Educational News
ഉന്നത പഠനം ഐ എസ് ഐയിൽ
ഗണിതശാസ്ത്ര പഠന ഗവേഷണ രംഗത്ത് മുൻ നിരയിലുള്ള ഈ സ്ഥാപനം അന്താരാഷ്ട്ര തലത്തിൽ തന്നെ ഉന്നത നിലവാരത്തിലുള്ള വിവിധ കോഴ്‌സുകൾ പഠിക്കാൻ അവസരമൊരുക്കുന്നു. വെള്ളിയാഴ്ചയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി
1931ൽ കൊൽക്കത്ത ആസ്ഥനമായി സ്ഥാപിതമായ ദേശീയ പ്രാധാന്യമുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമാണ് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് അഥവാ ഐ എസ് ഐ. ഡൽഹി, ബെംഗളൂരു, ചെന്നൈ, തേജ്പുർ അടക്കം വിവിധ നഗരങ്ങളിൽ ക്യാമ്പസുകളും ഗവേഷണ സ്ഥാപനങ്ങളും ഐ എസ് ഐക്കുണ്ട്. ഗണിതശാസ്ത്ര പഠന ഗവേഷണ രംഗത്ത് മുൻനിരയിലുള്ള ഈ സ്ഥാപനം അന്താരാഷ്ട്ര തലത്തിൽ തന്നെ ഉന്നത നിലവാരത്തിലുള്ള വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി വെള്ളിയാഴ്ച.
കോഴ്‌സുകളും യോഗ്യതയും
മൂന്ന് വർഷം ദൈർഘ്യമുള്ള ബാച്ചിലർ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് (ഓണേഴ്‌സ്): ഇംഗ്ലീഷും കണക്കും പഠിച്ച് +2 വിജയിച്ചവരായിരിക്കണം അപേക്ഷകർ. ഐ എസ് ഐയുടെ കൊൽക്കത്ത ക്യാമ്പസിലാണ് കോഴ്‌സ് പഠിപ്പിക്കുന്നത്.
മൂന്ന് വർഷം ദൈർഘ്യമുള്ള ബാച്ചിലർ ഓഫ് മാത്തമാറ്റിക്‌സ്(ഓണേഴ്‌സ്): അപേക്ഷകർ ഇംഗ്ലീഷും കണക്കും പഠിച്ച് +2 പരീക്ഷ വിജയിച്ചിരിക്കണം. ഈ കോഴ്‌സ് ബെംഗളൂരു ക്യാമ്പസിലാണ് പഠിപ്പിക്കുന്നത്.
രണ്ട് വർഷ മാസ്റ്റർ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ്: മൂന്ന് വർഷമോ നാല് വർഷമോ ദൈർഘ്യമുള്ള ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഡൽഹി ക്യാമ്പസിലാണ് ഈ കോഴ്‌സിന്റെ ആദ്യ വർഷം പഠിക്കേണ്ടത് .
രണ്ട് വർഷ മാസ്റ്റർ ഓഫ് മാത്തമാറ്റിക്‌സ്: മൂന്ന് വർഷമോ നാല് വർഷമോ ദൈർഘ്യമുള്ള ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൊൽക്കത്ത, ഡൽഹി ക്യാമ്പസുകളിലാണ് കോഴ്‌സ് പഠിപ്പിക്കുന്നത്.
രണ്ട് വർഷ മാസ്റ്റർ ഓഫ് സയൻസ് ഇൻ ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്‌സ്: മൂന്ന് വർഷമോ നാല് വർഷമോ ദൈർഘ്യമുള്ള ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഡൽഹി, കൊൽക്കത്ത ക്യാമ്പസുകളിലാണ് കോഴ്‌സ് നടക്കുക.
രണ്ട് വർഷ മാസ്റ്റർ ഓഫ് സയൻസ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്: ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം. ബെംഗളൂരു ക്യാമ്പസിൽ മാത്രമാണ് ഈ കോഴ്‌സ് ഉള്ളത്.
രണ്ട് വർഷ മാസ്റ്റർ ഓഫ് സയൻസ് ഇൻ ക്വാളിറ്റി മാനേജ്മെന്റ് ആൻഡ് ബിസിനസ്സ് അനലറ്റിക്‌സ്: ഏതെങ്കിലും ബിരുദമാണ് യോഗ്യത. ഈ കോഴ്‌സിന്റെ ആദ്യ വർഷം ബെംഗളൂരുവിലും രണ്ടാം വർഷം ഹൈദരാബാദിലുമായിരിക്കും പഠിക്കേണ്ടത്.
