Connect with us

National

ലാലുവിന്റെ നില ഗുരുതരം; ശരീര ചലനം നിലച്ചു; സിംഗപ്പൂരിലേക്ക് മാറ്റിയേക്കും

ശരീരത്തിലെ ടോക്സിന്റെ അളവ് കൂടിയ നിലയിലാണ്. ക്രിയാറ്റിന്‍ ലേബല്‍ 4 മുതല്‍ 7 വരെ എത്തിയിരിക്കുന്നു. വൃക്ക ശരിയായി പ്രവര്‍ത്തിക്കാത്തതിനാല്‍ യൂറിയയും വര്‍ദ്ധിച്ചിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി | വീട്ടിലെ കോണിപ്പടിയില്‍ നിന്ന് വീണതിനെ തുടര്‍ന്ന് ആുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ കേന്ദ്ര മന്ത്രിയും ആര്‍ ജെ ഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന്റെ നില ഗുരുതരം. അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതല്‍ വഷളായതായാണ് റിപ്പോര്‍ട്ടുകള്‍. ശരീര ചലനം നിലച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പട്‌നയിലെ ആശുപത്രിയില്‍ നിന്ന് ഇന്നലെ രാത്രിയാണ് അദ്ദേഹത്തെ ഡല്‍ഹി എയിംസില്‍ എത്തിച്ചത്.

വീഴ്ചയില്‍ ലാലുവിന് മൂന്ന് ഒടിവുകള്‍ സംഭവിച്ചതായി മകന്‍ തേജസ്വി യാദവ് പറഞ്ഞു. തുടര്‍ന്ന് അദ്ദേഹത്തിന്റെ നില വഷളാകുകയായിരുന്നു. ശരീരത്തിലെ ടോക്സിന്റെ അളവ് കൂടിയ നിലയിലാണ്. ക്രിയാറ്റിന്‍ ലേബല്‍ 4 മുതല്‍ 7 വരെ എത്തിയിരിക്കുന്നു. വൃക്ക ശരിയായി പ്രവര്‍ത്തിക്കാത്തതിനാല്‍ യൂറിയയും വര്‍ദ്ധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ശരീരത്തിന് ഒരു അനക്കവുമില്ല – ആശുപത്രി വൃത്തങ്ങള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വൃക്ക 20 ശതമാനം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ശരീരത്തില്‍ യൂറിയ വര്‍ദ്ധിക്കുന്നതാണ് ശരീര ചലനം നിലക്കാന്‍ കാരണം. മസ്തിഷ്‌കത്തില്‍ യൂറിയയുടെ അളവ് വര്‍ധിച്ചതിനാല്‍ അത് ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തലച്ചോറിന്റെ കമാന്‍ഡ് ലെവല്‍ കുറഞ്ഞു. അതുമൂലം ശരീരത്തിന് പ്രവര്‍ത്തിക്കാനുള്ള സിഗ്‌നല്‍ ലഭിക്കുന്നില്ല. അത്തരമൊരു അവസ്ഥയെ സെമി കോമ എന്നും വിളിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ലാലുവിന് വേണ്ടി പട്‌നയിലെ ക്ഷേത്രങ്ങളിലും പള്ളികളിലും പ്രാര്‍ത്ഥനകള്‍ നടക്കുന്നുണ്ട്. കൊച്ചുകുട്ടികള്‍ വരെ അദ്ദേഹത്തിന്റെ രോഗശാന്തിക്കായുള്ള പ്രാര്‍ഥനകളില്‍ പങ്കെടുക്കുന്നുണ്ട്.

അതിനിടെ, ലാലുവിനെ വിദഗ്ധ ചികിത്സക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോകാനും ആലോചനയുണ്ട്. ഇക്കാര്യം ഡോക്ടറോട് സംസാരിക്കുമെന്ന് തേജസ്വിയാദവ് പറഞ്ഞു. അവിടെ അദ്ദേഹത്തിന്റെ കരള്‍/വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനാണ് ശ്രമം.

Latest