Connect with us

Editorial

യുദ്ധക്കൊതിയില്‍ ഇസ്‌റാഈലും അമേരിക്കയും

ഇറാന്‍ ഭരണകൂടത്തിന്റെ ഭീഷണി ഇല്ലാതാക്കാനാണ് ആക്രമണമെന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ ന്യായീകരണം. ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തി വരുന്ന കൂട്ടക്കുരുതിക്കും വംശഹത്യക്കും പരോക്ഷ പിന്തുണ നല്‍കിവരുന്ന ട്രംപിന്റെ ന്യായീകരണം പരിഹാസ്യമാണ്.

Published

|

Last Updated

പശ്ചിമേഷ്യയെ മാത്രമല്ല ആഗോള സമൂഹത്തെയാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് ഇറാനെതിരെയുള്ള ഇസ്‌റാഈല്‍- അമേരിക്ക സംയുക്ത ആക്രമണം. കഴിഞ്ഞ ചില ദിവസങ്ങളായി സമാധാന ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കുമെന്ന ധാരണ സൃഷ്ടിച്ച ശേഷം പൊടുന്നനെയാണ് എല്ലാ അന്താരാഷ്ട്ര മര്യാദകളെയും കാറ്റില്‍ പറത്തി അമേരിക്കന്‍ പിന്തുണയോടെ ഇസ്‌റാഈല്‍, ഇറാനിലുടനീളം ബോംബ് വര്‍ഷിച്ചുകൊണ്ടിരിക്കുന്നത്. ഇറാനിലെ കൊച്ചുകുട്ടികള്‍ പഠിക്കുന്ന ഒരു സ്‌കൂളില്‍ മിസൈല്‍ പതിച്ച് 51 വിദ്യാര്‍ഥിനികള്‍ കൊല്ലപ്പെട്ടതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി ഇര്‍ന റിപോര്‍ട്ട് ചെയ്യുന്നു. തെക്കന്‍ ഇറാനിലെ ഹോര്‍മോസ് ഗന്‍ പ്രദേശത്തെ എലിമെന്ററി പ്രൈമറി സ്‌കൂളാണ് ഇസ്‌റാഈല്‍ തകര്‍ത്തത്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ വസതിക്കു സമീപവും തെഹ്‌റാനിലെ യൂനിവേഴ്‌സിറ്റി സ്ട്രീറ്റിലും നിരവധി മിസൈലുകള്‍ പതിച്ചു. ഇറാന്‍ പ്രത്യാക്രമണം തുടങ്ങിയതോടെ ഒരു സമ്പൂര്‍ണ യുദ്ധത്തിലേക്കാണ് പശ്ചിമേഷ്യ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഖത്വര്‍, ബഹ്‌റൈന്‍, യു എ ഇ, കുവൈത്ത് എന്നിവിടങ്ങളിലെ യു എസ് താവളങ്ങളിലേക്ക് ഇറാന്‍ മിസൈല്‍ പ്രയോഗം നടത്തിയത് അറബ് മേഖലയിലാകെ കടുത്ത ആശങ്ക പരത്തിയിട്ടുണ്ട്.

