Connect with us

International

'ഇനി ക്ഷമിക്കില്ല'; കപ്പലുകൾക്ക് നേരെ ആക്രമണം തുടർന്നാൽ യുഎസ് സൈനിക താവളങ്ങൾ തകർക്കുമെന്ന് ഇറാൻ

സമുദ്ര അതിർത്തിക്കുള്ളിലോ പുറത്തോ വെച്ച് ഇറാൻ കപ്പലുകൾ ആക്രമിക്കപ്പെട്ടാൽ മേഖലയിലുടനീളമുള്ള ശത്രു കപ്പലുകൾക്കും സൈനിക കേന്ദ്രങ്ങൾക്കും നേരെ നേരിട്ടുള്ള സൈനിക നടപടി ഉണ്ടാകുമെന്ന് ഐ ആർ ജി സി കമാൻഡ്

Published

|

Last Updated

ടെഹ്റാൻ | പേർഷ്യൻ ഗൾഫിലെ ഇറാനിയൻ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടർന്നാൽ അമേരിക്കൻ കപ്പലുകൾക്കും മേഖലയിലെ സൈനിക താവളങ്ങൾക്കും നേരെ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാൻ്റെ സംയമനം അവസാനിച്ചതായും ഏത് തരത്തിലുള്ള പ്രകോപനത്തിനും കനത്ത വില നൽകേണ്ടി വരുമെന്നും ഇറാൻ പാർലമെൻ്ററി വക്താവ് ഇബ്രാഹിം റെസായി വ്യക്തമാക്കി.

അമേരിക്കൻ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി സമയം അതിവേഗം നീങ്ങുന്നതെന്ന് റെസായി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. മേഖലയിലെ പുതിയ ക്രമങ്ങളുമായി പൊരുത്തപ്പെടാൻ യുഎസ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇറാനിയൻ എണ്ണക്കപ്പലുകൾക്കും വാണിജ്യ കപ്പലുകൾക്കും നേരെയുള്ള ഭീഷണികൾക്കെതിരെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ ആർ ജി സി) നേവിയും ശക്തമായ ഭാഷയിൽ പ്രതികരിച്ചിട്ടുണ്ട്. സമുദ്ര അതിർത്തിക്കുള്ളിലോ പുറത്തോ വെച്ച് ഇറാൻ കപ്പലുകൾ ആക്രമിക്കപ്പെട്ടാൽ മേഖലയിലുടനീളമുള്ള ശത്രു കപ്പലുകൾക്കും സൈനിക കേന്ദ്രങ്ങൾക്കും നേരെ നേരിട്ടുള്ള സൈനിക നടപടി ഉണ്ടാകുമെന്ന് ഐ ആർ ജി സി കമാൻഡ് അറിയിച്ചു.

ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ഇറാൻ പ്രതിജ്ഞാബദ്ധമാണ്. ജാസ്ക് തുറമുഖത്തിന് സമീപം ഇറാനിയൻ കപ്പലുകൾക്ക് നേരെ യുഎസ് നടത്തിയ ആക്രമണങ്ങളെത്തുടർന്ന് തന്ത്രപ്രധാനമായ ഈ ജലപാതയിൽ ഇറാൻ നാവികസേന സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. പുതിയ ആയുധങ്ങളും പോരാട്ട രീതികളും ഉപയോഗിച്ച് സർപ്രൈസ് ആക്രമണങ്ങൾ നടത്തുമെന്ന് ഇറാൻ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അക്രാമിനിയയും മുന്നറിയിപ്പ് നൽകി.

ഉപരോധങ്ങൾ നടപ്പിലാക്കാൻ അമേരിക്കയെ സഹായിക്കുന്ന രാജ്യങ്ങൾക്കും ഹോർമുസ് കടലിടുക്ക് കടക്കുന്നതിൽ തടസ്സങ്ങൾ നേരിടേണ്ടി വരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഫെബ്രുവരിയിൽ ആരംഭിച്ച സംഘർഷങ്ങളെത്തുടർന്ന് ശത്രു രാജ്യങ്ങൾക്കായി ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചിരുന്നു. ഏപ്രിലിൽ യുഎസ് ഏർപ്പെടുത്തിയ നിയമവിരുദ്ധമായ ഉപരോധത്തെ കടൽക്കൊള്ളയെന്നാണ് ഇറാൻ വിശേഷിപ്പിച്ചത്.

Summary

Iran has issued a stern warning to the United States, stating that any further aggression against its vessels in the Persian Gulf will trigger a decisive military response targeting US ships and bases across the region. The Iranian Revolutionary Guard Corps (IRGC) emphasized its control over the strategic Strait of Hormuz and warned that nations cooperating with US sanctions may face transit difficulties. This escalation follows recent maritime incidents and a US-led blockade, which Tehran characterizes as maritime piracy.

Latest