Uae
കുപ്രചാരണങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിച്ചാല്‍ തടവും പിഴയും
അബൂദബി | കുപ്രചാരണങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിച്ചാല്‍ തടവും പിഴയും. യു എ ഇ പബ്ലിക് പ്രോസിക്യൂഷനാണ് ശിക്ഷ പ്രഖ്യാപിച്ചത്. വ്യാജ വാര്‍ത്തകളും കിംവദന്തികളും തടയുന്നതിന്റെ ഭാഗമായാണ് പബ്ലിക് പ്രോസിക്യൂഷന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയുള്ള മുന്നറിയിപ്പ്. 2021ലെ ഫെഡറല്‍ നിയമം 34 പ്രകാരമാണ് ശിക്ഷകള്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
ഇന്റര്‍നെറ്റ് ഉപയോഗിച്ച് വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുക, ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ക്കു വിരുദ്ധമായതോ തെറ്റിദ്ധാരണ പരത്തുന്നതോ ആയവ പ്രചരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷം തടവും ഒരുലക്ഷം ദിര്‍ഹം പിഴയും ലഭിക്കും.
വ്യാജ വാര്‍ത്തകളോ അഭ്യൂഹങ്ങളോ പ്രചരിപ്പിക്കുന്നതിലൂടെ പൊതു അഭിപ്രായത്തെ സര്‍ക്കാറിനെതിരെ തിരിച്ചുവിട്ടാല്‍ നിയമലംഘകര്‍ക്ക് കുറഞ്ഞത് രണ്ടുവര്‍ഷം വരെ തടവും രണ്ടുലക്ഷം ദിര്‍ഹം പിഴയും ലഭിക്കും. മഹാമാരിയുടെ കാലത്തോ ദുരന്തങ്ങളുടെ സമയത്തോ ഇതുമായി ബന്ധപ്പെട്ട കുപ്രചാരണങ്ങള്‍ക്കും ഇതേ ശിക്ഷയാണ് നല്‍കുക.




