Editorial
കുട്ടികൾ വായിച്ചു തന്നെ വളരട്ടെ
വായന ഒരു പരീക്ഷാ ഉപാധിയായി ചുരുങ്ങാതെ ജീവിത സംസ്‌കാരമായി വളരാന്‍ സഹായകമാകണം ഗ്രേസ് മാര്‍ക്ക് പദ്ധതി. സര്‍ക്കാര്‍, സ്‌കൂള്‍ അധ്യാപകര്‍, മാതാപിതാക്കള്‍, ലൈബ്രറികള്‍- എല്ലാം ചേര്‍ന്നുള്ള സമഗ്ര പദ്ധതിയാണ് ഉരുത്തിരിഞ്ഞു വരേണ്ടത്.
സ്‌കൂളുകളില്‍ വായനക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാനുള്ള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. വിദ്യാര്‍ഥികളില്‍ വായനാശീലം കുറഞ്ഞു വെന്നും സ്‌കൂള്‍ ലൈബ്രറികള്‍ കുട്ടികള്‍ വേണ്ടത്ര ഉപയോഗപ്പെടുത്തുന്നില്ലെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നീക്കമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പുസ്തക വായനയും പത്രവായനയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ കുട്ടികളുടെ അക്കാദമിക് നിലവാരവും പൊതുവിജ്ഞാനവും വര്‍ധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.
ഡിജിറ്റല്‍ ഉപകരണങ്ങളുടെ അതിപ്രസരത്തില്‍ കുട്ടികളുടെ വായനാശീലം കുത്തനെ കുറഞ്ഞു വരുന്നതായി പഠനങ്ങള്‍ കാണിക്കുന്നു. നാഷനല്‍ ബുക്ക് ട്രസ്റ്റ്, നാഷനല്‍ ലിറ്ററസി ട്രസ്റ്റ്, പ്രോഗ്രാം ഓഫ് ഫോര്‍ ഇന്റര്‍നാഷനല്‍ സ്റ്റുഡന്റ്സ് അസ്സസ്മെന്റ്, എന്‍ സി ഇ ആര്‍ ടി തുടങ്ങിയവ നടത്തിയ പഠന റിപോര്‍ട്ടിലും വാര്‍ഷിക വിദ്യാഭ്യാസ സ്ഥിതി റിപോര്‍ട്ടിലും (എ എസ് ഇ ആര്‍) കുട്ടികളിലെ വായനാശീലം വന്‍തോതില്‍ കുറഞ്ഞു വരുന്നതായി ചൂണ്ടിക്കാട്ടുന്നു. എ എസ് ഇ ആര്‍ റിപോര്‍ട്ട് പ്രകാരം മൂന്ന്, അഞ്ച് ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് രണ്ടാം ക്ലാസ്സിലെ പാഠപുസ്തകങ്ങള്‍ പോലും സുഗമമായി വായിക്കാന്‍ കഴിയുന്നില്ല. കുട്ടികളുടെ സജീവ അംഗത്വം കുറഞ്ഞതായി കേരള ലൈബ്രറി കൗണ്‍സിലും പുസ്തകങ്ങളുടെ വില്‍പ്പന കുത്തനെ ഇടിഞ്ഞതായി പുസ്തക വില്‍പ്പനക്കാരും പരിതപിക്കുന്നു. സാക്ഷരതയില്‍ രാജ്യത്തിനും ലോകത്തിനു തന്നെയും മാതൃകയായി ചൂണ്ടിക്കാണിക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ വായനയില്‍ പിന്നിലാണ് മലയാളി സമൂഹം.
