Kerala
വനിതാ അഭിഭാഷകയോട് അപമര്യാദയായി പെരുമാറി; ഹൈക്കോടതി ജഡ്ജിയെ ബഹിഷ്‌കരിച്ച് അഭിഭാഷകര്‍
ജഡ്ജി പരസ്യമായി മാപ്പു പറയുന്നതുവരെ ബഹിഷ്‌കരണം തുടരുമെന്ന് അഭിഭാഷകര്‍
കൊച്ചി | ഹൈക്കോടതി ജഡ്ജിക്കെതിരെ പ്രതിഷേധവുമായി അഭിഭാഷകര്‍. വനിതാ അഭിഭാഷകയോട് അപമര്യാദയായി പെരുമാറിയ ജസ്റ്റിസ് എ ബദറുദ്ദീന്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ടാണ് അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുന്നത്. ജഡ്ജി പരസ്യമായി മാപ്പു പറയുന്നതുവരെ ബഹിഷ്‌കരണം തുടരുമെന്ന് അഭിഭാഷകര്‍ അറിയിച്ചു.
അതേ സമയം തുറന്ന കോടതിയില്‍ മാപ്പു പറയാനാകില്ലെന്നും തന്റെ ചേംബറില്‍ വെച്ച് ക്ഷമാപണം നടത്താമെന്നും ജഡ്ജി എ ബദറുദ്ദീന്‍ അറിയിച്ചു. അഭിഭാഷകരുടെ ആവശ്യം കണക്കിലെടുത്ത്, കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം ചേര്‍ന്ന് ജസ്റ്റിസ് ബദറുദീന്റെ കോടതി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു. വിഷയം പഠിക്കാന്‍ ചീഫ് ജസ്റ്റിസ് സാവകാശം തേടിയിട്ടുണ്ട്.
ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായിരുന്നു അഡ്വ. അലക്‌സ് എം സ്‌കറിയയും ഭാര്യ സരിതയും. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അലക്സ് സ്‌കറിയ മരിച്ചത്. അലക്സ് എം സ്‌കറിയ ഏറ്റെടുത്ത കേസിന്റെ വക്കാലത്ത് മാറ്റുന്ന നടപടികള്‍ ഇതിനോടകം തുടങ്ങിയിരുന്നു. അലക്സ് പരിഗണിച്ചിരുന്ന ഒരു കേസ് ഇന്നലെ കോടതി പരിഗണിച്ചപ്പോള്‍ സരിത ഹാജരാകുകയും, ഭര്‍ത്താവ് മരിച്ച സാഹചര്യത്തില്‍ കേസ് നടത്തിപ്പിന് സാവകാശം ചോദിക്കുകയും ചെയ്തു. ഇത് ജസ്റ്റിസ് ബദറുദ്ദീനെ പ്രകോപിപ്പിച്ചു
ആരാണ് അലക്സ് സ്‌കറിയ എന്ന് രൂക്ഷമായ ഭാഷയില്‍ ചോദിച്ച ജഡ്ജി ബദറുദ്ദീന്‍ കേസുകള്‍ നീട്ടിക്കൊണ്ടു പോവാനില്ലെന്നും നിലപാടെടുത്തു. അലക്സിനേയും അദ്ദേഹത്തിന്റെ മരണത്തെ കുറിച്ചും അറിയില്ലെന്ന നിലയിലുള്ള ജഡ്ജിയുടെ പെരുമാറ്റം സരിതയെ വേദനിപ്പിച്ചെന്നും, കരഞ്ഞുകൊണ്ടാണ് അവര്‍ കോടതി വിട്ടതെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.ജസ്റ്റിസ് ബദറുദീന്റെ പെരുമാറ്റത്തിനെതിരെ നേരത്തേയും അഭിഭാഷകര്‍ പ്രതിഷേധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍, ജഡ്ജിയുടെ മോശം പെരുമാറ്റത്തെക്കുറിച്ച് പരാതിപ്പെട്ട് കെഎച്ച്സിഎഎ ചീഫ് ജസ്റ്റിസിന് ഒരു കത്ത് എഴുതിയിരുന്നു.



