Connect with us

Kerala

കോന്നി പൊന്തനാംകുഴി ഐ എച്ച് ഡി പി കോളനിയില്‍ മണ്ണിടിച്ചില്‍; ഒരു വീട് തകര്‍ന്നു

വൈകുന്നേരം ഉണ്ടായ ശക്തമായ മഴയേതുടര്‍ന്നായിരുന്നു സംഭവം

Published

|

Last Updated

കോന്നി  | ശക്തമായ മഴയില്‍ കോന്നി പൊന്തനാംകുഴി ഐ എച്ച് ഡി പി കോളനിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ഒരു വീട് തകര്‍ന്നു. പൊന്തനാംകുഴി മുരുപ്പ് പരേതനായ ഗോപാലന്റെ വീടാണ് തകര്‍ന്നത്.

വൈകുന്നേരം ഉണ്ടായ ശക്തമായ മഴയേതുടര്‍ന്നായിരുന്നു സംഭവം. ഗോപാലന്റെ മകള്‍ രമ, രമയുടെ മകന്‍ രോഹിത് അയല്‍ക്കാരായ ഉണ്ണിമായ, ഉണ്ണിമായയുടെ മകള്‍ എന്നിവരാണ് സംഭവം നടക്കുമ്പോള്‍ വീടിനുള്ളില്‍ ഉണ്ടായത്. വീടിന്റെ പുറകു വശത്തെ മണ്‍തിട്ട ഇടിഞ്ഞ് വീടിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നു. ഗോപാലന്റെ ചെറുമകന്‍ രോഹിത് ഇടിഞ്ഞുവീണ മുറിയിലെ കട്ടിലില്‍ കിടന്നിരുന്നു എങ്കിലും പരുക്കേല്‍ക്കാതെ രക്ഷപെട്ടു.

സംഭവം അറിഞ്ഞ് റവന്യൂ ഉദ്യോഗസ്ഥരും കോന്നി ഗ്രാമ പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയിരുന്നു. വീട് താമസയോഗ്യമല്ലെന്നു കണ്ടതോടെ കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചു. 2019 ഒക്ടോബര്‍ 21ന് പൊന്തനാംകുഴി കോളനിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതാണ്. ഇതേത്തുടര്‍ന്ന് കോളനിയിലെ 32 കുടുംബങ്ങളെയും മാറ്റിപാര്‍പ്പിക്കാന്‍ തീരുമാനമെടുത്തിരുന്നു. ഇവര്‍ക്ക് വീട് നിര്‍മിക്കാന്‍ ഭൂമി വാങ്ങുന്നതിലേക്ക് സര്‍ക്കാര്‍ പണം അനുവദിച്ചിരുന്നതായും പറയുന്നു. എന്നാല്‍ ഇതേവരെയും പുനരധിവാസ നടപടികള്‍ ആരംഭിച്ചിട്ടില്ല.

 

---- facebook comment plugin here -----

Latest