National
വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ ജീവനക്കാരന്‍ ബലാത്സംഗം ചെയ്‌തെന്ന വാര്‍ത്ത; പഞ്ചാബിലെ ലവ്‌ലി സര്‍വകലാശാലയില്‍ സംഘര്‍ഷം
ഒരു വിദ്യാര്‍ഥിനി ബലാത്സംഗം ചെയ്യപ്പെട്ടെന്ന സന്ദേശമാണ് പ്രതിഷേധത്തിന് കാരണമായത്. എന്നാല്‍, അത്തരമൊരു സംഭവം നടന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ്.
ചണ്ഡിഗഢ് | പഞ്ചാബില്‍ ഫഗ്വേരയിലെ ചിഹേരുവില്‍ സ്ഥിതി ചെയ്യുന്ന ലവ്‌ലി സ്വകാര്യ പ്രൊഫഷണല്‍ സര്‍വകലാശാല (LPU) യില്‍ സംഘര്‍ഷം. ഹോസ്റ്റല്‍ ജീവനക്കാരന്‍ ഒരു വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്‌തെന്ന വാര്‍ത്തയെ തുടര്‍ന്നുള്ള വിദ്യാര്‍ഥി പ്രതിഷേധം പിന്നീട് അക്രമത്തില്‍ കലാശിക്കുകയായിരുന്നു. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതായും റിപോര്‍ട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം.
ആത്മഹത്യ ചെയ്ത ഒരു വിദ്യാര്‍ഥിനിയുടെ പ്രേതം പ്രത്യക്ഷപ്പെട്ടതായി ആരോപിച്ച് കഴിഞ്ഞ ദിവസം രാജ്പുരയിലെ ചിത്കാര സര്‍വകലാശാലയില്‍ ശക്തമായ വിദ്യാര്‍ഥി പ്രതിഷേധം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ലവ്‌ലി സര്‍വകലാശാലയിലും സംഘര്‍ഷമുണ്ടായത്.
പെണ്‍കുട്ടികളുടെ ഹോസ്റ്റലിന് സമീപത്തു നിന്ന് ആരംഭിച്ച പ്രതിഷേധം പിന്നീട് അക്രമാസക്തമാവുകയായിരുന്നു. പ്രതിഷേധവുമായി ഇറങ്ങിയ വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ വ്യാപക നാശനഷ്ടങ്ങള്‍ വരുത്തി. സര്‍വകലാശാല കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ക്ക് തീയിടുകയും ജനല്‍ച്ചില്ലുകള്‍ തകര്‍ക്കുകയും ഇഷ്ടികകളും പൂച്ചട്ടികളും എറിഞ്ഞുടക്കുകയും ചെയ്തു. ഇതിനു പുറമെ, ഗേറ്റുകളിലെത്തി ക്യാമ്പസ് ബോര്‍ഡുകള്‍ തകര്‍ക്കുകയും തുടര്‍ന്ന് പുലര്‍ച്ചെ നാലോടെ ദേശീയപാതയില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.
സര്‍വകലാശാലയുടെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായില്ല.
ഇതേ തുടര്‍ന്ന് ഫഗ്വാരക്കും ജലന്ധറിനും ഇടയിലെ ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ക്യാമ്പസിനുള്ളില്‍ കൂടുതല്‍ തീവെപ്പും നാശനഷ്ടങ്ങളും ഉണ്ടാകുന്നത് തടയാന്‍ കപൂര്‍ത്തല പോലീസ് കനത്ത സുരക്ഷാ സന്നാഹം ഒരുക്കിയിട്ടുണ്ട്.
സംഭവസ്ഥലത്തെ അരാജകാവസ്ഥയുടെ വീഡിയോകള്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചും എല്‍ പി യു (LPU) അധികൃതര്‍ക്കെതിരെ രോഷം പ്രകടിപ്പിച്ചും വിദ്യാര്‍ഥികള്‍ രംഗത്തെത്തി. കപൂര്‍ത്തല എസ് എസ് പി ഗൗരവ് ടൂറയും സ്ഥലത്തെത്തി.
‘ഒരു വിദ്യാര്‍ഥിനി ബലാത്സംഗം ചെയ്യപ്പെട്ടെന്ന സ്ഥിരീകരിക്കാത്ത സന്ദേശമാണ് വിദ്യാര്‍ഥി പ്രതിഷേധത്തിന് കാരണമായത്. ഇതുവരെ അത്തരമൊരു സംഭവം നടന്നതായി സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പോലീസിന് പരാതിയും കിട്ടിയിട്ടില്ല. പ്രതിഷേധക്കാര്‍ സര്‍വകലാശാലയുടെ സ്വത്തിന് വലിയ നാശനഷ്ടം വരുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികളുമായി സംസാരിച്ച് അവരെ ശാന്തരാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.’- എസ് എസ് പി പറഞ്ഞു. സാഹചര്യം നിയന്ത്രണവിധേയമായി തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Content Highlights:
Massive student protests erupted at Lovely Professional University in Punjab over allegations that a hostel staff member sexually assaulted a female student. Police arrived at the campus to assess the situation and maintain law and order. Authorities have launched a detailed investigation into the incident.


