Connect with us

National

കടൽ കടന്നെത്തുന്ന മലബാർ

ബ്രിട്ടീഷുകാരുടെ കുപ്രസിദ്ധമായ കാലാപാനി സെല്ലുലാർ ജയിൽ ഇവിടെയാണ്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത നിരവധി പേരെ ബ്രിട്ടീഷുകാർ ഈ വിദൂര ദ്വീപിലേക്കാണ് നാടുകടത്തിയിരുന്നത്.

Published

|

Last Updated

ബംഗാൾ ഉൾക്കടലിന്റെയും ആൻഡമാൻ കടലിന്റെയും സംഗമസ്ഥലത്ത് സ്ഥിതി ചെയ്യുന്ന 571 ദ്വീപുകൾ ഉൾപ്പെട്ട രണ്ട് ദ്വീപസമൂഹങ്ങളാണ് ആൻഡമാനും നിക്കോബാറും. ഇവയിൽ 37 എണ്ണത്തിൽ മാത്രമാണ് മനുഷ്യവാസം. വടക്കും തെക്കുമായുള്ള ഈ ദ്വീപസമൂഹങ്ങളെ 150 കി.മീ വീതിയുള്ള ടെൻ ഡിഗ്രി ചാനൽ ആണ് വേർതിരിക്കുന്നത്. 2011ലെ സെൻസസ് അനുസരിച്ച് ജനസംഖ്യ 3,80,520 ആണ്.
വണ്ടൂർ,
കോഴിക്കോട്,
മഞ്ചേരി
പുറംലോകവുമായി ബന്ധമില്ലാത്ത ഗോത്രവിഭാഗങ്ങൾ അടക്കം ഇവിടെ അധിവസിക്കുന്നു. ഗോത്രജനത തുലോം കുറവാണ്. സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവുമെല്ലാം ഇന്ത്യയിൽ നിന്നും മറ്റിടങ്ങളിൽ നിന്നും ഇവിടേക്ക് കുടിയേറ്റമുണ്ടായിരുന്നു. ബ്രിട്ടീഷുകാരുടെ കുപ്രസിദ്ധമായ കാലാപാനി സെല്ലുലാർ ജയിൽ ഇവിടെയാണ്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത നിരവധി പേരെ ബ്രിട്ടീഷുകാർ ഈ വിദൂര ദ്വീപിലേക്കാണ് നാടുകടത്തിയിരുന്നത്. 1921ലെ മലബാർ മാപ്പിള സമരത്തിൽ പങ്കെടുത്തതിന്റെയും സഹകരിച്ചതിന്റെയും പേരിൽ മലബാറിൽ നിന്ന് പ്രത്യേകിച്ച് മലപ്പുറത്ത് നിന്ന് ആയിരക്കണക്കിന് പേരെ ആൻഡമാനിലേക്ക് നാടുകടത്തിയിരുന്നു. അവരവിടെ കുടുംബമായി കഴിയുന്നു. വണ്ടൂരും മഞ്ചേരിയും മണ്ണാർക്കാടും പാണ്ടിക്കാടും കോഴിക്കോടും മലപ്പുറവും തുടങ്ങി നിരവധി മലബാർ സ്ഥലങ്ങൾ അങ്ങനെ അവിടെ പുനർനിർമിക്കപ്പെട്ടു. മലബാറിലെ പല സ്ഥലപ്പേരുകളും ആൻഡമാനിൽ ഇന്നുമുണ്ട്. ജനസംഖ്യയുടെ 25 ശതമാനത്തോളം ബംഗാളികളാണ്. തമിഴന്മാരും തെലുങ്കന്മാരുമുണ്ട്. ഇങ്ങനെ ഇന്ത്യയുടെ മിനിയേച്ചർ ആണ് ആൻഡമാൻ നിക്കോബാർ.
ഏക
മണ്ഡലം