യഥാര്‍ഥത്തില്‍ വായന കുറയുകയല്ല, പുസ്തകങ്ങളില്‍ നിന്ന് അത് ഇന്റര്‍നെറ്റിലേക്ക് മാറുകയാണുണ്ടായത്. മൊബൈല്‍ ഫോണും സാമൂഹിക മാധ്യമങ്ങളും ഗെയിമുകളുമാണ് പുസ്തക, പത്ര വായനയുടെ സമയം കവര്‍ന്നെടുക്കുന്നത്. ഡിജിറ്റല്‍ വായനയും അറിവ് വര്‍ധിപ്പിക്കാന്‍ സഹായകമാണെങ്കിലും ആരോഗ്യകരമായി ഗുണകരമല്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. നിരന്തരമായ ഇ- വായന കണ്ണിന് ദോഷം ചെയ്യുന്നതോടൊപ്പം മനസ്സിനും ശരീരത്തിനും ക്ഷീണമുണ്ടാക്കും. ഡിജിറ്റല്‍ സ്‌ക്രീനുകള്‍ ഉപയോഗിക്കുന്നവരേക്കാള്‍ അച്ചടി വായനാശീലമുള്ള കുട്ടികളിലാണ് ബുദ്ധിവികാസം വര്‍ധിക്കുന്നത്. വായന ഏകാഗ്രത ആവശ്യമായ പ്രക്രിയ ആയതിനാല്‍ അത് ചിന്തയെ വളര്‍ത്തുകയും ഭാഷയെ സമ്പുഷ്ടമാക്കുകയും ചെയ്യും. സ്‌ക്രീന്‍ സംസ്‌കാരത്തില്‍ ഈ ഗുണങ്ങളൊന്നും ലഭ്യമല്ല.
കേവലം അറിവ് സമ്പാദിക്കുകയെന്നതിലുപരി വായന കുട്ടികളില്‍ സഹാനുഭൂതിയും സാമൂഹിക ഉത്തരവാദിത്വവും വളര്‍ത്തുന്നു. പുസ്തകങ്ങളിലൂടെ വൈവിധ്യമാര്‍ന്ന ലോകത്തിലൂടെയും കഥാപാത്രങ്ങളിലൂടെയും ജീവിതസാഹചര്യങ്ങളിലൂടെയും സഞ്ചരിക്കുമ്പോള്‍, താന്‍ ജീവിക്കുന്ന ചുറ്റുപാടിനപ്പുറമുള്ള ലോകങ്ങളെയും സംസ്‌കാരങ്ങളെയും മനസ്സിലാക്കാന്‍ സാധിക്കുന്നു. ഡിജിറ്റല്‍ ഉപകരണങ്ങള്‍ പലപ്പോഴും കുട്ടികളെ സ്വയംകേന്ദ്രീകൃത ലോകത്ത് ഒതുക്കുമ്പോള്‍ പുസ്തകങ്ങള്‍ സമൂഹവുമായി വൈകാരികമായി ബന്ധിപ്പിക്കും. ‘വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും, വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും’ എന്ന കുഞ്ഞുണ്ണി മാഷിന്റെ പ്രയോഗം തീര്‍ത്തും അര്‍ഥവത്താണ്. വായനാശീലം ക്ഷയിച്ചാല്‍ സമൂഹത്തിന്റെ ബൗദ്ധിക നിലവാരത്തിലും അത് പ്രകടമാകും.
ഗ്രേസ് മാര്‍ക്ക് വായനാശീലം വളര്‍ത്താന്‍ സഹായിക്കുമെങ്കിലും ഈ പദ്ധതിക്ക് ചില പ്രായോഗിക വെല്ലുവിളികളുണ്ട്. പത്ത് മാര്‍ക്കിന്റെ പ്രലോഭനം കുറച്ച് കാലത്തേക്ക് പ്രത്യേകിച്ചും പരീക്ഷകള്‍ അടുക്കുന്ന ഘട്ടത്തില്‍ കുട്ടികളെ ലൈബ്രറികളിലേക്ക് ആകര്‍ഷിച്ചേക്കാം. ഇതുകൊണ്ട് സ്ഥിരമായ വായനാശീലം കൈവരില്ല. സ്‌കൂളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ പുസ്തകം കൈയിലെടുക്കുന്നത് വായന കൊണ്ട് ലക്ഷ്യമാക്കുന്ന നേട്ടങ്ങള്‍ കൈവരിക്കാന്‍ സഹായകമാകില്ല. ഇത് ആത്മാവില്ലാത്ത വായനയായി മാറും. പുസ്തക വായനയുടെ മൂല്യനിര്‍ണയത്തിലും ചില പ്രയാസങ്ങളുണ്ട്. കുട്ടി പുസ്തകം കൃത്യമായി വായിച്ചുവെന്ന് അധ്യാപകന്‍ എങ്ങനെ ഉറപ്പ് വരുത്തും? എ ഐ സൗകര്യങ്ങള്‍ വ്യാപകമായ ഇക്കാലത്ത് പുസ്തകക്കുറിപ്പുകള്‍ മറ്റെവിടെ നിന്നെങ്കിലും പകര്‍ത്തിയെഴുതാനുള്ള സാധ്യത കാണേണ്ടതുണ്ട്.
