Connect with us

National

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് റാങ്കിംഗില്‍ ഇന്ത്യ പിന്തള്ളപ്പെട്ടു ; ഫ്രാന്‍സ് ഒന്നാം സ്ഥാനത്ത്

ഹെന്‍ലി പാസ്‌പോര്‍ട്ട് കഴിഞ്ഞ 19 വര്‍ഷത്തെ  ഡാറ്റയില്‍ നിന്നാണ് റാങ്കിംഗ് തയ്യാറാക്കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി |  2024 ലെ ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് പുറത്തുവിട്ടപ്പോള്‍ ലോകത്തിലെ ഏറ്റവും ശക്തിയേറിയ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ നിന്ന്  ഇന്ത്യ പിന്തള്ളപ്പെട്ടു. ഫ്രാന്‍സാണ് പട്ടികയില്‍ ഒന്നാമതുള്ളത്.  കഴിഞ്ഞ വര്‍ഷം 84ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ 85ാം സ്ഥാനത്തേക്കാണ് താഴ്ന്നത്.  കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ പൗരന്മാര്‍ക്ക് 60 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഈ വര്‍ഷം 62 രാജ്യങ്ങളിലേക്ക് ഈ തരത്തില്‍ സഞ്ചരിക്കാനാകും.

പട്ടികയില്‍ ഒന്നാമതുള്ള ഫ്രാന്‍സിന്റെ പൗരന്മാര്‍ക്ക് 194 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാകും. ജര്‍മനി, ഇറ്റലി, ജപ്പാന്‍, സിംഗപ്പൂര്‍, സ്പെയിന്‍ എന്നിവയാണ് ഫ്രാന്‍സിനൊപ്പം പട്ടികയുടെ ആദ്യ സ്ഥാനങ്ങളിലുള്ളത്.

അതേസമയം, കഴിഞ്ഞ വര്‍ഷത്തെ പോലെ പട്ടികയില്‍ 106ാം സ്ഥാനമാണ് പാകിസ്താനുള്ളത്.  ബംഗ്ലാദേശിന്റെ റാങ്ക് 101ല്‍ നിന്ന് 102ലേക്ക് താഴ്ന്നു. ഇന്ത്യയുടെ അയല്‍ രാജ്യമായ മാലദ്വീപ് 58 ാം സ്ഥാനത്തെത്തി. മാലദ്വീപ പൗരന്‍മാര്‍ക്ക് 96 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്രചെയ്യാം. 2023ല്‍  66ാം സ്ഥാനത്തായിരുന്ന ചൈന 64 ാം സ്ഥാനത്തെത്തി. യുഎസ് ഏഴില്‍ നിന്ന് ആറിലെത്തി.ഹെന്‍ലി പാസ്‌പോര്‍ട്ട് കഴിഞ്ഞ 19 വര്‍ഷത്തെ  ഡാറ്റയില്‍ നിന്നാണ് റാങ്കിംഗ് തയ്യാറാക്കുന്നത്. ലോകമെമ്പാടുമുള്ള 199 പാസ്‌പോര്‍ട്ടുകളും 227 യാത്രാ ലക്ഷ്യസ്ഥാനങ്ങളും ഉള്‍ക്കൊള്ളുന്ന ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ ( IATA ) പ്രത്യേക വിവരം അടിസ്ഥാനമാക്കിയാണിത്.

Latest