Connect with us

National

ലാപ്‌ടോപ്പ് മോഷണം: യുവതി പിടിയില്‍

ഐടി കമ്പനികളുടെ സമീപം പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ചാണ് യുവതി മോഷണം നടത്തിയിരുന്നത്.

Published

|

Last Updated

ബെംഗളൂരു | ബെംഗളൂരു നഗരത്തിലെ പിജി ( പേയിങ് ഗസ്റ്റ് ) ഹോസ്റ്റലുകളില്‍ നിന്ന് പത്തുലക്ഷത്തോളം രൂപ വിലവരുന്ന ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ച യുവതി അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശി ജാസു അഗര്‍വാളി (29) നെയാണ് ബെംഗളൂരു പോലീസ് പിടികൂടിയത്. കഴിഞ്ഞ രണ്ടുവര്‍ഷമായി നഗരത്തിലെ വിവിധ ഹോസ്റ്റ്‌ലുകളില്‍ നിന്നും യുവതി മോഷ്ടിച്ച 24 ലാപ്‌ടോപ്പുകളാണ് പോലീസ് നടത്തിയ അന്വേഷണത്തില്‍ പിടികൂടാനായത്.

2023 ഒക്ടോബറില്‍ എച്ച്എഎല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ലാപ്ടോപ്പും ചാര്‍ജറും മൗസും മോഷണം പോയതിനെ തുടര്‍ന്ന് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു . ഈ കേസില്‍ നടത്തിയ അന്വേഷണത്തിലാണ് യുവതിയെ ബെംഗളൂരു പോലീസ് പിടികൂടിയത്. ഐടി കമ്പനികളുടെ സമീപം പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ചാണ് യുവതി മോഷണം നടത്തിയിരുന്നത്. ഹോസ്റ്റലുകളില്‍ നിന്നും ലാപ്‌ടോപ്പ് മോഷ്ടിച്ച ശേഷം മറിച്ചുവില്‍ക്കുന്നതാണ് യുവതിയുടെ രീതി. ഇത്തരത്തില്‍ മറിച്ചുവിറ്റ ലാപ്‌ടോപ്പുകളെല്ലാം എച്ച്എഎല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെടുത്തു.

ഹോസ്റ്റലുകളില്‍ ആളില്ലാത്ത മുറിയില്‍ കയറിയാണ് യുവതി മോഷണം നടത്തിയിരുന്നെതെന്ന് ബെംഗളൂരു കമ്മീഷണര്‍ ബി ദയാനന്ദ പറഞ്ഞു. ബെംഗളൂരുവിലെ സ്വകാര്യ ഐടി കമ്പനിയിലെ മുന്‍ ജീവനക്കാരിയായിരുന്നു ജാസു അഗര്‍വാള്‍.

Latest