National
കുല്‍ഗാമില്‍ ഭീകരര്‍ക്കെതിരെ സേനയുടെ സംയുക്ത ഓപറേഷന്‍
കരസേന, സി ആര്‍ പി എഫ്, ജമ്മു കശ്മീര്‍ പോലീസ് എന്നിവയുടെ സംയുക്ത ഓപറേഷനാണ് നടക്കുന്നത്.
ശ്രീനഗര്‍ | കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ ഭീകരരെ തുരത്താന്‍ ഓപറേഷനുമായി സൈന്യം. കുല്‍ഗാമിലാണ് ഭീകരര്‍ക്കെതിരെ സുരക്ഷാ സേന ആക്രമണം നടത്തുന്നത്. കരസേന, സി ആര്‍ പി എഫ്, ജമ്മു കശ്മീര്‍ പോലീസ് എന്നിവയുടെ സംയുക്ത ഓപറേഷനാണ് നടക്കുന്നത്.
കശ്മീരിലെ പഹല്‍ഗാമില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ 26 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. മരണപ്പെട്ടവരില്‍ ഒരു മലയാളിയും ഉള്‍പ്പെടും.
ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെന്നു കരുതുന്ന നാലുപേരുടെ ചിത്രങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടിരുന്നു. ഭീകരഗ്രൂപ്പായ ലഷ്‌കര്‍ ഇ ത്വയ്യിബയുമായി ബന്ധമുള്ള ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹ, ആദില്‍ എന്നിങ്ങനെയാണ് ഇവരുടെ പേരുകള്‍. അക്രമികളില്‍ രണ്ട് പേര്‍ സംസാരിച്ചത് പഷ്തൂണ്‍ ഭാഷയിലാണെന്നാണ് വിവരം. ഇത് അക്രമികള്‍ പാക്കിസ്ഥാന്‍ സ്വദേശികളാണെന്നതിന്റെ സൂചനയാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.



