Eduline
ജിപ്മറിൽ ബി എസ്‌സി നഴ്സിംഗ്, അലൈഡ് ഹെൽത്ത് സയൻസ് പ്രവേശനം: 28 വരെ അപേക്ഷിക്കാം
പെൺകുട്ടികൾക്ക് 85ഉം ആൺകുട്ടികൾക്ക് ഒമ്പത് സീറ്റുമായി ആകെ 94 സീറ്റുകളാണുള്ളത്.
പുതുച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (ജിപ്മർ) 2026-27 അക്കാദമിക് വർഷത്തെ ബി എസ് സി കോഴ്‌സുകൾക്ക് നീറ്റ് യു ജി സ്‌കോറിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നേടാം.
ബി എസ്‌സി നഴ്‌സിംഗ്
ഫുൾടൈം പ്രോഗ്രാമിന്റെ കാലാവധി നാല് വർഷമാണ്. കോഴ്‌സിന്റെ ഭാഗമായി 24 ആഴ്ച ദൈർഘ്യമുള്ള പെയ്ഡ് ഇന്റേൺഷിപ്പ് ചെയ്യണം. പെൺകുട്ടികൾക്ക് 85ഉം ആൺകുട്ടികൾക്ക് ഒമ്പത് സീറ്റുമായി ആകെ 94 സീറ്റുകളാണുള്ളത്.
ബി എസ്‌സി അലൈഡ് ഹെൽത്ത് സയൻസ്
ബാച്ചിലർ ഓഫ് മെഡിക്കൽ ലബോറട്ടറി സയൻസ് (37), അനസ്‌തേഷ്യ ടെക്‌നോളജി (അഞ്ച്), ബാച്ചിലർ ഓഫ് എമർജൻസി മെഡിക്കൽ ടെക്‌നോളജിസ്റ്റ് (പത്ത്), ബാച്ചിലർ ഓഫ് ഒപ്‌റ്റോമെട്രി (അഞ്ച്), കാർഡിയാക് ലബോറട്ടറി ടെക്‌നോളജി (അഞ്ച്), ഡയാലിസിസ് തെറാപ്പി ടെക്‌നോളജി (അഞ്ച്), മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി ഇൻ ബ്ലഡ് ബേങ്കിംഗ് (അഞ്ച്), മെഡിക്കൽ റേഡിയോളജി ആൻഡ് ഇമേജിംഗ് ടെക്‌നോളജി (അഞ്ച്), ന്യൂറോ ടെക്‌നോളജി (അഞ്ച്), ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജി (അഞ്ച്), പെർഫ്യൂഷൻ ടെക്‌നോളജി (അഞ്ച്), റേഡിയോതെറാപ്പി ടെക്‌നോളജി (അഞ്ച്).
നാല് വർഷമാണ് കോഴ്‌സ് കാലാവധി. ബാച്ചിലർ ഓഫ് മെഡിക്കൽ ലബോറട്ടറി സയൻസിൽ മൂന്നര വർഷത്തെ തിയറിയും പ്രാക്ടിക്കലും ആറ് മാസത്തെ നിർബന്ധിത ഇന്റേൺഷിപ്പും ഉണ്ടാകും. മറ്റ് കോഴ്സുകൾക്ക് മൂന്ന് വർഷത്തെ തിയറിയും പ്രാക്ടിക്കലും ഒരു വർഷത്തെ നിർബന്ധിത ഇന്റേൺഷിപ്പും ഉണ്ടാകും.
യോഗ്യത
നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്- യു ജി 2026 (നീറ്റ് യു ജി 2026) യോഗ്യത നേടിയിരിക്കണം.
പ്ലസ് ടു/ തത്തുല്യ വിജയം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ ബോട്ടണി, സുവോളജി, ഇംഗ്ലീഷ് വിഷയങ്ങളിൽ മൊത്തം 50 ശതമാനം മാർക്കുണ്ടായിരിക്കണം. (എസ് സി, എസ് ടി, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ ബോട്ടണി, സുവോളജി വിഷയങ്ങൾക്കാകെ 40 ശതമാനം മാർക്ക് മതി).
2026 ഡിസംബർ 31ന് 17 വയസ്സ് പൂർത്തിയാകണം.
2010 ജനുവരി ഒന്നിനോ അതിന് മുമ്പോ ജനിച്ചവരായിരിക്കണം.
ഫീസ്
1,200 രൂപയാണ് പ്രതിവർഷ അക്കാദമിക്/ ട്യൂഷൻ ഫീസ്. അഡ്മിഷൻ ഫീസ്, കോഷൻ ഡെപ്പോസിറ്റ് ഉൾപ്പെടെ ആകെ ഫീസ്: 11,410 രൂപ.
അപേക്ഷിക്കാം
ഈ മാസം 28ന് വൈകിട്ട് നാലിന് മുമ്പായി academic.jipmer.edu.in വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ നൽകണം. യോഗ്യരായവരുടെ ലിസ്റ്റ് അടുത്ത മാസം ഒമ്പതിന് മുമ്പായി ജിപ്മർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
ക്ലാസ്സുകൾ അടുത്ത മാസം 30ന് ആരംഭിക്കും.
Content Highlights:
JIPMER Puducherry has invited online applications for BSc Nursing and Allied Health Science courses for the 2026-27 academic year based on NEET UG scores. Candidates with required Plus Two marks in science subjects can apply online via academic.jipmer.edu.in until September 28. Classes begin October 30.