ഒരു പാർലിമെന്റ്മണ്ഡലമാണ് ഇവിടെയുള്ളത്. കോൺഗ്രസ്സിന്റെ കുൽദീപ് റായ് ശർമയാണ് സിറ്റിംഗ് സ്ഥാനാർഥി. ഒപ്പത്തിനൊപ്പമെന്നോണം ബി ജെ പിയുമുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 1,407 എന്ന നേരിയ ഭൂരിപക്ഷത്തിനാണ് ശർമ ജയിച്ചത്. ബി ജെ പിക്കു വേണ്ടി വിശാൽ ജോളിയാണ് അന്ന് മത്സരിച്ചത്. ഇത്തവണ പക്ഷേ ബി ജെ പി സ്ഥാനാർഥിയെ മാറ്റി. ബിഷ്ണുപദ റായ് ആണ് പുതിയ സ്ഥാനാർഥി. കഴിഞ്ഞ തവണ വോട്ടിംഗ് ശതമാനം 65.18 ശതമാനമായിരുന്നു. 16 സ്ഥാനാർഥികൾ മത്സരിച്ചിരുന്നു. ഈ മാസം 19ന് വോട്ടെടുപ്പ് നടക്കുന്നതിനാൽ ഇവിടെ പ്രചാരണം ശക്തമാണ്.
പഞ്ചായത്തിൽ ഒപ്പത്തിനൊപ്പം
ബംഗാളി സ്വാധീനം വലുതായതിനാൽ പ്രധാന പാർട്ടികൾ ആ സമൂഹത്തിൽ നിന്നുള്ളവരെയാണ് സ്ഥാനാർഥികളാക്കുന്നത്. പ്രധാന പാർട്ടികളുടെ നേതൃതലത്തിലും ഈ വിഭാഗത്തിലുള്ളവർ തന്നെ. ലോക്‌സഭക്ക് പുറമെ പഞ്ചായത്ത് തിരഞ്ഞെടുപ്പാണ് ഇവിടെയുണ്ടാകാറുള്ളത്. ഇതിലെല്ലാം നിർണായക ശക്തികൾ ബംഗാളികളാണ്. 2022 മാർച്ചിലാണ് ഒടുവിൽ മുനിസിപൽ- പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നത്. അന്ന് കോൺഗ്രസ്സും ബി ജെ പിയും തുല്യശക്തികളായിരുന്നു. പോർട്ട് ബ്ലെയർ മുനിസിപൽ കൗൺസിലിലെ 24 വാർഡുകളിൽ പത്തെണ്ണം വീതം ബി ജെ പിക്കും കോൺഗ്രസ്സിനും ലഭിച്ചു. കോൺഗ്രസ്സിന്റെ സഖ്യകക്ഷികളായിരുന്ന ടി ഡി പിക്ക് രണ്ടും ഡി എം കെക്ക് ഒരു സീറ്റും ലഭിച്ചു. ഒന്ന് സ്വതന്ത്രനായിരുന്നു.
അതേസമയം, സൗത്ത് ആൻഡമാൻ ജില്ലാ പരിഷത്തിലെ 18 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പത്തെണ്ണം ബി ജെ പി നേടിയപ്പോൾ കോൺഗ്രസ്സ് എട്ടെണ്ണത്തിൽ വിജയിച്ചു. നോർത്ത്, മിഡിൽ ആൻഡമാൻ ജില്ലാ പരിഷത്തിലെ 17 സീറ്റുകളിൽ കോൺഗ്രസ്സ് ഒമ്പതെണ്ണത്തിലും ബി ജെ പി ആറെണ്ണത്തിലും ജയിച്ചു. രണ്ടെണ്ണം സ്വതന്ത്രർ നേടി. മുനിസിപൽ, പഞ്ചായത്ത് വോട്ടിംഗ് ശതമാനം 70.29 ശതമാനമായിരുന്നു.
ഈ ഫലം സൂചനയായി പരിഗണിക്കാമെങ്കിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശക്തമായ പോരാകും ആൻഡമാനിൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തന്നെ നേരിയ ഭൂരിപക്ഷത്തിനായിരുന്നു വിജയമെന്നതും കൂട്ടിവായിക്കാം. മാത്രമല്ല, മുനിസിപൽ, പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലത്തെ സഖ്യചിത്രം ഇപ്പോൾ വ്യത്യസ്തമാണ്. കോൺഗ്രസ്സ് സഖ്യകക്ഷിയായിരുന്ന ടി ഡി പി ഇന്ന് ബി ജെ പിക്കൊപ്പമാണ്. നിയമസഭാ തിരഞ്ഞെടുപ്പ് കൂടി നടക്കുന്ന ആന്ധ്രാ പ്രദേശിൽ ബി ജെ പിയും ടി ഡി പിയും സഖ്യമായാണ് മത്സരിക്കുന്നത്. എന്നാൽ, കോൺഗ്രസ്സും ഡി എം കെയും സഖ്യത്തിലാണ്.
