Kerala
തിയേറ്ററുകളില്‍ പോപ്കോണിനും കുടിവെള്ളത്തിനുമടക്കം അമിതവില; കൊച്ചിയിലെ മാളുകളില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിശോധന
പുറത്തുനിന്ന് കൊണ്ടുവരുന്ന കുപ്പിവെള്ളം ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ തീയേറ്ററുകള്‍ക്കുള്ളില്‍ അനുവദിക്കാത്തതിനെതിരെയും വിമര്‍ശനം ശക്തമായിരുന്നു.
കൊച്ചി|കൊച്ചിയില്‍ തീയറ്ററുകളില്‍ പോപ്കോണ്‍, കുടിവെള്ളം അടക്കമുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് അമിതവില ഈടാക്കുന്നതില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിശോധന. മാളുകളിലെ മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ കഫെറ്റീരിയയിലാണ് ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന നടത്തുന്നത്. സാധനങ്ങളുടെ വിലയും തൂക്കവുമാണ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, സിവില്‍ സപ്ലൈസ് അടക്കമുള്ള വിവിധ വകുപ്പുമായി ബന്ധപ്പെട്ട ആളുകളും സംയുക്തമായാണ് പരിശോധന നടത്തുന്നത്. വില വിവര പട്ടിക അടക്കമുള്ളവ പരിശോധിക്കും.
സിനിമ കാണാനെത്തുന്നവരില്‍ നിന്ന് പോപ്‌കോണ്‍, ശീതളപാനീയങ്ങള്‍, കുപ്പിവെള്ളം, മറ്റ് ലഘുഭക്ഷണങ്ങള്‍ എന്നിവയ്ക്ക് സാധാരണ വിപണി വിലയെക്കാള്‍ ഉയര്‍ന്ന തുക ഈടാക്കുന്നതായി വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പരിശോധന. തീയേറ്ററുകളിലെ ഭക്ഷ്യവില്‍പ്പന കേന്ദ്രങ്ങളില്‍ വ്യക്തമായ വില വിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടോയെന്നും സംഘം പരിശോധന നടത്തുന്നുണ്ട്.
പുറത്തുനിന്ന് കൊണ്ടുവരുന്ന കുപ്പിവെള്ളം ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ തീയേറ്ററുകള്‍ക്കുള്ളില്‍ അനുവദിക്കാത്തതിനെതിരെയും വിമര്‍ശനം ശക്തമായിരുന്നു. കുടിവെള്ളം പോലുള്ള അടിസ്ഥാന ആവശ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഉപഭോക്താക്കളുടെ അവകാശങ്ങളെ ബാധിക്കുമെന്ന അഭിപ്രായവും ഉയര്‍ന്നിരുന്നു
അതേസമയം, മാളുകളില്‍ മാത്രമല്ല എയര്‍പോര്‍ട്ടുകളിലും ഇത്തരം കൊള്ളകള്‍ നടക്കുന്നുണ്ട്. ഇന്ന് എറണാകുളം ജില്ലകളിലെ തീയേറ്ററുകളില്‍ മാത്രമാണ് പരിശോധന നടത്തുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തീയേറ്ററുകളില്‍ ഭക്ഷണത്തിന് വില കൂടുതല്‍ ഈടാക്കുക മാത്രമല്ല പീക്ക് ടൈമില്‍ ടിക്കറ്റ് വിലയും കൂടുതല്‍ ഈടാക്കുന്നുണ്ടെന്ന് തിരുവനന്തപുരം മേയര്‍ വി വി രാജേഷ് പ്രതികരിച്ചു. 250 രൂപയുടെ ടിക്കറ്റ് എടുത്ത് 500 രൂപയുടെ പോപ്പ് കോണ്‍ വാങ്ങേണ്ട അവസ്ഥയാണുള്ളത്. ഈ സാമൂഹ്യ വിഷയത്തില്‍ ഇടപെടും. എന്നാല്‍ വില വിഷയത്തില്‍ ഇടപെടാന്‍ നഗരസഭക്ക് പരിമിധിയുണ്ടെന്നും മേയര്‍ പറഞ്ഞു. സിനിമ വ്യവസായത്തെ തകര്‍ക്കാനല്ല ശ്രമം. തിരുവനന്തപുരത്ത് നഗരസഭ തീയേറ്റര്‍ ഉടമകളുടെ യോഗം വിളിക്കും. പാര്‍ക്കിംഗ്, മാലിന്യ സംസ്‌കരണം, ലൈസന്‍സ് വിഷയം എന്നിവയില്‍ ഇടപെടുമെന്നും മേയര്‍ വ്യക്തമാക്കി.
Content Highlights:
The Legal Metrology Department conducted raids at multiplexes in Kochi following complaints of exorbitant prices charged for popcorn and water. Authorities alongside Health and Civil Supplies officials inspected price lists and weight standards. Raids will target airports next.


