Connect with us

From the print

മസാല ബോണ്ട് വഴി സമാഹരിച്ച തുക മുഴുവന്‍ തിരിച്ചടച്ച് കിഫ്ബി

മസാല ബോണ്ടിന്റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് തിരിച്ചടച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.

Published

|

Last Updated

തിരുവനന്തപുരം | കിഫ്ബിക്ക് കീഴില്‍ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി മസാല ബോണ്ട് വഴി സമാഹരിച്ച മുഴുവന്‍ തുകയും തിരിച്ചടച്ചു. 2,150 കോടിയാണ് തിരിച്ചടച്ചത്. മസാല ബോണ്ടിന്റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് തിരിച്ചടച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. മസാല ബോണ്ടില്‍ ക്രമക്കേട് ആരോപിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരെ ഇ ഡി കേസ് പുരോഗമിക്കുന്നതിനിടെയാണ് തുക മുഴുവനായി തിരിച്ചടച്ചത്.

രാജ്യത്ത് ആദ്യമായി മസാല ബോണ്ട് ഇറക്കിയ സംസ്ഥാന ഏജന്‍സിയായിരുന്നു കിഫ്ബി. വിദേശ നിക്ഷേപകരില്‍ നിന്ന് പ്രാദേശിക കറന്‍സിയില്‍ നിക്ഷേപം സ്വരൂപിക്കുന്നതിനുള്ള കടപ്പത്രങ്ങളാണ് മസാല ബോണ്ട്.

ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലാണ് കിഫ്ബി മസാല ബോണ്ട് ഇറക്കിയത്. അതേസമയം, കിഫ്ബി മസാലബോണ്ട് ഇറക്കിയതില്‍ ക്രമക്കേട് ആരോപിച്ചാണ് അന്നത്തെ സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്കിനെതിരെ ഇ ഡി അന്വേഷണം നടക്കുന്നത്. മസാല ബോണ്ട് സ്വീകരിച്ചതില്‍ ഫെമ നിയമ ലംഘനമുണ്ടെന്നും ഇക്കാര്യത്തില്‍ ഐസക്കിന് അറിവുണ്ടായിരുന്നുവെന്നുമാണ് ഇ ഡിയുടെ വാദം.

അതേസമയം, നേരത്തേ നല്‍കിയ നോട്ടീസുകളെ ചോദ്യം ചെയ്ത് കിഫ്ബിയും തോമസ് ഐസക്കും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ചോദ്യം ചെയ്യലിനോട് സഹകരിച്ചു കൂടേയെന്നാണ് ഹൈക്കോടതി തോമസ് ഐസക്കിനോട് ചോദിച്ചത്. ഏപ്രില്‍ രണ്ടിന് ശേഷവും തോമസ് ഐസക്ക് ഹാജരായില്ലെങ്കില്‍ ശക്തമായ നടപടിയെന്നാണ് ഇ ഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഐസക്കിനെതിരെ വാറണ്ട് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും ഇ ഡി ആലോചിക്കുന്നുണ്ട്.

 

Latest