Connect with us

International

എണ്ണക്ഷാമത്തില്‍ കനത്ത തിരിച്ചടി; ഇറാന്‍ എണ്ണ വില്‍പ്പനക്കുള്ള ഉപരോധം 30 ദിവസത്തേക്ക് നീക്കി അമേരിക്ക

ആഗോള എണ്ണ വില കുറയ്ക്കാനും വിലക്കയറ്റം തടയാനും തന്ത്രപരമായ നീക്കം

Published

|

Last Updated

വാഷിങ്ടണ്‍ | അമേരിക്കയും ഇസ്രാഈലും ചേര്‍ന്ന് നടത്തുന്ന യുദ്ധം ഇറാനില്‍ കനത്ത ആഘാതമേല്‍പ്പിച്ചതോടെ ലോക വിപണിയിലുണ്ടായ എണ്ണക്ഷാമത്തില്‍ കനത്ത തിരിച്ചടി നേരിട്ട് അമേരിക്ക. ആഗോള എണ്ണ വില കുറയ്ക്കാനും വിലക്കയറ്റം തടയാനും തന്ത്രപരമായ നീക്കത്തിലാണ് അമേരിക്ക.

ഇറാനില്‍ നിന്നുള്ള അസംസ്‌കൃത എണ്ണയും പെട്രോളിയം ഉല്‍പ്പന്നങ്ങളും കൈമാറുന്നതിനും വില്‍ക്കുന്നതിനും ഏര്‍പ്പെടുത്തിയ ഉപരോധം 30 ദിവസത്തേക്ക് നീക്കി. ഇത് സംബന്ധിച്ച യു എസ് ട്രഷറി ഉത്തരവ് ഇന്നലെ പുറത്തിറങ്ങിയതോടെ ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയിലും അനുബന്ധ ഉല്‍പ്പന്നങ്ങളും വഹിക്കുന്ന കപ്പലുകള്‍ വിപണിയിലെത്തിക്കാന്‍ ഇതിലൂടെ സാധിക്കും. നിലവില്‍ കടലില്‍ കുടുങ്ങിക്കിടക്കുന്നതോ അല്ലെങ്കില്‍ ലോഡ് ചെയ്യപ്പെട്ടതോ ആയ ഇറാന്റെ എണ്ണ ശേഖരം വില്‍ക്കുന്നതിന് അമേരിക്ക വഴിയൊരുക്കുകയാണ്.

ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ ഈ നിര്‍ണ്ണായക നീക്കം. ഇന്ധന വിലക്കയറ്റം നിയന്ത്രിക്കാനും വിപണിയില്‍ എണ്ണയുടെ ലഭ്യത ഉറപ്പുവരുത്താനുമാണ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് ഇത്തരമൊരു അനുമതി നല്‍കിയത്. ഇറാനില്‍ നിന്നുള്ള എണ്ണ വിപണിയില്‍ എത്തുന്നതോടെ വിതരണത്തിലെ കുറവ് പരിഹരിക്കപ്പെടുമെന്നും ഇത് വില കുറയ്ക്കാന്‍ സഹായിക്കുമെന്നും അമേരിക്ക പ്രതീക്ഷിക്കുന്നു.

ഒരു വശത്ത് ഇറാന്റെ മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോഴും ആഭ്യന്തര വിപണിയിലെ എണ്ണവിലയും ആഗോള സാമ്പത്തിക സ്ഥിതിയും പരിഗണിച്ചാണ് ട്രംപ് ഭരണകൂടം ഇത്തരമൊരു താല്‍ക്കാലിക ഉപരോധ ഇളവ് തീരുമാനമെടുത്തത്. യുദ്ധത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ഇപ്പോഴുണ്ടായിരിക്കുന്ന പ്രതിസന്ധി മറികടക്കാനുള്ള താത്കാലിക സംവിധാനം മാത്രമാണിത്.

 

---- facebook comment plugin here -----

Latest