Kerala
രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് കൂട്ടിച്ചേര്‍ക്കുന്ന സ്‌പേസ് ഡോക്കിംഗ് പരീക്ഷണം മൂന്നാംവട്ടവും ഇന്ത്യ മാറ്റിവച്ചു
ഇന്നു നടന്നത് ട്രയല്‍ ആയിരുന്നുവെന്നാണ് ഐ എസ് ആര്‍ ഒയുടെ ഔദ്യോഗിക അറിയിപ്പ്
ബെംഗളൂരു | രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് കൂട്ടിച്ചേര്‍ക്കുന്ന ഐ എസ് ആര്‍ ഒയുടെ സ്‌പേസ് ഡോക്കിംഗ് (സ്‌പേഡെക്സ്) പരീക്ഷണം മൂന്നാംവട്ടവും മാറ്റിവച്ചു. ഉപഗ്രഹങ്ങളുടെ ഡോക്കിംഗിനായി ഇന്നും നാളെയും ഇനി ശ്രമം ഇസ്രൊ നടത്തില്ല. ഇന്നു നടന്നത് ട്രയല്‍ ആയിരുന്നുവെന്നാണ് ഔദ്യോഗിക അറിയിപ്പ്.
ഇന്ന് രാവിലെ ആറരയ്ക്കും ഏഴ് മണിക്കുമിടയില്‍ ഇസ്രൊ ഡോക്കിംഗ് നടപ്പാക്കാന്‍ ശ്രമിച്ചിരുന്നു. പരസ്പരം മൂന്നു മീറ്റര്‍ അടുത്ത് വരെ ഉപഗ്രഹങ്ങളെ എത്തിക്കുകയും ചെയ്തു. എന്നാല്‍ ഡോക്കിംഗിലേക്ക് കടക്കാനായില്ല. ശ്രമം തല്‍ക്കാലം ഉപേക്ഷിച്ച ഐ എസ് ആര്‍ ഒ ഉപഗ്രഹങ്ങളെ സുരക്ഷിത അകലത്തിലേക്ക് മാറ്റി. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം ദൗത്യവുമായി മുന്നോട്ട് പോകുമെന്നാണ് ഐ എസ് ആര്‍ ഒയുടെ ഏറ്റവും പുതിയ അറിയിപ്പ്. സ്‌പേഡെക്‌സ് ഇരട്ട ഉപഗ്രഹങ്ങളുടെ സമാഗമത്തിനായി ഇനിയും കുറച്ച് ദിവസം കൂടി കാത്തിരിക്കണം.
ഇത് മൂന്നാം തവണയാണ് സ്‌പേഡെക്‌സ് സ്‌പേസ് ഡോക്കിംഗ് പരീക്ഷണം ഇസ്രൊ മാറ്റിവയ്ക്കുന്നത്. ഇന്ന് പതിനഞ്ച് മീറ്റര്‍ അടുത്ത് വരെ ഉപഗ്രഹങ്ങളെ എത്തിച്ച ശേഷം ഉപഗ്രഹങ്ങള്‍ പരസ്പരം ചിത്രമെടുക്കുക വരെ ചെയ്തിരുന്നു. ഇന്നും ഡോക്കിംഗ് നടന്നില്ലെങ്കിലും ഉപഗ്രഹങ്ങള്‍ പൂര്‍ണമായും ഇസ്രൊയുടെ നിയന്ത്രണത്തിലുമാണ്. രണ്ട് വട്ടം സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം തീയതി മാറ്റിയതിനാല്‍ ഇത്തവണ തത്സമയ സംപ്രേക്ഷണം അടക്കം ഒഴിവാക്കിയായിരുന്നു ശ്രമം.
നിലവില്‍ ഒരു കിലോമീറ്ററില്‍ താഴെ അകലത്തില്‍ ഉപഗ്രഹങ്ങളെ നിലനിര്‍ത്താനാണ് തീരുമാനം. വിവരങ്ങള്‍ വിശദമായി പഠിച്ച ശേഷമേ ഇനിയൊരു ഡോക്കിംഗ് ശ്രമം നടത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ. വൈകിയാലും ദൗത്യം കൃത്യമായി നടപ്പാക്കുകയാണ് ഇസ്രൊയുടെ ലക്ഷ്യം. നിലവില്‍ റഷ്യക്കും അമേരിക്കയ്ക്കും ചൈനയ്ക്കും മാത്രമാണ് സ്വന്തമായി സ്‌പേസ് ഡോക്കിംഗ് സാങ്കേതികവിദ്യ വികസിപ്പിക്കാനായത്.



