Connect with us

Kerala

രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസം മാത്രം; ഗവര്‍ണറോട് നല്ല സ്‌നേഹമുണ്ട്: മന്ത്രി സജി ചെറിയാന്‍

ഗവര്‍ണറും സര്‍ക്കാറും ഒന്നാണ്

Published

|

Last Updated

തിരുവനന്തപുരം | ഗവര്‍ണറോട് നല്ല സ്‌നേഹമുണ്ടെന്നും അദ്ദേഹത്തോട് രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങളെ ഉള്ളുവെന്ന് വീണ്ടും മന്ത്രിയായി അധികാരമേറ്റ സജി ചെറിയാന്‍. ഗവര്‍ണറും സര്‍ക്കാറും ഒന്നാണ്. അദ്ദേഹത്തിനോട് നല്ല സ്നേഹമുണ്ട്. നല്ല സ്വീകരണമാണ് മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചടങ്ങിന് വന്നപ്പോള്‍ നല്‍കിയതെന്നും മന്ത്രി സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പ് ആണ് ലഭിക്കുക. ഇടതുപക്ഷ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ ഓരോ ഉറപ്പും സമയബന്ധിതമായി പൂര്‍ത്തിയാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആണ് സജി ചെറിയാന് സത്യവാചകം ചൊല്ലികൊടുത്തത്. മുഖ്യമന്ത്രിയും, സ്പീക്കറും, മന്ത്രിമാരും, എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും ചടങ്ങില്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാക്കള്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നിരുന്നു. 182 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്.വിയോജിപ്പോടെ ചൊവ്വാഴ്ചയാണ് സത്യപ്രതിജ്ഞക്ക് ഗവര്‍ണര്‍ അനുമതി നല്‍കിയത്. നേരത്തേ മന്ത്രിയായിരുന്ന സമയത്ത് കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സംസ്‌കാരികം, സിനിമ, യുവജനക്ഷേമ വകുപ്പുകള്‍ തന്നെയായിരിക്കും സജി ചെറിയാന് നല്‍കുക.

 

Latest