സമീപ ദിവസങ്ങളിലോ മാസങ്ങളിലോ രൂപപ്പെട്ടതല്ല ഈ യുദ്ധത്തിന്റെ അടിയൊഴുക്ക്. 1979ലെ ഇറാന്‍ വിപ്ലവത്തിനു ശേഷം ഉടലെടുത്ത കൊടിയ ശത്രുതയാണ് പ്രശ്‌നത്തിന്റെ തുടക്കം. 1979 വരെ, ഷാ പഹ്‌ലവിയുടെ കാലത്ത് ഉറ്റസുഹൃത്തുക്കളായിരുന്നു ഇറാനും ഇസ്‌റാഈലും. ഇസ്‌റാഈലിനെ അംഗീകരിച്ച ആദ്യ മുസ്‌ലിം രാഷ്ട്രങ്ങളില്‍ ഒന്ന് ഇറാനായിരുന്നു. വിപ്ലവാനന്തരം ആയത്തുല്ല ഖുമൈനി അധികാരത്തിലേറിയതോടെ സ്ഥിതിഗതികളാകെ മാറി. പരസ്പരം ശത്രുതയിലായി രണ്ട് രാഷ്ട്രങ്ങളും. ഇസ്‌റാഈലിനെ ചെറിയ ചെകുത്താനെന്നും അമേരിക്കയെ വിലയ ചെകുത്താനെന്നുമാണ് ഖുമൈനി വിശേഷിപ്പിച്ചിരുന്നത്. തുടര്‍ന്നുള്ള നാലര പതിറ്റാണ്ടായി ഇരുരാജ്യങ്ങളും നിഴല്‍ യുദ്ധത്തിലായിരുന്നു. ലബനാനിലെ ഹിസ്ബുല്ല, യമനിലെ ഹൂതികള്‍, ഗസ്സയിലെ ഹമാസ് എന്നീ പോരാട്ട സംഘടനകളെ ചേര്‍ത്ത് ഇറാന്‍ പ്രതിരോധ അച്ചുതണ്ട് തീര്‍ത്തതും ഇറാന്റെ ആണവ പദ്ധതികളും ഇസ്‌റാഈലിനെയും അമേരിക്കയെയും വല്ലാതെ ചൊടിപ്പിച്ചു. ആണവ പദ്ധതികള്‍ തകര്‍ക്കാന്‍ ഇസ്‌റാഈല്‍ രഹസ്യമായ സൈബര്‍ ആക്രമണങ്ങള്‍ നടത്തുകയും ഇറാന്‍ ശാസ്ത്രജ്ഞരെ കൊലപ്പെടുത്തുകയും ചെയ്തു. ഇത്തരം സംഭവവികാസങ്ങളാണ് ഇപ്പോള്‍ പൊട്ടിത്തെറിയിലെത്തിയത്. മാസങ്ങളായി യുദ്ധത്തിനുള്ള ഒരുക്കത്തിലായിരുന്നു അമേരിക്കയും ഇസ്‌റാഈലും. അത്യാധുനിക യുദ്ധക്കപ്പലുകള്‍, യുദ്ധവിമാനങ്ങള്‍ തുടങ്ങിയ സന്നാഹങ്ങള്‍ വിന്യസിച്ച് പശ്ചിമേഷ്യയില്‍ അമേരിക്ക അടുത്തിടെ തങ്ങളുടെ സൈനിക ശേഷി വര്‍ധിപ്പിച്ചത് ഈ ആക്രമണത്തെ മുന്‍നിര്‍ത്തിയായിരുന്നു.
പശ്ചിമേഷ്യയില്‍ ഒതുങ്ങുന്നതല്ല, ആഗോളതലത്തില്‍ ബാധിക്കുന്നതാണ് യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍. ലോകത്തെ ക്രൂഡ് ഓയില്‍ വിതരണത്തിന്റെ പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിലാണ്. യുദ്ധം രൂക്ഷമായാല്‍ ഈ പാത ഇറാന്‍ അടക്കാന്‍ സാധ്യതയുണ്ട്. പാത അടച്ചിടുമെന്ന് ഇറാന്‍ ഭീഷണി മുഴക്കിക്കഴിഞ്ഞു. ചരക്കു കപ്പലുകള്‍ക്കു നേരെ ആക്രമണം നടന്നാല്‍ ആഗോള വ്യാപാരത്തെ മന്ദഗതിയിലാക്കുകയും ക്രൂഡ് ഓയിലിന്റെയും ഇലക്ട്രോണിക്‌സ്, കെമിക്കല്‍സ് തുടങ്ങിയവയുടെ വില ഉയരുകയും ചെയ്യും. ഇന്ത്യ പോലുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങള്‍ക്ക് കൂടുതല്‍ ഗുരുതരമായിരിക്കും പ്രത്യാഘാതങ്ങള്‍. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നാണ് ഇന്ത്യ കൂടുതലും എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ ഇത് മുരടിപ്പിക്കും. ഓഹരി വിപണിയില്‍ ഇടിവ് സംഭവിച്ചാല്‍ നിക്ഷേപകരെയും ബാധിക്കും.

ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്ന ദശലക്ഷക്കണക്കിന് ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയും വലിയ ചോദ്യചിഹ്നമാണ്. ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാഷ്ട്രങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതും ഗള്‍ഫ് ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും. വിമാന ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഖത്വര്‍ എയർവേയ്‌സ്, ടര്‍ക്കിഷ് എയര്‍ലൈന്‍, എയര്‍ ഇന്ത്യ, ഇന്‍ഡിഗോ കമ്പനികളാണ് ഇതിനകം സര്‍വീസ് നിര്‍ത്തിയത്. ഗള്‍ഫ് രാഷ്ട്രങ്ങളുമായും ഇസ്‌റാഈലുമായും ഇന്ത്യക്കുള്ള നല്ല ബന്ധം ഉപയോഗപ്പെടുത്തി പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുകയെന്നതാണ് സര്‍ക്കാറിന്റെ പ്രാഥമിക ബാധ്യത. താമസ സ്ഥലങ്ങളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും യുദ്ധ വാര്‍ത്തകള്‍ കൃത്യമായി ശ്രദ്ധിച്ച് പരമാവധി സുരക്ഷ ഉറപ്പ് വരുത്താന്‍ ശ്രദ്ധിക്കണമെന്നും തെഹ്‌റാനിലെ ഇന്ത്യന്‍ എംബസി ഇറാനിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പും അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാന്‍ ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്.

യുദ്ധം തുടരുകയും വ്യാപിക്കുകയും ചെയ്താല്‍ ഇവരെ നാട്ടിലെത്തിക്കുക ഇന്ത്യക്ക് വലിയൊരു ദൗത്യമായിരിക്കും. ഇസ്‌റാഈലുമായും ഇറാനുമായും നല്ല ബന്ധത്തിലാണ് ഇന്ത്യ. പ്രധാനമന്ത്രി മോദി ഇസ്‌റാഈല്‍ സന്ദര്‍ശിച്ച് അവര്‍ക്ക് എല്ലാ തലത്തിലും സര്‍വപിന്തുണയും പ്രഖ്യാപിച്ചത് നാല് ദിവസം മുമ്പാണ്. അതേസമയം ഇറാന്‍ വഴിയാണ് ഇന്ത്യ മധ്യേഷ്യയിലേക്കുള്ള പാത (ചബഹാര്‍ തുറമുഖം) വികസിപ്പിക്കുന്നത്. രണ്ട് രാജ്യങ്ങളും തമ്മില്‍ യുദ്ധം ചെയ്യുമ്പോള്‍ ആരെ പിന്തുണക്കണമെന്നത് ഇന്ത്യക്ക് വലിയ നയതന്ത്ര പ്രതിസന്ധിയായിരിക്കും.
ഇറാന്‍ ഭരണകൂടത്തിന്റെ ഭീഷണി ഇല്ലാതാക്കാനാണ് ആക്രമണമെന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ ന്യായീകരണം. ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തി വരുന്ന കൂട്ടക്കുരുതിക്കും വംശഹത്യക്കും പരോക്ഷ പിന്തുണ നല്‍കിവരുന്ന ട്രംപിന്റെ ന്യായീകരണം പരിഹാസ്യമാണ്. ഇറാനെ സൈനികമായും സാമ്പത്തികമായും തകര്‍ത്ത് മേഖലയില്‍ ഇസ്‌റാഈലിന്റെയും അതുവഴി അമേരിക്കയുടെയും ആധിപത്യം ഉറപ്പിക്കുകയാണ് ട്രംപിന്റെ ലക്ഷ്യം.

---- facebook comment plugin here -----

Latest