Kerala
ജമാഅത്ത് ഇസ്ലാമിയുടെ ദളിത് മുസ്ലിം ഐക്യം അതിജീവന അടവുനയം: പി ജയരാജന്‍
ആശയ പ്രകാശന സ്വാതന്ത്ര്യത്തിന്റെ കഴുത്തുഞെരിക്കുന്ന ഇതേ മാനേജ്മെന്റ് തന്നെയാണ് സ്വന്തം തൊഴിലാളികളുടെ അന്നം മുട്ടിക്കുന്നതും.
കണ്ണൂര്‍ | മതനിരപേക്ഷ ജനാധിപത്യം എന്ന ആശയത്തെ തന്നെ ഒരു കാലത്തും അംഗീകരിക്കാത്ത ജമാഅത്തെ ഇസ്ലാമി, ഇന്ത്യയിലെ ഹിന്ദുത്വ വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ നിലനില്‍പ്പിനായി മാത്രമാണ് ജനാധിപത്യ മുഖംമൂടി എടുത്തണിഞ്ഞതെന്ന വിമര്‍ശവുമായി സി പി എം സംസ്ഥാന സിക്രട്ടറിയേറ്റംഗം പി ജയരാജന്‍. മൗദൂദിയന്‍ മതരാഷ്ട്രത്തില്‍ അന്യമതസ്ഥര്‍ രണ്ടാംതരം പൗരന്മാരാണെന്നിരിക്കെ, ഇവിടുത്തെ ദളിത് മുസ്ലിം ഐക്യം വെറുമൊരു അതിജീവന അടവുനയം മാത്രമാണെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.
കെ ഇ എന്‍ കുഞ്ഞഹമ്മദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സാമൂഹ്യമാധ്യമത്തില്‍ എഴുതിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാനിലോ ബംഗ്ലാദേശിലോ ജമാഅത്തെ ഇസ്ലാമിക്കാര്‍കാര്‍ക്ക് കീഴാള ജനവിഭാഗങ്ങളോട് ഇത്തരം കപട പ്രേമമൊന്നുമില്ല. മാധ്യമത്തില്‍ എഴുതുന്ന മതേതരവാദികളും ദളിത് പക്ഷക്കാരും താലിബാനെയോ ഇസ്ലാമിസ്റ്റ് ഭീകരതയെയോ വിമര്‍ശിക്കരുതെന്ന അലിഖിത ലക്ഷ്മണരേഖ മറികടന്നപ്പോഴാണ് കെ ഇ എന്നിന്റെ എഴുത്തിന് കൂച്ചുവിലങ്ങിട്ടത്.
ആശയ പ്രകാശന സ്വാതന്ത്ര്യത്തിന്റെ കഴുത്തുഞെരിക്കുന്ന ഇതേ മാനേജ്മെന്റ് തന്നെയാണ് സ്വന്തം തൊഴിലാളികളുടെ അന്നം മുട്ടിക്കുന്നതും. മാസങ്ങളായി ശമ്പളം നല്‍കാതെയും സ്ഥിരം ജീവനക്കാരെ കരാര്‍വല്‍ക്കരണത്തിന്റെ അടിമത്തത്തിലേക്ക് തള്ളിയിട്ടും പീഡിപ്പിക്കുന്നത്. ലോകത്തോട് മുഴുവന്‍ നീതിയും മനുഷ്യാവകാശവും പ്രസംഗിക്കുന്നവരുടെ സ്വന്തം പണിപ്പുരയിലാണ് തൊഴിലാളി വിരുദ്ധത അരങ്ങേറുന്നത്.
ആശയസ്വാതന്ത്ര്യത്തിന് വിലങ്ങിടുന്ന അതേ കറുത്ത കൈകള്‍ തന്നെയാണ് തൊഴിലാളിയുടെ വിയര്‍പ്പിനു വില നല്‍കാത്തത്. കെ ഇ എന്‍ തുറന്നുകാട്ടിയ കാപട്യവും തെരുവില്‍ തൊഴിലാളികള്‍ നടത്തുന്ന സമരവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.
Content Highlights:
CPM leader P Jayarajan criticized Jamaat-e-Islami, stating its secular face is merely a mask for survival amid rising Hindutva. Supporting scholar KEN Kunhahammed, Jayarajan slammed Madhyamam management for suppressing free speech and denying wages to workers while preaching human rights.



