Connect with us

From the print

വില വെള്ളം മാത്രം, ഒരു ഗ്രാമം വിൽപ്പനക്ക്

മഹാരാഷ്ട്രയിലെ തുൾഷി ഗ്രാമത്തിൽ കുളിക്കാൻപോയിട്ട് കുടിക്കാൻ പോലും വെള്ളമില്ല

Published

|

Last Updated

മുംബൈ | ഇത് മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിലെ തുൾഷി ഗ്രാമം. ഈ ഗ്രാമം നാട്ടുകാർ “വിൽപ്പനക്ക് വെച്ചിരി’ക്കുകയാണ്. “ഗ്രാമം വിൽപ്പനക്ക്, വിലയായി വെള്ളം മതി’യെന്ന ബാനറുകളാണ് ഗ്രാമത്തിലുടനീളം. ഭരണനേതൃത്വം നിരവധി വാഗ്ദാനങ്ങൾ നൽകിയിട്ടും പദ്ധതിപ്രഖ്യാപനങ്ങൾ നടത്തിയിട്ടും പതിറ്റാണ്ടുകളായി തുടരുന്ന ജലക്ഷാമത്തിലേക്ക് സർക്കാറിന്റെ ശ്രദ്ധ ക്ഷണിക്കാനായി ഏഴായിരത്തോളം വരുന്ന ഗ്രാമവാസികൾ കണ്ടെത്തിയ പ്രതിഷേധ മാർഗമാണിത്. ഈ വേറിട്ട പ്രതിഷേധം ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ്. മാധ്യമങ്ങൾ ഗ്രാമത്തിലെത്തി ഈ മനുഷ്യരുടെ ദുരിതം വാർത്തയാക്കിയതോടെ അധികൃതർ ആലസ്യം വിട്ടുണരുമെന്നാണ് പ്രതീക്ഷ.

മാധ താലൂക്കിലെ തുൾഷി ഗ്രാമത്തിലൂടെ സിന- മാധ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ കനാലുകൾ കടന്നുപോകുന്നുണ്ടെങ്കിലും ഇതിന്റെ പ്രയോജനം ഗ്രാമത്തിന് ലഭിക്കുന്നില്ല. പദ്ധതിയുടെ ഏഴാമത്തെയും എട്ടാമത്തെയും ഔട്ട്‌ലെറ്റുകൾക്ക് സമീപമുള്ള ഏകദേശം 800 മീറ്റർ കനാൽ നിർമാണം 26 വർഷമായി പൂർത്തിയാകാതെ കിടക്കുകയാണ്. ഈ പ്രവൃത്തി പൂർത്തിയാക്കിയാൽ ഗ്രാമത്തിലെ ജലക്ഷാമത്തിന് സ്ഥിരപരിഹാരം കാണാനാകുമെന്ന് പഞ്ചായത്ത് സർപഞ്ച് ശരദ് മോർ പറയുന്നു.

കുളിക്കാൻ പോയിട്ട് കുടിക്കാൻ പോലും വെള്ളമില്ല. കൃഷിനാശവും ഭീകരമാണ്. കടുത്ത നിർജലീകരണം നേരിട്ടിട്ടും ജലാവകാശങ്ങൾക്കായി ഈ മാസം 14ന് നിരാഹാര സമരം ആരംഭിച്ച് ഗ്രാമീണർ അക്ഷരാർഥത്തിൽ ജീവൻമരണ പോരാട്ടത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ അടിയന്തര ശ്രദ്ധ ആകർഷിക്കുന്നതിനായുള്ള പരമ്പരാഗത പ്രതീകാത്മക രീതിയായ പാത്രങ്ങൾ കൊട്ടൽ സമരം മാധ തഹസിൽ ഓഫീസിന് മുന്നിൽ സംഘടിപ്പിക്കുകയും ചെയ്തു. ശാശ്വത പരിഹാരം കാണാനുതകുന്ന നടപടികളിലേക്ക് നീങ്ങിയില്ലെങ്കിൽ സമരത്തിന്റെ രൂപം മാറുമെന്നാണ് ഗ്രാമീണരുടെ മുന്നറിയിപ്പ്.

