Connect with us

മണ്ഡല പര്യടനം

ഇപ്പോഴും ചൂടുണ്ട് ഒരുതരി കനലിൽ

രാഷ്ട്രീയവും വികസനവും ചര്‍ച്ചയാക്കി പ്രചാരണം കൊഴുപ്പിക്കുന്ന ഇരു പക്ഷത്തിനും അവകാശവാദങ്ങള്‍ ഏറെയാണ്. വികസനത്തിലെല്ലാം കേന്ദ്രത്തിന്റെ പങ്ക് അവകാശപ്പെടുന്നതില്‍ എന്‍ ഡി എ ഒട്ടും പിന്നിലല്ല.

Published

|

Last Updated

സമുദായ സമവാക്യങ്ങള്‍ക്ക് പിടികൊടുക്കാത്ത പുന്നപ്ര വയലാറിന്റെ വിപ്ലവമണ്ണില്‍ പോരാട്ടം ഇഞ്ചോടിഞ്ചാണ്. എ ഐ സി സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനാണ് ഇടതുപക്ഷത്തിന്റെ ഒരുതരി കനല്‍ ഊതിക്കെടുത്താന്‍ യു ഡി എഫ് നിയോഗിച്ചിട്ടുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കനലായി നിലകൊണ്ട എ എം ആരിഫിനെ തന്നെയാണ് മണ്ഡലം നിലനിര്‍ത്താന്‍ ഇടത് മുന്നണി നിയോഗിച്ചത്. പയറ്റിത്തെളിഞ്ഞ ശോഭാ സുരേന്ദ്രനെ ബി ജെ പി കളത്തിലിറക്കിയതോടെ പോരാട്ടം കൂടുതല്‍ ശ്രദ്ധേയമായി.

ലോക്സഭ VS രാജ്യസഭ
സി പി എം, കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികള്‍ പയറ്റിത്തെളിഞ്ഞത് ഈ വിപ്ലവ മണ്ണിലാണ്. ആദ്യം നിയമസഭാംഗമായും പിന്നീട് നിനച്ചിരിക്കാതെ ലോക്സഭാംഗമായും മാറിയ ചരിത്രമാണ് ഇരുവര്‍ക്കും. കെ സി വേണുഗോപാലിന് സംസ്ഥാന, കേന്ദ്ര മന്ത്രി പദവികള്‍ കൈവന്നതും ഈ മണ്ണിലൂടെയാണ്. കെ സി ആലപ്പുഴ നിയമസഭാ മണ്ഡലത്തില്‍ നിന്നും ആരിഫ് അരൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുമാണ് തുടര്‍ച്ചയായി ജയിച്ചവന്നത്. നിയമസഭാംഗമായിരിക്കെ 2009ല്‍ ആലപ്പുഴയില്‍ നിന്ന് കെ സി ലോക്സഭയിലേക്ക് ജയിച്ചപ്പോള്‍, ആരിഫ് നിയമസഭാംഗമായിരിക്കെ 2019ല്‍ മാസ്സ് എന്‍ട്രിയിലൂടെ ഡല്‍ഹിയിലെത്തി. ലോക്സഭാംഗവും രാജ്യസഭാംഗവും തമ്മിലുള്ള പോരില്‍ ഇക്കുറി തീരദേശ മണ്ഡലം ആരെ തുണക്കുമെന്ന ആകാംക്ഷയാണെങ്ങും.

ബൈപാസില്‍ തര്‍ക്കം
രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമായ കെ സി മത്സരത്തിനെത്തിയതിനെതിരെ ആദ്യം രംഗത്ത് വന്നത് ആരിഫും സി പി എമ്മുമാണ്. രണ്ട് വര്‍ഷം കൂടി കാലാവധിയുള്ള രാജ്യസഭാംഗത്വം ഉപേക്ഷിക്കുന്നത് ബി ജെ പിക്ക് അവസരമൊരുക്കാനാണെന്നായിരുന്നു ആരോപണം. പിന്നീട് ഈ ആരോപണം അവര്‍ മുന്നോട്ടെടുത്തില്ല. രാഷ്ട്രീയവും വികസനവും ചര്‍ച്ചയാക്കി പ്രചാരണം കൊഴുപ്പിക്കുന്ന ഇരു പക്ഷത്തിനും അവകാശവാദങ്ങള്‍ ഏറെയാണ്. വികസനത്തിലെല്ലാം കേന്ദ്രത്തിന്റെ പങ്ക് അവകാശപ്പെടുന്നതില്‍ എന്‍ ഡി എ ഒട്ടും പിന്നിലല്ല.

മണ്ഡലത്തില്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ വികസനമായി കാണുന്നത് ആലപ്പുഴ ബൈപാസ്സാണ്. ഇതിന്റെ പിതൃത്വത്തെ ചൊല്ലിയുള്ള വാഗ്വാദങ്ങളാണ് പ്രധാനമായും. നാല് പതിറ്റാണ്ട് പഴക്കമുള്ള ആലപ്പുഴയുടെ സ്വപ്ന പദ്ധതിയായ ബൈപാസ്സ് പൂര്‍ത്തിയാക്കിയത് താന്‍ എം പിയായ ശേഷമാണെന്നും അതിന്റെ പിന്നില്‍ ഒട്ടേറെ ത്യാഗം സഹിച്ചതായും ആരിഫ് അവകാശപ്പെടുന്നു. വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ ആലപ്പുഴ ബീച്ച് സംരക്ഷിച്ച് യു പി എ സര്‍ക്കാറിനെ കൊണ്ട് എലിവേറ്റഡ് ഹൈവേ പദ്ധതി അംഗീകരിപ്പിച്ച് ബൈപാസ്സിന്റെ ഘടന തന്നെ മാറ്റിയെടുക്കുന്നതിലും എളുപ്പം പൂര്‍ത്തീകരിക്കാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെ കൊണ്ട് പദ്ധതിയില്‍ സംസ്ഥാന വിഹിതം അനുവദിപ്പിച്ചതും തന്റെ ഇടപെടലിലാണെന്ന് കെ സിയും പറയുന്നു.

മനസ്സ് തുറക്കാതെ
തീരദേശത്ത് ഏറെ സ്വാധീനമുള്ള ലത്തീന്‍, ധീവര സമൂഹവും മുസ്ലിംകളും തുടങ്ങി സാമുദായിക ശക്തികളൊന്നും ഇനിയും മനസ്സ് തുറന്നിട്ടില്ല. എല്ലാവരുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് ഉറപ്പിക്കുകയാണ് ഇടത്, വലത്, എന്‍ ഡി എ സ്ഥാനാര്‍ഥികള്‍. ധീവര സമുദായത്തിലെ ഒരു വിഭാഗം ബി ജെ പിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചെങ്കിലും ബഹുഭൂരിപക്ഷവും ഇത് തള്ളുന്നു.
ബി ഡി ജെ എസിന് ഏറെ സ്വാധീനമുള്ള മണ്ഡലമെന്ന നിലയില്‍ ഹിന്ദുത്വ വോട്ടുകള്‍ ഏകീകരിക്കാമെന്ന ബി ജെ പിയുടെ കണക്കുകൂട്ടലുകള്‍ ഇക്കുറിയും പിഴക്കുമെന്നാണ് വിലയിരുത്തല്‍.

 

Latest