Connect with us

അതിഥി വായന

ഇഴപൊട്ടുന്ന ബന്ധങ്ങൾക്ക് ഇഴയടുപ്പത്തിന്റെ പാഠങ്ങൾ

മനുഷ്യജീവിതത്തിന്റെ നിർണായക ഘട്ടങ്ങളിലൂടെ വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്ന രീതിയിലാണ് ഗ്രന്ഥത്തിന്റെ ഘടന.

Published

|

Last Updated

ബന്ധങ്ങളുടെ ഇഴകൾ നിസ്സാര കാരണങ്ങളാൽ അഴിഞ്ഞുപോകുന്ന കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ആത്മബന്ധം പങ്കിട്ട സൗഹൃദങ്ങൾ ശത്രുതയിലേക്കു വഴിമാറുന്നതും സ്നേഹസൗധമായ കുടുംബജീവിതം ചീട്ടുകൊട്ടാരം കണക്കെ തകർന്നടിയുന്നതും നിത്യസംഭവങ്ങളായി മാറിയ വർത്തമാന പശ്ചാത്തലത്തിൽ ഡോ. അബൂബക്കർ നിസാമിയുടെ “ഇഴയടുപ്പത്തിലെ ആനന്ദം’ എന്ന കൃതി ഏറെ ശ്രദ്ധേയമാണ്‌. ബന്ധങ്ങളുടെ ശിഥിലീകരണത്തിനു പിന്നിലെ കാര്യകാരണങ്ങളെ ആഴത്തിൽ അപഗ്രഥിച്ച്, പ്രായോഗികവും പ്രസക്തവുമായ പരിഹാരമാർഗങ്ങൾ മുന്നോട്ടുവെക്കുന്ന ഒരു സാമൂഹിക – ആത്മീയ പഠനമാണ് ഈ പുസ്തകം.

മനുഷ്യജീവിതത്തിന്റെ നിർണായക ഘട്ടങ്ങളിലൂടെ വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്ന രീതിയിലാണ് ഗ്രന്ഥത്തിന്റെ ഘടന. കൗമാരത്തിന്റെ കരുതലുകൾ, ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട സൂക്ഷ്മതകൾ, ദാമ്പത്യത്തിലെ പൊരുത്തപ്പെടലുകൾ, മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിന്റെ വൈകാരികതലങ്ങൾ, വാർധക്യത്തിന്റെ ഏകാന്തത, വൈധവ്യത്തിന്റെ വൈമനസ്യം എന്നിങ്ങനെ ജീവിതത്തിന്റെ വൈവിധ്യമാർന്ന അനുഭവമണ്ഡലങ്ങളെ ഗ്രന്ഥകാരൻ സമഗ്രമായി വിശകലനം ചെയ്യുന്നു. മനുഷ്യഹൃദയത്തിന്റെ വൈകാരികവും ആത്മീയവും സാമൂഹികവുമായ തലങ്ങളെ ഇസ്‌ലാമിക ദർശനത്തിൽ, ഖുർആനിന്റെയും ഹദീസുകളുടെയും പ്രാമാണിക ഗ്രന്ഥങ്ങളുടെയും പിൻബലത്തോടെ ഗ്രന്ഥകാരൻ അപഗ്രഥിക്കുന്നു.

ലളിതമായ ഭാഷയിൽ പ്രമാണബദ്ധമായ അവതരണരീതിയിലാണ് രചന നിർവഹിച്ചത്. സങ്കീർണമായ വിഷയങ്ങളെ സാധാരണ വായനക്കാർക്ക് എളുപ്പം ഗ്രഹിക്കാവുന്ന വിധത്തിലാണ് അവതരണ രീതി. ദീർഘകാലത്തെ അധ്യാപനാനുഭവവും ഗവേഷണപാടവവും ഓരോ അധ്യായത്തിലും പ്രതിഫലിക്കുന്നുണ്ട്.
ഇണക്ക, പിണക്കങ്ങൾക്കിടയിലും ദമ്പതികൾ ഇഴയടുപ്പത്തിൽ നിന്ന് അകന്നുപോകാതിരിക്കേണ്ടതിന്റെ പ്രാധാന്യം ഗ്രന്ഥകാരൻ അടിവരയിടുന്നു. പരസ്പരം മനസ്സിലാക്കിയുള്ള സഞ്ചാരത്തിലൂടെയാണ് കുടുംബബന്ധത്തിനു ദൃഢത കൈവരുന്നതെന്നും അതിൽ നിന്നുള്ള വ്യതിചലനം ശൈഥില്യത്തിലേക്കു നയിക്കുമെന്നും ഈ കൃതി ഓർമിപ്പിക്കുന്നു. ബന്ധങ്ങളിലെ ഇഴയടുപ്പവും ഊഷ്മളതയും വീണ്ടെടുക്കാൻ ആഗ്രഹിക്കുന്ന ഏവർക്കും വിശ്വസ്തനായ വഴികാട്ടിയാകുന്ന ഗ്രന്ഥമാണ് “ഇഴയടുപ്പം’. അവതാരിക: സി മുഹമ്മദ് ഫൈസി. പ്രസാധനം: മലൈബാർ ഫൗണ്ടേഷൻ, മർകസ് നോളജ് സിറ്റി. പേജ്: 150. വില: ₹170.

Content Highlights:
Dr. Abubakar Nizami’s book “Izhayaduppathile Aanandam” analyzes relationship breakdown in modern times. Rooted in Islamic teachings, it provides practical solutions for marriage, parenting, and aging. Published by Malaibar Foundation, it serves as a guide to preserving family harmony.

 

---- facebook comment plugin here -----

Latest