Connect with us

From the print

മത്സര പരീക്ഷകളിലെ ക്രമക്കേടിന് പത്ത് വര്‍ഷം വരെ തടവ്; ബില്‍ ലോക്‌സഭ കടന്നു

റെയില്‍വേ, നീറ്റ്, ജെ ഇ ഇ, സി യു ഇ ടി ഉള്‍പ്പെടെയുള്ള വിവിധ പരീക്ഷകളിലെ ക്രമക്കേടുകള്‍ തടയുക എന്നതാണ് ബില്‍ ലക്ഷ്യമിടുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | മത്സര പരീക്ഷകളിലെ ക്രമക്കേടുകള്‍ക്ക് പരമാവധി പത്ത് വര്‍ഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന പൊതു പരീക്ഷ (അന്യായമായ മാര്‍ഗങ്ങള്‍ തടയല്‍) ബില്‍ ലോക്സഭ പാസ്സാക്കി. ചര്‍ച്ച പൂര്‍ത്തിയാക്കി ശബ്ദവോട്ടോടെയാണ് ബില്‍ പാസ്സാക്കിയത്. കഴിഞ്ഞ ദിവസം കേന്ദ്ര പേഴ്സനല്‍, പബ്ലിക് ഗ്രീവന്‍സ് ആന്‍ഡ് പെന്‍ഷന്‍ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗാണ് ബില്‍ അവതരിപ്പിച്ചത്. റെയില്‍വേ, നീറ്റ്, ജെ ഇ ഇ, സി യു ഇ ടി ഉള്‍പ്പെടെയുള്ള വിവിധ പരീക്ഷകളിലെ ക്രമക്കേടുകള്‍ തടയുക എന്നതാണ് ബില്‍ ലക്ഷ്യമിടുന്നത്.

പൊതുപരീക്ഷകളിലെ അന്യായമായ മാര്‍ഗങ്ങള്‍ തടയുന്നതിനും അതുമായി ബന്ധപ്പെട്ടതോ ആകസ്മികമായതോ ആയ കാര്യങ്ങള്‍ക്കായി വ്യവസ്ഥ ചെയ്യുന്നതുമാണ് ബില്‍. ചോദ്യപേപ്പറുകളുടെയോ ഉത്തരസൂചികകളുടെയോ ചോര്‍ച്ച, ഉത്തരക്കടലാസുകളില്‍ കൃത്രിമം കാണിക്കല്‍, സീറ്റ് ക്രമീകരണങ്ങളില്‍ കൃത്രിമം കാണിക്കല്‍, പണലാഭത്തിനായി വ്യാജ വെബ്സൈറ്റുകള്‍ സൃഷ്ടിക്കുക, തട്ടിപ്പിനായി വ്യാജ പരീക്ഷകള്‍ നടത്തുക തുടങ്ങിയവയും ബില്ലിന്റെ പരിധിയില്‍ വരുന്നുണ്ട്.

പൊതു പരീക്ഷക്കിടെ അന്യായമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്ന വ്യക്തികള്‍ക്ക് മൂന്ന് മുതല്‍ അഞ്ച് വരെ വര്‍ഷം തടവും പത്ത് ലക്ഷം രൂപ വരെ പിഴയും ലഭിക്കും. കൂടാതെ, പരീക്ഷക്ക് സഹായം ചെയ്യുന്നവര്‍ക്ക് ഒരു കോടി രൂപ വരെയും പിഴ ലഭിക്കും. പരീക്ഷയില്‍ കൃത്രിമം കാണിക്കാന്‍ ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയതായി കണ്ടെത്തിയാല്‍ അത്തരം ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലുള്ള വ്യക്തികള്‍ക്ക് പത്ത് വര്‍ഷം വരെ തടവ് ഉള്‍പ്പെടെയുള്ള ശിക്ഷ ലഭിക്കും. പൊതു പരീക്ഷ നടത്താന്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനം, ഡയറക്ടര്‍മാര്‍, സീനിയര്‍ മാനേജ്മെന്റ്, പരീക്ഷയുടെ മേല്‍നോട്ടം വഹിക്കുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട വ്യക്തികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ പരിധിയില്‍ വരും.