ടില്‍ നേരിടേണ്ടിവന്ന നിസ്സഹായതയില്‍ അബൂട്ടിയെ സഹായിച്ച സുഹൃത്ത് ചതിച്ചതാണെന്നാണ് കുടുംബത്തിന്റെ വെളിപ്പെടുത്തല്‍.
കാറിന്റെ ഇന്ധനടാങ്കില്‍ നിന്നും മെത്താഫിറ്റമിന്‍ എന്ന ലഹരിപദാര്‍ഥം പിടികൂടിയ കേസില്‍പ്പെട്ട് കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി സഊദി അറേബ്യയിലെ ദമാം ഖത്വീഫ് ജയിലിലടക്കയ്‌പ്പെട്ട അബൂട്ടിയുടെ വധശിക്ഷ ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് നടപ്പാക്കിയത്. മയ്യിത്ത് സഊദിയില്‍ തന്നെ ഖബറടക്കിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.
എന്റെ മോന്‍ നിരപരാധിയാണെന്നും തെറ്റായതൊന്നും ചെയ്യില്ലെന്നും മാതാവ് കണ്ണീരോടെ പറയുന്നു. ജയിലിലാകുന്നതിന് മുന്പ്, ‘ഉമ്മാ, ഞാന്‍ നാട്ടില്‍ വരുകയാണ്, ഉമ്മ എയര്‍പോര്‍ട്ടില്‍ കൂട്ടാന്‍ വന്നോളൂ എന്ന് അറിയിച്ചിരുന്നു. കൂട്ടിക്കൊണ്ടുവരാന്‍ ഞാനും ഓന്റെ ഭാര്യ മിസിരിയയും മക്കളും പോയിരുന്നു. എന്നാല്‍ വിമാനം വന്നിട്ടും മോനെ മാത്രം കണ്ടില്ല’ മാതാവ് ഷാഹിദ വേദനയോടെ പറഞ്ഞു.
2023ലാണ് ഒമാനില്‍ നിന്ന് റോഡ് മാര്‍ഗം സഊദിയിലേക്ക് അതിര്‍ത്തികടന്ന ലാന്‍ഡ് ക്രൂയിസര്‍ കാറില്‍ നിന്ന് 43 കിലോഗ്രാം മാരകലഹരി മരുന്ന് ശേഖരം സുരക്ഷാസേന പിടിച്ചെടുത്തത്. തുടര്‍ന്ന് ഡ്രൈവറായിരുന്ന അബൂട്ടിയെ അറസ്റ്റ് ചെയ്തു.
ഒരു പാഴ്‌സലാണെന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റൊരാള്‍ തനിക്ക് നല്‍കിയതാണെന്നും അതില്‍ മയക്കുമരുന്നാണെന്ന് അറിയില്ലായിരുന്നുവെന്നുമുള്ള സത്യാവസ്ഥ അബൂട്ടി പോലീസിനോടും വിചാരണാവേളയില്‍ കോടതിയിലും പറഞ്ഞെങ്കിലും സ്വീകാര്യമായില്ല.
മയക്കുമരുന്ന് കണ്ടെത്തിയ കാര്‍ അബൂട്ടിയുടെ പേരിലായിരുന്നതും കുരുക്കായി. നിര്‍ധനനായ ആബൂട്ടിക്ക് നാട്ടിലോ ഗള്‍ഫിലോ സ്വന്തമായി കാറുണ്ടായിരുന്നില്ല. ഇക്കാര്യത്തിലും വന്‍ ചതിയാണ് നടന്നതെന്ന് കുടുംബം പറയുന്നു. ജയിലില്‍ കഴിയുന്ന ആബൂട്ടിയുടെ നിരപരാധിത്വം തെളിയിക്കാന്‍ സഹായിക്കണമെന്ന് അപേക്ഷിച്ച് സഊദി ഇന്ത്യന്‍ അംബാസഡര്‍ ഷെറി വിപുലിന് മാതാവും ഭാര്യയും സഹോദരിമാരായ ഷക്കീല, സപ്ഹീം, സമീറ എന്നിവരും ദയാഹരജി നല്‍കിയിരുന്നു.
Content Highlights:
Shahida, the mother of Abootty who was executed in Saudi Arabia, stated that her son was innocent and trapped. She revealed that he was betrayed by individuals who deceived him into taking the fall. The family demands justice and truth behind the unfortunate tragedy.



