Eduline
ജെ ഇ ഇ-2027; ജനുവരിയിലും ഏപ്രിലിലും രണ്ട് സെഷനുകളിലായി പരീക്ഷ
ജനുവരി 22 മുതൽ 24 വരെയും ജനുവരി 28 മുതൽ 30 വരെയുമാണ് പരീക്ഷകൾ നിശ്ചയിച്ചിരിക്കുന്നത്.
ജെ ഇ ഇ-2027 (ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ) പരീക്ഷാ തീയതികൾ പ്രഖ്യാപിച്ച് നാഷനൽ ടെസ്റ്റിംഗ് ഏജൻസി (എൻ ടി എ). ജനുവരി, ഏപ്രിൽ എന്നിങ്ങനെ രണ്ട് സെഷനുകളായാണ് പരീക്ഷ നടത്തുക.
ആദ്യ സെഷൻ പരീക്ഷകൾ അടുത്ത വർഷം ജനുവരി 22 മുതൽ ആരംഭിക്കും. ജനുവരി 22 മുതൽ 24 വരെയും ജനുവരി 28 മുതൽ 30 വരെയുമാണ് പരീക്ഷകൾ നിശ്ചയിച്ചിരിക്കുന്നത്. ജനുവരി 31 ബഫർ ദിനമായിരിക്കും. ഏപ്രിൽ സെഷന്റെ കൃത്യമായ തീയതികൾ അടങ്ങിയ വിജ്ഞാപനം പിന്നീട് പുറത്തിറക്കും.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ വിവിധ ഷിഫ്റ്റുകളായാണ് നടത്തുക. വിദ്യാർഥി രണ്ട് സെഷനുകളിലും (ജനുവരി, ഏപ്രിൽ) പങ്കെടുത്താൽ അതിൽ ഏത് പരീക്ഷയിലാണോ ഏറ്റവും മികച്ച സ്‌കോർ ലഭിച്ചത്, അത് മാത്രമായിരിക്കും അന്തിമ റാങ്ക് ലിസ്റ്റിനായി പരിഗണിക്കുക.
രാജ്യത്തെ പ്രമുഖ എൻ ഐ ടികൾ, ഐ ഐ ഐ ടികൾ, കേന്ദ്ര ധനസഹായത്തോടെ പ്രവർത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങൾ എന്നിവയിലെ ബി ടെക്/ ബി ആർക്ക് പ്രവേശനം ജെ ഇ ഇ റാങ്ക് അടിസ്ഥാനത്തിലാകും.
ഐ ഐ ടി പ്രവേശനത്തിനായുള്ള ജെ ഇ ഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതാനുള്ള പ്രാഥമിക യോഗ്യതാ പരീക്ഷ കൂടിയാണിത്.
രജിസ്‌ട്രേഷൻ, യോഗ്യത, പരീക്ഷാ രീതി, സിലബസ് തുടങ്ങി വിശദമായ വിജ്ഞാപനം അടുത്ത മാസം ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് പരീക്ഷ നടക്കുന്നത്.
ജെ ഇ ഇ മെയിൻ പരീക്ഷ എഴുതുന്നതിന് പ്രത്യേക പ്രായപരിധി നിശ്ചയിച്ചിട്ടില്ല. എന്നാൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രായപരിധി വ്യവസ്ഥകൾ വിദ്യാർഥികൾ പാലിക്കണം. 2025, 2026 വർഷങ്ങളിൽ പ്ലസ് ടു, തത്തുല്യ പരീക്ഷ വിജയിച്ചവർക്കും 2027ൽ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. 2024ലോ അതിനു മുമ്പോ പ്ലസ് ടു പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാനാകില്ല.
ഇവ ശ്രദ്ധിക്കാം
ഓൺലൈനായി അപേക്ഷിക്കാൻ പേര്, ജനന തീയതി, മൊബൈൽ നമ്പർ, ഇ മെയിൽ ഐ ഡി എന്നിവ ഉപയോഗിച്ച് രജിസ്‌ട്രേഷൻ നടത്തണം.
ശേഷം വ്യക്തിഗത, കമ്മ്യൂണിക്കേഷൻ, വിദ്യാഭ്യാസ വിവരങ്ങൾ നൽകണം.
ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് പരീക്ഷക്കായി താത്പര്യമുള്ള നഗരങ്ങൾ തിരഞ്ഞെടുത്ത് ഫീസ് ഒടുക്കണം.
അപേക്ഷകന്റെ സ്ഥിര താമസ സ്ഥലമല്ല, മറിച്ച് പ്ലസ് ടു പരീക്ഷ പാസ്സായ അല്ലെങ്കിൽ എഴുതുന്ന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ് സ്റ്റേറ്റ് കോഡായി കണക്കാക്കുന്നത്. എൻ ഐ ഒ എസ് വിദ്യാർഥികൾക്ക് അവരുടെ സ്റ്റഡി സെന്റർ സ്ഥിതി ചെയ്യുന്ന സംസ്ഥാനമായിരിക്കും ഇത്. വിദേശത്തു നിന്ന് പ്ലസ് ടു പൂർത്തിയാക്കിയ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യക്കാർക്ക് ആൾ ഇന്ത്യ ക്വാട്ടയിൽ അപേക്ഷിക്കാം.
അപേക്ഷ പൂർത്തിയാക്കിയ ശേഷം ലഭിക്കുന്ന കൺഫർമേഷൻ പേജും ഫീസ് റസിപ്റ്റും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം.
Content Highlights:
National Testing Agency announced JEE Main 2027 exam dates for January and April sessions. Session one will begin on January 22. Students passing Plus Two in 2025, 2026, or appearing in 2027 can apply online for admissions to NITs, IIITs, and eligibility for JEE Advanced.




