Connect with us

Vande Bharath Train

മോദി തലസ്ഥാനത്ത്; അഭിവാദ്യം ചെയ്ത് റോഡ് ഷോ

ചെണ്ടമേളവും നാടൻ കലാരൂപങ്ങളുമായി മോദിയെ വരവേൽക്കാൻ ബി ജെ പി പ്രവർത്തകർ വഴിയുടെ പല ഭാഗങ്ങളിൽ തടിച്ചുകൂടിയിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിനുള്ള അർധ അതിവേഗ വന്ദേഭാരത് ട്രെയിനും കൊച്ചിയിലെ വാട്ടർ മെട്രോയും നാടിന് സമർപ്പിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്തെത്തി. വിമാനത്താവളത്തിൽ ഇറങ്ങിയ മോദി, സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രക്കിടെ റോഡിൽ തടിച്ചുകൂടിയ ബി ജെ പി പ്രവർത്തകരെയും ജനങ്ങളെയും അഭിവാദ്യം ചെയ്തു. പതിവ് ശൈലിയിൽ വാഹനത്തിൻ്റെ ഡോർ തുറന്ന് ഫൂട്ട് സ്റ്റെപ്പിൽ നിന്നാണ് അദ്ദേഹം അഭിവാദ്യം ചെയ്തത്.

ചെണ്ടമേളവും നാടൻ കലാരൂപങ്ങളുമായി മോദിയെ വരവേൽക്കാൻ ബി ജെ പി പ്രവർത്തകർ വഴിയുടെ പല ഭാഗങ്ങളിൽ തടിച്ചുകൂടിയിരുന്നു. ബി ജെ പി കൊടിയും ഫ്ലക്സുമേന്തിയാണ് പലരും നിന്നത്. കൊച്ചിയിലെ ഹോട്ടലിൽ നിന്ന് രാവിലെ ഒമ്പതോടെയാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. വായുസേനയുടെ പ്രത്യേക വിമാനത്തിലായിരുന്നു യാത്ര.

അല്പ സമയത്തിനകം തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് എക്‌സ്പ്രസ്സ് ട്രെയിൻ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ കൊച്ചി വാട്ടർ മെട്രോ രാജ്യത്തിന് സമർപ്പിക്കും. കൊച്ചിയിൽ നിന്ന് രാവിലെ 10.10ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ആന്റണി രാജു എന്നിവർ ചേർന്ന് സ്വീകരിച്ചു.

ദിണ്ടിഗൽ- പളനി- പാലക്കാട് റെയിൽ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. ഡിജിറ്റൽ സയൻസ് പാർക്കിന്റെ തിരുവനന്തപുരം, കോഴിക്കോട്, വർക്കല ശിവഗിരി എന്നിവയുടെ ശിലാസ്ഥാപനം, നേമം- കൊച്ചുവേളി മേഖലയുടെ വികസനത്തിന്റെയും തിരുവനന്തപുരം- ഷൊർണൂർ പാതയുടെ വേഗം വർധിപ്പിക്കുന്നതിന്റെയും ശിലാസ്ഥാപനം എന്നിവയും നിർവഹിക്കും.

Latest