National
നടപടി കടുപ്പിച്ച് ഇന്ത്യ; പാകിസ്ഥാനില്‍ നിന്നുള്ള എല്ലാ ഇറക്കുമതികളും നിരോധിച്ചു
ദേശീയ സുരക്ഷ കണക്കിലെടുത്താണ് നടപടി
ന്യൂഡല്‍ഹി| പാകിസ്ഥാനെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ. പാകിസ്ഥാനില്‍ നിന്നുള്ള എല്ലാ ഇറക്കുമതികളും നിരോധിച്ചിരിക്കുകയാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം. പാകിസ്ഥാന്‍ ഉത്പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ഉത്പന്നങ്ങള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ദേശീയ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്നാണ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്. 2023ലെ വിദേശ വ്യാപാര നയത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് പുതിയ തീരുമാനം.
പാകിസ്ഥാനില്‍ നിന്ന് ഉത്പാദിപ്പിക്കുന്നതോ, കയറ്റുമതി ചെയ്യുന്നതോ ആയ എല്ലാ ഉത്പന്നങ്ങള്‍ക്കും ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ നിരോധനം ഏര്‍പ്പെടുത്തിയതായി ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് വ്യക്തമാക്കി.
അതേസമയം ഭീകര പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്ന പാകിസ്താനെതിരെ ഇന്ത്യ ലോകബേങ്കിനെയും അന്താരാഷ്ട്ര നാണ്യ നിധിയെയും സമീപിക്കും. പാകിസ്ഥാനുള്ള ധനസഹായം നിര്‍ത്തണം എന്ന് ആവശ്യപ്പെടും. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ്, എഫ് എ ടി എഫിനോട് പാകിസ്താനെ വീണ്ടും ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്താനും ആവശ്യപ്പെടും.
അതിനിടെ, ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി ലംഘിച്ചു എന്ന പാകിസ്താന്‍ മാധ്യമങ്ങളുടെ ആരോപണം കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളി. ഇന്ത്യയുടെ റഫാല്‍ വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചെന്നും പാക് വ്യോമസേന നേരിടാന്‍ തുടങ്ങിയപ്പോള്‍ മടങ്ങിയെന്നുമാണ് പാക് മാധ്യമങ്ങളിലെ പ്രചാരണം. ഭയം കൊണ്ട് പാകിസ്ഥാന്‍ കള്ളപ്രചാരണം നടത്തുന്നു എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
സംഘര്‍ഷ സാഹചര്യം നിലനില്‍ക്കെ കരയില്‍ നിന്ന് കരയിലേക്ക് തൊടുക്കുന്ന ബാലിസ്റ്റിക്ക് മിസൈല്‍ പരീക്ഷണത്തിന് പാകിസ്താന്‍ തയ്യാറെടുക്കുന്നതായി ഇന്ത്യക്ക് സൂചന ലഭിച്ചു. പരീക്ഷണം അടുത്തയാഴ്ച നടക്കുമെന്നാണ് വിവരം ലഭിച്ചത്. പരീക്ഷണം പ്രകോപനമായി കാണുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തിലെ പ്രതികള്‍ക്കായി പതിനൊന്നാം ദിവസവും തെരച്ചില്‍ തുടരുകയാണ്. അനന്ത്നാഗ് മേഖല കേന്ദ്രീകരിച്ചാണ് തെരച്ചില്‍. ഭീകരരുടെ ആയുധങ്ങള്‍ വനമേഖലയില്‍ ഉപേക്ഷിച്ചോ എന്നതിലും അന്വേഷണം നടക്കുകയാണ്. അതിര്‍ത്തിയില്‍ കൂടുതല്‍ സായുധ സേനയെ വിന്യസിക്കുന്ന നടപടിയും തുടരുന്നുണ്ട്. ശ്രീനഗറില്‍ അടക്കം കനത്ത ജാഗ്രത തുടരുകയാണ്. തിരിച്ചടിക്ക് ഇന്ത്യന്‍ സേനകള്‍ക്ക് പ്രധാനമന്ത്രി പൂര്‍ണ്ണ അവകാശം നല്‍കിയ സാഹചര്യത്തില്‍ പാകിസ്താന്‍ അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈനികരെയും ഉപകരണങ്ങളും എത്തിച്ചിരുന്നു. പാക് കരസേന മേധാവി അസിം മുനീര്‍ കഴിഞ്ഞ ദിവസം പാക് അധീന കശ്മീരില്‍ എത്തിയിരുന്നു.




