Connect with us

From the print

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എങ്ങനെ പ്രതികരിക്കും?

സി എ എ പ്രകാരം പൗരത്വം കിട്ടുന്നവരെ സ്വീകരിക്കാനാകില്ലെന്ന നിലപാടിലാണ് ഈ സംസ്ഥാനങ്ങള്‍.

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിലായതോടെ രാജ്യം ഉറ്റുനോക്കുന്നത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക്. ഭരണഘടനയുടെ ആറാം അനുച്ഛേദത്തില്‍ ഉള്‍പ്പെട്ട അസം, മേഘാലയ, മിസോറം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളെ പൗരത്വഭേദഗതി നിയമത്തിന്റെ പരിധിയില്‍ നിന്ന് കേന്ദ്രം ഒഴിവാക്കിയിട്ടുണ്ട്. ഈ സംസ്ഥാനങ്ങളില്‍ നേരത്തേ നടന്ന കനത്ത പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. അതുകൊണ്ടുമാത്രം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രതിഷേധം പൂര്‍ണമായും അടങ്ങില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് സിസ്റ്റം കൊണ്ടുവരുന്നതിലൂടെ മാത്രമേ തങ്ങളുടെ ആശങ്കകള്‍ പരിഹരിക്കൂ എന്നാണ് ഈ മേഖലകളില്‍ നിന്നുള്ള സംഘടനകള്‍ പറയുന്നത്. സി എ എ പ്രകാരം പൗരത്വം കിട്ടുന്നവരെ സ്വീകരിക്കാനാകില്ലെന്ന നിലപാടിലാണ് ഈ സംസ്ഥാനങ്ങള്‍.

ഇന്നത്തെ മിസോറം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗ ജനതക്ക് അധിനിവേശങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ വേണ്ടി 1873ലെ ബംഗാള്‍ ഈസ്റ്റേണ്‍ ഫ്രോണ്ടിയര്‍ റെഗുലേഷന്‍ മുഖാന്തരം നടപ്പാക്കപ്പെട്ട പദ്ധതിയാണ് ഇന്നര്‍ ലൈന്‍ റെഗുലേഷന്‍സ് അഥവാ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് സിസ്റ്റം. 1958ലെ ദ ഫോറിനേഴ്സ് (പ്രൊട്ടക്ടഡ് ഏരിയാസ്) ഓര്‍ഡര്‍ പ്രകാരം ഈ നിയമപരിരക്ഷ സ്വതന്ത്ര ഇന്ത്യയില്‍ തുടര്‍ന്നു. പിന്നീട് മണിപ്പൂരിനെ കൂടി ഐ എല്‍ പിയുടെ പരിധിയിലേക്ക് മോദി സര്‍ക്കാര്‍ കൊണ്ടുവന്നു. മേല്‍പ്പറഞ്ഞ നാല് സംസ്ഥാനങ്ങളിലേക്ക് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശിക്കാനും താമസിക്കാനും അതാതു സംസ്ഥാനങ്ങളിലെ സര്‍ക്കാറുകള്‍ നല്‍കുന്ന നിശ്ചിത കാലയളവിലേക്കുള്ള പ്രത്യേക അനുമതിയാണ് ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്. ആ പരിധിയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെക്കൂടി ഉള്‍പ്പെടുത്തണം എന്നതായിരുന്നു സി എ എ വിരുദ്ധ സമര കാലത്ത് അവിടത്തെ സമരക്കാര്‍ ഉയര്‍ത്തിയ പ്രധാന ആവശ്യം. അത് അംഗീകരിക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല.

മുസ്ലിംകള്‍ ഒഴികെയുള്ള മതവിഭാഗങ്ങളില്‍ നിന്നുള്ള എല്ലാവര്‍ക്കും നിര്‍ണിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കാനുള്ള തീരുമാനത്തോട് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തദ്ദേശീയര്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്. പുറമേ നിന്നുള്ള ഹിന്ദുക്കള്‍ക്ക് പോലും പ്രവേശനം നല്‍കില്ല എന്നാണ് അവരുടെ നിലപാട്. പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിലായതോടെ ആ സംസ്ഥാനങ്ങളിലേക്ക് വിവിധ കാലങ്ങളില്‍ കുടിയേറിയവര്‍ക്കും പുതിയ അപേക്ഷകര്‍ക്കും ഇന്ത്യയില്‍ നിയമാനുസൃതം സ്ഥിരതാമസം സാധ്യമാകും. ഇത് വംശശുദ്ധിയെ ബാധിക്കുമെന്ന ആശങ്ക തദ്ദേശീയര്‍ക്കുണ്ട്.

ഇതിന്റെ ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിക്കുക അസമിലാകും. അവിടെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമപട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 40.7 ലക്ഷം പേര്‍ പുറത്തായിരുന്നു. അനധികൃത കുടിയേറ്റക്കാര്‍ എന്നാണ് ഇവരെക്കുറിച്ച് പറയുന്നത്. അവരില്‍ പത്ത് ലക്ഷം മാത്രമാണ് മുസ്ലിംകള്‍. 28 ലക്ഷം പേര്‍ ഹിന്ദുക്കളും ശേഷിക്കുന്നവര്‍ മറ്റ് വിഭാഗങ്ങളില്‍ നിന്നുള്ളവരുമാണ്. ഇവരില്‍ മുസ്ലിംകളെ മാറ്റിനിര്‍ത്തിയാലും ബാക്കിവരുന്ന 30.7 ലക്ഷം ആളുകള്‍ പുതിയ സാഹചര്യത്തില്‍ നിയമാനുസൃത പൗരന്മാരായി മാറും. അത് അസമിലെ സാമൂഹിക ജീവിതത്തില്‍ വലിയ പ്രശ്നങ്ങള്‍ക്ക് വഴിതുറക്കും. നിരന്തരമായ സംഘര്‍ഷങ്ങളിലേക്ക് സംസ്ഥാനത്തെ തദ്ദേശീയരെ തള്ളിവിടുകയാകും അതിന്റെ ഫലം. ഈ സങ്കീര്‍ണ സാഹചര്യത്തെ സര്‍ക്കാര്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെകൂടി ആശ്രയിച്ചിരിക്കുന്നു പൗരത്വ ഭേദഗതി നിയമത്തിന്റെ ഭാവി.

 

Latest