അധികൃതർക്ക് പലതവണ നിവേദനങ്ങൾ നൽകിയിട്ടും ചെവികൊള്ളുന്നില്ലെന്ന് ശരദ് മോർ പറഞ്ഞു. കിണറുകളും കുളങ്ങളും വറ്റിയതോടെ കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ഗ്രാമം പ്രധാനമായും ടാങ്കറുകളെയാണ് ആശ്രയിക്കുന്നത്. ഇത്തവണ മഴ കുറവായതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. ഗ്രാമത്തിലെ 14 കുളങ്ങളും നിരവധി കിണറുകളും പൂർണമായും വറ്റി. ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ചില പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെങ്കിലും പ്രദേശത്തെ ജലസ്രോതസ്സുകൾ തന്നെ വറ്റിയതിനാൽ അതിന്റെ ഗുണം ലഭിച്ചില്ലെന്നും ഗ്രാമവാസികൾ പറയുന്നു. അതേസമയം, പ്രശ്‌നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഗ്രാമത്തിന് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും സംസ്ഥാന കൃഷിമന്ത്രി ദത്താത്രേയ ഭർണെ പുണെയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

കാലവർഷം ദുർബലമായതിനെത്തുടർന്ന് തുൾഷി ഗ്രാമവാസികൾ പൂർണമായും വാട്ടർ ടാങ്കറുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണെന്ന് വാർത്താ ഏജൻസി റിപോർട്ട് ചെയ്യുന്നു. “ജൽ ജീവൻ മിഷൻ’ പദ്ധതി പ്രകാരം വീടുകളിൽ പൈപ്പ് കണക്്ഷനുകൾ നൽകിയിട്ടുണ്ടെങ്കിലും, പ്രധാന ജലസ്രോതസ്സ് തന്നെ പൂർണമായും വറ്റിപ്പോയതിനാൽ ഈ പദ്ധതി പ്രയോജനരഹിതമാണെന്ന് നാട്ടുകാർ പറയുന്നു. വരൾച്ച സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ ആരോഗ്യ പ്രശ്‌നങ്ങളിൽ മാത്രം നിൽക്കുന്നില്ല. വെള്ളക്ഷാമം രൂക്ഷമായ ഈ ഗ്രാമത്തിലേക്ക് പെൺകുട്ടികളെ വിവാഹം ചെയ്തയക്കാൻ അയൽ ഗ്രാമങ്ങളിലുള്ളവർ തയ്യാറാകാത്തതിനാൽ യുവാക്കൾ ‘പുരനിറഞ്ഞ്’ നിൽക്കുന്നത് സാമൂഹിക പ്രത്യാഘാതങ്ങളിൽ ഒന്നുമാത്രമാണെന്ന് സർപഞ്ച് പറയുന്നു.

“ഗ്രാമം വിൽപ്പനക്ക്’ എന്ന ബോർഡ് സ്ഥാപിച്ചത് സർക്കാറിന്റെ ശ്രദ്ധ ക്ഷണിക്കാനുള്ള പ്രതീകാത്മക പ്രതിഷേധമാണെന്നും അദ്ദേഹം പറഞ്ഞു. കന്നുകാലി വളർത്തൽ ഉൾപ്പെടെയുള്ള ഉപജീവന മാർഗങ്ങളെയും ജലക്ഷാമം ബാധിച്ചിരിക്കുകയാണ്. 2024ൽ സിന -മാധ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽനിന്ന് തുൾഷി ഉൾപ്പെടെയുള്ള വരൾച്ചബാധിത ഗ്രാമങ്ങൾക്ക് വെള്ളം എത്തിക്കുന്നതിന് കൃഷ്ണ വാലി ഡെവലപ്‌മെന്റ് കോർപറേഷൻ അനുമതി നൽകിയിരുന്നു. കുടിവെള്ള- കാർഷിക ആവശ്യങ്ങൾക്കായി തുൾഷിയിലെ ഭവാനി പെർക്കലേഷൻ ടാങ്കിലേക്ക് ക്ലോസ്ഡ് പൈപ്പ്്ലൈൻ നിർമിക്കാൻ 2025-26 വർഷത്തേക്ക് 90 ലക്ഷം രൂപ അനുവദിച്ചിട്ടും, പ്രായോഗികതലത്തിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്ന് മോറെ പറയുന്നു. ഗ്രാമത്തിലെ വറ്റിപ്പോയ കിണറുകളും കുളങ്ങളും പുനരുജ്ജീവിപ്പിക്കുന്നത് വലിയ ആശ്വാസം പകരുമെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം.

Content Highlights: Residents of Tulshi village in Solapur Maharashtra put up banners offering their village for sale to highlight a severe water crisis. The villagers have been suffering from drought for decades due to unfinished irrigation projects. They started a hunger strike demanding immediate action.

---- facebook comment plugin here -----

Latest