Connect with us

Heavy rain

ഒറ്റപ്പെട്ട ശക്തമായ മഴ; ഇന്നും നാളെയും വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

മഴ ശക്തി പ്രാപിക്കാൻ സാധ്യതയുള്ള മലയോര/ തീരദേശ മേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്.

Published

|

Last Updated

തിരുവനന്തപുരം | കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം അനുസരിച്ച് ഇന്നും നാളെയും വിവിധ ജില്ലകളിൽ മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലുമാണ് മഞ്ഞ ജാഗ്രത.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. കേരളത്തിൽ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മഴ ശക്തി പ്രാപിക്കാൻ സാധ്യതയുള്ള മലയോര/ തീരദേശ മേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്.

മധ്യകിഴക്കൻ അറബിക്കടലിൽ കൊങ്കൺ തീരത്ത് സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമർദം ഇന്നലെ രാത്രി 8.30 നും 10.30 നും ഇടയിൽ പൻജിം നും രത്‌നഗിരിക്കും ഇടയിൽ കരയിൽ പ്രവേശിച്ചു. കിഴക്ക്- വടക്ക് കിഴക്ക് നീങ്ങുന്ന തീവ്ര ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി കുറയാൻ സാധ്യത.

ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം നിലവിൽ തെക്ക് കിഴക്കൻ ഝാർഖണ്ഡിനും  പശ്ചിമ ബംഗാളിനും വടക്കൻ ഒഡീഷക്കും മുകളിൽ സ്ഥിതി ചെയ്യുന്നു. കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിതമായ / ഇടത്തരം മഴ / ഇടി / മിന്നൽ തുടരാൻ സാധ്യത. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.