Connect with us

National

ഇത് അശ്ലീലമല്ലെങ്കിൽ പിന്നെ എന്താണ് അശ്ലീലം? വിവാദ യൂട്യൂബർ രൺവീർ അല്ലാബാദിയയെ കുടഞ്ഞ് സുപ്രിം കോടതി

സംസാര സ്വാതന്ത്ര്യത്തിന്റെ പേരിൽ, സമൂഹത്തിന്റെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ആർക്കും സംസാരിക്കാൻ ലൈസൻസില്ലെന്ന് കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | വിവാദ യൂട്യൂബർക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. അശ്ലീല പരാമർശത്തിന്റെ പേരിൽ നിയമനടപടി നേരിടുന്ന യൂട്യൂബർ രൺവീർ അല്ലാബാദിയക്കാണ് വിമർശനം. ജനപ്രീതിയുണ്ടെന്ന് കരുതി എന്തും പറയാമെന്ന് കരുതരുതെന്നും സമൂഹത്തെ നിസാരമായി കാണരുതെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് തന്നെ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘നിങ്ങളുടെ അഭിപ്രായത്തിൽ എന്താണ് അശ്ലീലം? ഇത് അശ്ലീലമല്ലെന്ന് നിങ്ങൾ പറയുന്നു. ഇത് അശ്ലീലമല്ലെങ്കിൽ പിന്നെ എന്താണ്’എന്ന് കോടതി ചോദിച്ചു.

അശ്ലീല പരാമര്‍ശത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ എടുത്ത കേസുകള്‍ ഒരുമിച്ച് പരിഗണിക്കണമെന്ന രണ്‍വീർ അല്ലാബാദിയയുടെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. കൊമേഡിയൻ സമയ് റെയ്‌നയുടെ ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ എന്ന പരിപാടിയിലായിരുന്നു രണ്‍വീർ അല്ലാബാദിയ വിവാദ പരാമർശം നടത്തിയത്.

ഈ ഭാഷ ഇഷ്ടപ്പെടുന്ന ആരെങ്കിലും ഭൂമിയിലുണ്ടോ എന്ന് കോടതി ചോദിച്ചു. അയാളുടെ മനസ്സിലുള്ള വളരെ വൃത്തികെട്ട എന്തോ ഒന്ന് ഛർദ്ദിക്കപ്പെട്ടിരിക്കുന്നു. സംസാര സ്വാതന്ത്ര്യത്തിന്റെ പേരിൽ, സമൂഹത്തിന്റെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ആർക്കും സംസാരിക്കാൻ ലൈസൻസില്ല. നിങ്ങൾ ഉപയോഗിച്ച വാക്കുകൾ പെൺമക്കളെയും സഹോദരിമാരെയും മാതാപിതാക്കളെയും സമൂഹത്തെയും പോലും ലജ്ജിപ്പിക്കുമെന്നും കോടതി പറഞ്ഞു.

രൺവീറിന് വധഭീഷണി ഉണ്ടെന്ന് മുതിർന്ന അഭിഭാഷകൻ അഭിനവ് ചന്ദ്രചൂഡ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് കോടതി അദ്ദെഹത്തിന് ഇടക്കാല ഇടക്കാല ആശ്വാസം നൽകി. അലഹബാദിയയ്ക്ക് സംരക്ഷണത്തിനായി മഹാരാഷ്ട്രയെയോ അസം പോലീസിനെയോ സമീപിക്കാമെന്ന് കോടതി പറഞ്ഞു.

രൺവീർ അലഹബാദിയയോട് മഹാരാഷ്ട്രയിലെ താനെയിലെ പോലീസിൽ പാസ്‌പോർട്ട് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു. കൂടാതെ കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടരുതെന്നും നിർദ്ദേശമുണ്ട്. ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് എന്ന പരിപാടിയിൽ സംപ്രേഷണം ചെയ്ത എപ്പിസോഡിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിനെതിരെ കൂടുതൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യരുതെന്നും സുപ്രീം കോടതി പറഞ്ഞു.

Latest