വമ്പൻ പദ്ധതികൾ, രോഷം
കേന്ദ്ര സർക്കാറിന്റെ ചില വമ്പൻ പദ്ധതി പ്രഖ്യാപനങ്ങൾ ജനങ്ങളിൽ പ്രതിഷേധം സൃഷ്ടിക്കുന്നത് തിരഞ്ഞെടുപ്പിലും സ്വാധീനിക്കും. ലിറ്റിൽ ആൻഡമാനിലും ഗ്രേറ്റർ നിക്കോബാറിലുമാണ് വമ്പൻ പദ്ധതികൾ വരുന്നത്. ഇതിൽ ലിറ്റിൽ ആൻഡമാനിലെ പദ്ധതികൾ 2021 മുതൽ നിലച്ച മട്ടാണ്. ഗ്രേറ്റർ നിക്കോബാറിൽ അന്താരാഷ്ട്ര കണ്ടെയ്‌നർ കപ്പൽ ട്രാൻസ് ഷിപ്‌മെന്റ് പോർട്ടും പുതിയ നഗരവും വിമാനത്താവളവുമാണ് പ്രധാനമായും നിർമിക്കുന്നത്. ലിറ്റിൽ ആൻഡമാനിൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറമെ, അത്യാഡംബര വന റിസോർട്ടുകളിലേക്ക് നേരിട്ടെത്താൻ സ്വകാര്യ ജെറ്റുകൾക്കുള്ള എയർ സ്ട്രിപും നിർമിക്കുന്നുണ്ട്. അണ്ടർ വാട്ടർ സഫാരി, വൈൽഡ് ലൈഫ് സഫാരി എന്നിവക്ക് പുറമെ പുഴകളില്ലാത്ത ദ്വീപുകളിൽ റിവർ സഫാരിയും നിതി ആയോഗ് വിഭാവനം ചെയ്തിട്ടുണ്ട്. ആൻഡമാൻ ഇതുവരെ കാണാത്തയാളാണ് പദ്ധതി റിപോർട്ട് തയ്യാറാക്കിയതെന്ന വിമർശം ഇതിനാൽ ശക്തമാണ്.
18,000 വർഷം മുമ്പ് ആൻഡമാനിൽ ജീവിതം ആരംഭിച്ചുവെന്ന് കരുതപ്പെടുന്ന, വംശനാശ ഭീഷണി നേരിടുന്ന 125 പേർ മാത്രമുള്ള ഓംഗെ ഗോത്രത്തിന്റെ ഭൂമിയവകാശം അടക്കമുള്ളവ ഹനിക്കുന്നതാണ് ഇത്തരം വമ്പൻ പദ്ധതികൾ. ഓംഗെ മാത്രമല്ല, ഷോംപൻ, നിക്കോബാരീസ് തുടങ്ങിയ ഗോത്രങ്ങളെയും ഇത് ഹാനികരമായി ബാധിക്കും. പുറംലോകവുമായി ബന്ധമില്ലാത്ത സെന്റിനൽ ഗോത്രക്കാരെ അപേക്ഷിച്ച് പരിഷ്‌കൃത ജീവിതം നയിക്കുന്നവരാണ് ഈ ഗോത്ര വിഭാഗങ്ങൾ. ആൻഡമാൻ ദ്വീപ്സമൂഹത്തിന്റെ വടക്കുഭാഗത്താണ് സെന്റിനലുകൾ ജീവിക്കുന്നത്. 2018ൽ ഇവരുടെ ദ്വീപിലേക്ക് കടക്കാൻ ശ്രമിച്ച അമേരിക്കക്കാരനെ ഇവർ അമ്പെയ്ത് കൊന്നത് വാർത്തയായിരുന്നു.
ചുരുക്കത്തിൽ, ഈ വമ്പൻ പദ്ധതികൾ ജനരോഷം വിളിച്ചുവരുത്തുന്നുണ്ട്. വെറും ടൂറിസ്റ്റ് കേന്ദ്രമായി ദ്വീപ്സമൂഹങ്ങളെയും സഞ്ചാരികളെ സ്വാഗതം ചെയ്യാനുള്ള ഉപകരണമായി ഗോത്രക്കാരെയും മാറ്റുകയാണ് ഫലത്തിൽ സംഭവിക്കുകയെന്നും ആശങ്കയുണ്ട്. ലക്ഷദ്വീപിലും ഇതേ ആശങ്കയുണ്ടല്ലോ. ഈ വികാരങ്ങളെല്ലാം തിരഞ്ഞെടുപ്പിലും ഫലിക്കും.

Latest