National
സൈനികന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് ട്രക്കിലിടിച്ചു; മകനും ഡ്രൈവറുമടക്കം നാല് പേര്‍ മരിച്ചു
ഉത്തര്‍പ്രദേശിലെ പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ്വേയില്‍ ഞായറാഴ്ച രാവിലെയായിരുന്നു അപകടം
ലക്‌നൗ | സൈനികന്റെ മൃതദേഹവുമായി പോവുകയായിരുന്ന ആംബുലന്‍സ് നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് മകനും ഡ്രൈവറുമടക്കം നാല് പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ്വേയില്‍ ഞായറാഴ്ച രാവിലെയായിരുന്നു അപകടം.
ചണ്ഡിഗഢില്‍ നിന്ന് അന്തരിച്ച സുബേദാര്‍ മേജര്‍ സത്യവാന്റെ ഭൗതികശരീരവുമായി അദ്ദേഹത്തിന്റെ ജന്മനാടായ ഉത്തര്‍പ്രദേശിലെ ദിയോറിയ ജില്ലയിലേക്ക് പോകുകയായിരുന്നു ആംബുലന്‍സ്.
അയോധ്യ-സുല്‍ത്താന്‍പൂര്‍ അതിര്‍ത്തിക്ക് സമീപം എക്‌സ്പ്രസ്വേയുടെ 79.6 കിലോമീറ്റര്‍ മാര്‍ക്കിന് സമീപം നിയന്ത്രണം വിട്ട ആംബുലന്‍സ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആംബുലന്‍സ് പൂര്‍ണമായും തകര്‍ന്നു.
അപകടത്തില്‍ സൈനികന്റെ മകന്‍ ഗൗരവ് സിംഗ് (28), ആംബുലന്‍സ് ഡ്രൈവര്‍ ജസ്പാല്‍ (30) എന്നിവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. സൈനികന്റെ സഹോദരന്‍ രാജന്‍ ചൗധരി (35), സഹോദരിയുടെ മകന്‍ റാം സമൂജ് സിംഗ് (40) എന്നിവര്‍ അയോധ്യയിലെ പിത്‌ല-കുമാര്‍ഗഞ്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
വിവരമറിഞ്ഞ് സുല്‍ത്താന്‍പുര്‍ എസ് പി വിനീത് ജയ്‌സ്വാളും ജില്ലാ മജിസ്‌ട്രേറ്റ് ഇന്ദ്രജീത് സിങ്ങും സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
പോലീസ് നാല് പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. സുബേദാര്‍ മേജര്‍ സത്യവാന്റെ ഭൗതികശരീരം തുടര്‍നടപടികള്‍ക്കായി ഹാലിയാപൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Content Highlights: Four people including the son of a deceased soldier died when an ambulance crashed into a parked truck on Purvanchal Expressway. The ambulance was transporting Subedar Major Satyawan’s body from Chandigarh to Deoria. Police transferred the bodies for post-mortem and initiated legal procedures.