ഓരോ വിദ്യാര്‍ഥിയുടെയും വായനാ ഡയറി പരിശോധിക്കുന്നതും വിലയിരുത്തുന്നതും അധ്യാപകര്‍ക്ക് വലിയൊരു ഉത്തരവാദിത്വമായി മാറുമെന്നതാണ് മറ്റൊരു പ്രശ്നം. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലെയും ലൈബ്രറി സൗകര്യം തുല്യമല്ല. മികച്ച ലൈബ്രറി സൗകര്യമുള്ള സ്‌കൂളുകളും നാമമാത്ര സൗകര്യമുള്ള സ്‌കൂളുകളുമുണ്ട്. ഇത് വായനയില്‍ കുട്ടികള്‍ക്കിടയില്‍ അസമത്വം സൃഷ്ടിച്ചേക്കാനിടയുണ്ട്.
വായന ഒരു പരീക്ഷാ ഉപാധിയായി ചുരുങ്ങാതെ ജീവിത സംസ്‌കാരമായി വളരാന്‍ സഹായകമാകണം ഗ്രേസ് മാര്‍ക്ക് പദ്ധതി. പ്രാഥമിക തലത്തില്‍ വായനാ സമയം നിര്‍ബന്ധമാക്കുക, സ്‌കൂളില്‍ സജീവ വായനാ ക്ലബ്ബുകള്‍ സംഘടിപ്പിക്കുക, പുസ്തകക്കുറിപ്പുകള്‍ എഴുതുന്നതിനൊപ്പം ക്ലാസ്സ് മുറികളില്‍ വായനയെക്കുറിച്ച് ഗ്രൂപ്പ് ചര്‍ച്ചകള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് വായനാശീലം വളരാന്‍ വിദഗ്ധര്‍ മുന്നോട്ടുവെക്കുന്ന മാര്‍ഗങ്ങള്‍. ഇതോടൊപ്പം മാതാപിതാക്കളെ വായനാ പ്രക്രിയയില്‍ പങ്കാളികളാക്കുകയും വേണം. സ്‌കൂളുകള്‍ക്കു പുറമെ വീടുകളിലും വായനാ സംസ്‌കാരം വളരാന്‍ ഇത് സഹായകമാകും. കുട്ടികള്‍ വായിക്കാന്‍ പ്രാപ്തരാകുന്നതിനു മുമ്പേ, മാതാപിതാക്കള്‍ അവരുടെ മുന്നില്‍ വെച്ച് പത്രങ്ങളും ആനുകാലികങ്ങളും ഉറക്കെ വായിക്കുന്നത് കുട്ടികളെ വായനയിലേക്ക് ആകര്‍ഷിക്കുമെന്നാണ് മനശ്ശാസ്ത്ര പക്ഷം. വീടുകളില്‍ വായനാശീലമില്ലെങ്കില്‍ കുട്ടികള്‍ അതിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളുകയോ ശീലമാക്കുകയോ ഇല്ല. സര്‍ക്കാര്‍, സ്‌കൂള്‍ അധ്യാപകര്‍, മാതാപിതാക്കള്‍, ലൈബ്രറികള്‍- എല്ലാം ചേര്‍ന്നുള്ള സമഗ്ര പദ്ധതിയാണ് ഉരുത്തിരിഞ്ഞു വരേണ്ടത്.


