Connect with us

UAE

കുടുംബങ്ങളുടെ ആരോഗ്യവും ജീവിതനിലവാരവും ഉയര്‍ത്താന്‍ കൈകോര്‍ത്ത് കുടുംബ മന്ത്രാലയവും ബുര്‍ജീല്‍ ഹോള്‍ഡിങ്‌സും

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ ബോധവല്‍ക്കരണം, പ്രത്യേക മെഡിക്കല്‍ പാക്കേജുകള്‍ എന്നിവയടങ്ങുന്ന പുതിയ കുടുംബക്ഷേമ പദ്ധതികള്‍ക്ക് തുടക്കമിടും

Published

|

Last Updated

അബുദാബി |  യു.എ.ഇയിലെ കുടുംബങ്ങളുടെ ആരോഗ്യവും ജീവിതനിലവാരവും ഉയര്‍ത്തുന്നതിനായി കുടുംബ മന്ത്രാലയവും പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സും തന്ത്രപരമായ പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചു. കുടുംബത്തിന് മുന്‍ഗണന നല്‍കിക്കൊണ്ട് ശക്തവും സുസ്ഥിരവുമായ സമൂഹം കെട്ടിപ്പടുക്കുകയെന്ന യു.എ.ഇ ഭരണകൂടത്തിന്റെ കാഴ്ചപ്പാടിന് കരുത്തുപകരുന്നതാണ് ഈ പുതിയ പങ്കാളിത്തം. ‘കുടുംബവര്‍ഷ’ത്തിന്റെ ഭാഗമായാണ് ഈ സുപ്രധാന ധാരണാപത്രം നിലവില്‍ വന്നത്.

അബുദാബി ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ നടന്ന ചടങ്ങില്‍ കുടുംബ മന്ത്രി സന ബിന്ത് മുഹമ്മദ് സുഹൈല്‍, ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് ചെയര്‍മാനും സിഇഒയുമായ ഡോ. ഷംഷീര്‍ വയലില്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മന്ത്രാലയത്തിലെ സപ്പോര്‍ട്ട് സര്‍വീസസ് സെക്ടര്‍ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മര്‍വ അല്‍ മര്‍സൂഖിയും ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗം ഒമ്രാന്‍ അല്‍ ഖൂരിയും കരാറില്‍ ഒപ്പുവെച്ചു.

കുടുംബാരോഗ്യത്തിനായി സമഗ്ര പദ്ധതികള്‍

കുടുംബങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി പ്രതിരോധ ആരോഗ്യ ബോധവല്‍ക്കരണം, സമഗ്ര ആരോഗ്യ പരിപാലന പാക്കേജുകള്‍, മാനസികവും ശാരീരികവുമായ മികവ് ലക്ഷ്യമിട്ടുള്ള പ്രത്യേക പദ്ധതികള്‍ എന്നിവ ഈ സഹകരണത്തിലൂടെ നടപ്പിലാക്കും. മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, അമ്മമാര്‍, കുട്ടികള്‍ തുടങ്ങിയ പ്രാധാന്യമര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്കായി പ്രത്യേക പരിപാടികള്‍ ഒരുക്കും. വിവാഹം, ഫെര്‍ട്ടിലിറ്റി, കുടുംബ വളര്‍ച്ച, സുസ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട ദേശീയ നയങ്ങള്‍ രൂപീകരിക്കുന്നതില്‍ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സിന്റെ ആതുരസേവന രംഗത്തെ വിദഗ്ധ സേവനവും നൂതന സങ്കേതങ്ങളും പ്രയോജനപ്പെടുത്തും. മന്ത്രാലയ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പ്രത്യേക ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതോടൊപ്പം പ്രജനന ആരോഗ്യം, മാനസിക ആരോഗ്യം എന്നിവയില്‍ ശില്‍പശാലകളും ബോധവല്‍ക്കരണ ക്യാമ്പുകളും സംഘടിപ്പിക്കും.

ആരോഗ്യകരമായ വാര്‍ദ്ധക്യവും പ്രത്യേക പരിശീലനങ്ങളും

രാജ്യത്തിന്റെ വികസന യാത്രയില്‍ മൂല്യങ്ങളും ദേശീയ സ്വത്വവും കൈവിടാതെ പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ കുടുംബങ്ങളുടെ പങ്ക് നിര്‍ണായകമാണെന്നും, അതിന് പിന്തുണയേകുന്നതാണ് ഇത്തരം പങ്കാളിത്തങ്ങളെന്നും മന്ത്രി സന ബിന്ത് മുഹമ്മദ് സുഹൈല്‍ വ്യക്തമാക്കി. ആരോഗ്യകരവും ശക്തവുമായ കുടുംബങ്ങളിലൂടെ സുസ്ഥിര സമൂഹം വാര്‍ത്തെടുക്കുകയെന്ന യു.എ.ഇ ലക്ഷ്യത്തോടൊപ്പം നില്‍ക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍ പ്രതികരിച്ചു.

ഫെഡറല്‍ നയങ്ങള്‍ക്ക് അനുസൃതമായി ആരോഗ്യകരമായ വാര്‍ദ്ധക്യത്തിനായുള്ള ദേശീയ മാതൃക വികസിപ്പിക്കാനും പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. അംഗീകൃത പ്രൊഫഷണല്‍ നിലവാരത്തില്‍ പരിചാരകരെ പരിശീലിപ്പിക്കുന്നതിനുള്ള പ്രത്യേക പ്രോഗ്രാം, പ്രഥമ ശുശ്രൂഷ, അത്യാഹിത പ്രതികരണ പരിപാടികള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlights: The UAE Ministry of Family signed a strategic partnership with Burjeel Holdings to enhance family health and well-being. Signed by Dr. Shamsheer Vayalil and officials, the initiative focuses on preventive care, elder wellness, and specialized medical packages. The project aligns with national goals.

 

Latest