Kerala
കോഴിക്കോട്ട് ഇന്ന് പ്രവാചക പ്രകീർത്തന രാവ്
വിശ്വാസത്തിന്റെയും ആത്മീയതയുടെയും സാംസ്‌കാരിക വൈവിധ്യത്തിന്റെയും സംഗമത്തിനാണ് സ്വപ്നനഗരിയിൽ വേദിയൊരുങ്ങുന്നത്.
കോഴിക്കോട് | കോഴിക്കോടിന് ഇന്ന് നബിസ്‌നേഹത്തിന്റെ പ്രകീർത്തന രാവ്. നബിദിനാഘോഷങ്ങൾക്ക് പാരമ്പര്യവും പ്രൗഢിയും പകർന്ന ചരിത്രഭൂമിക്ക് ആയിരങ്ങൾ സംഗമിക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനം അപൂർവ അനുഭവമായി മാറും.
വിശ്വാസത്തിന്റെയും ആത്മീയതയുടെയും സാംസ്‌കാരിക വൈവിധ്യത്തിന്റെയും സംഗമത്തിനാണ് സ്വപ്നനഗരിയിൽ വേദിയൊരുങ്ങുന്നത്. ആയിരത്തിലേറെ കലാപ്രതിഭകൾ അണിനിരക്കുന്ന മെഗാ ദഫ് ഘോഷയാത്രയും ലോകപ്രശസ്ത മൗലിദ് ട്രൂപ്പുകളുടെ പ്രകീർത്തന പ്രകടനങ്ങളും സമ്മേളനത്തിന് മാറ്റ് കൂട്ടും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക മദ്ഹുറസൂൽ പ്രഭാഷണവും വേദിയിൽ നടക്കും. ലോകപ്രശസ്ത പണ്ഡിതരും മുഫ്തിമാരും ദേശീയ നേതാക്കളും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സാരഥികളും സമ്മേളനത്തിൽ പങ്കെടുക്കും.
വൈകുന്നേരം നാലിന് 1500 കലാപ്രതിഭകൾ അണിനിരക്കുന്ന മെഗാ ദഫ് ഘോഷയാത്രയോടെയാണ് സമ്മേളന ആരവങ്ങൾക്ക് തുടക്കമാകുക. സാദാത്തുക്കളും സംഘടനാസാരഥികളും ജാമിഅ മർകസ് മുദർരിസുമാരും ഘോഷയാത്രക്ക് നേതൃത്വം നൽകും.
മർകസ് കോംപ്ലക്‌സ് പരിസരത്ത് നിന്നാരംഭിച്ച് അരയിടത്തുപാലം മിനി ബൈപ്പാസ് വഴി സമ്മേളന നഗരിയിൽ ഘോഷയാത്ര സമാപിക്കും. ഉച്ചക്ക് 12 മുതൽ എരഞ്ഞിപ്പാലം മർകസ് ഇന്റർനാഷനൽ സ്‌കൂളിൽ സാദത്ത് സംഗമം നടക്കും.
വൈകുന്നേരം അഞ്ചിന് സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ പൊതുസമ്മേളനത്തിന് തുടക്കമാകും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ അധ്യക്ഷത വഹിക്കും.
കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി, സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി, കേരള മുസ്‌ലിം ജമാഅത്ത് ഉപാധ്യക്ഷൻ സി മുഹമ്മദ് ഫൈസി, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, ജനറൽ സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സി പി ഉബൈദുല്ല സഖാഫി, അബ്ദുൽ മജീദ് അരിയല്ലൂർ, എസ് എസ് എഫ് പ്രസിഡന്റ് സയ്യിദ് മുനീറുൽ അഹ്ദൽ സഖാഫി, മർകസ് റെക്ടർ ഡോ. റോഷൻ നൂറാനി സംസാരിക്കും.
സമസ്ത ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ, വൈസ് പ്രസിഡന്റ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, അബൂ ഹനീഫൽ ഫൈസി തെന്നല, വി പി എം ഫൈസി വില്യാപ്പള്ളി, വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, അബ്ദുർറഹ്മാൻ ഫൈസി മാരായമംഗലം, പി ഹസൻ മുസ്‌ലിയാർ മുസ്‌ലിയാർ വയനാട്, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, ഡോ. അബൂബക്കർ, മജീദ് കക്കാട്, മൻസൂർ ഹാജി ചെന്നൈ, എ പി അബ്ദുൽ കരീം ഹാജി ചാലിയം, അബ്ദുറഹ്മാൻ ഹാജി കുറ്റൂർ, ഉസ്മാൻ സഖാഫി തിരുവത്ര, എൻ അലി അബ്ദുല്ല, പ്രൊഫ. എകെ അബ്ദുൽ ഹമീദ്, എ സൈഫുദ്ദീൻ ഹാജി, ശരീഫ് കാരശ്ശേരി സംബന്ധിക്കും.
Content Highlights: Kozhikode is hosting the International Milad Conference today at Swapnanagari, featuring spiritual programs and cultural showcases. The event commences at 4 PM with a mega Duff rally comprising 1,500 artists and leading community dignitaries. Indian Grand Mufti Kanthapuram AP Aboobacker Musliyar will deliver the keynote Madhurrasool address alongside global scholars.