രണ്ട് വർഷ മാസ്റ്റർ ഓഫ് ടെക്‌നോളജി ഇൻ കമ്പ്യൂട്ടർ സയൻസ്: ഏതെങ്കിലും സ്ട്രീമിൽ ബി ടെക് അല്ലെങ്കിൽ +2വിന് ഗണിതശാസ്ത്രം പഠിച്ച് ഏതെങ്കിലും വിഷയത്തിൽ പോസ്റ്റ്ഗ്രാജ്വേഷൻ എന്നിവയാണ് പ്രവേശന യോഗ്യത. ഗേറ്റ് യോഗ്യതയുള്ളവർക്ക് നേരിട്ട് പ്രവേശനം ലഭിക്കും. കൊൽക്കത്ത ക്യാമ്പസിലാണ് ഈ കോഴ്‌സ് നടത്തപ്പെടുന്നത്.
രണ്ട് വർഷ മാസ്റ്റർ ഓഫ് ടെക്‌നോളജി ഇൻ ക്രിപ്‌റ്റോളജി ആൻഡ് സെക്യൂരിറ്റി: ഏതെങ്കിലും സ്ട്രീമിൽ ബി ടെക് അല്ലെങ്കിൽ +2വിന് ഗണിതശാസ്ത്രത്തോടൊപ്പം ഏതെങ്കിലും വിഷയത്തിൽ പോസ്റ്റ് ഗ്രാജ്വേഷൻ ഉള്ളവർക്ക് അപേക്ഷിക്കാം. ഗേറ്റ് യോഗ്യതയുള്ളവർക്ക് നേരിട്ട് പ്രവേശനം ലഭിക്കും. കൊൽക്കത്ത ക്യാമ്പസിലാണ് ഈ കോഴ്‌സ് നടത്തപ്പെടുന്നത്.
രണ്ട് വർഷ മാസ്റ്റർ ഓഫ് ടെക്‌നോളജി ഇൻ ക്വാളിറ്റി, റിലയബിലിറ്റി ആൻഡ് ഓപറേഷൻസ് റിസർച്ച്: കൊൽക്കത്ത ക്യാമ്പസിൽ നടത്തപ്പെടുന്ന ഈ കോഴ്‌സിന് +2 ലെവലിൽ ഫിസിക്‌സും കെമിസ്ട്രിയും പഠിച്ച് സ്റ്റാറ്റിസ്റ്റിക്‌സിൽ പോസ്റ്റ് ഗ്രാജ്വേഷൻ ഉള്ളവർക്കും അല്ലെങ്കിൽ +2 ലെവലിൽ ഫിസിക്‌സും കെമിസ്ട്രിയും പഠിച്ച് സ്റ്റാറ്റിസ്റ്റിക്‌സ് പ്രോബബിലിറ്റി എന്നിവയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് നിലവാരത്തിലുള്ള അറിവും ഗണിത ശാസ്ത്രം, കമ്പ്യൂട്ടിംഗ് അല്ലെങ്കിൽ ഓപറേഷൻസ് റിസർച്ചിൽ ബിരുദാനന്തര ബിരുദവും ഉള്ളവർക്കും ബി ഇ/ബി ടെക് ബിരുദമുള്ളവർക്കും അപേക്ഷിക്കാം.
ഇത് കൂടാതെ വിവിധ വിഷയങ്ങളിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകളും ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് കോഴ്‌സുകളുമുണ്ട്. ഈ കോഴ്‌സുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഐ എസ് ഐ വെബ്‌സൈറ്റിൽ ലഭ്യമാണ്.
മേൽ വിവരിച്ച ഡിഗ്രി, പി ജി കോഴ്‌സുകൾക്കെല്ലാം വിവിധ നിരക്കുകളിലുള്ള സ്‌റ്റൈപെൻഡ് ലഭിക്കും. എല്ലാ കോഴ്‌സുകളിലേക്കും പ്രവേശനത്തിന് https://admission.isical.ac.in/. എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് ഓൺലൈനായി അപേക്ഷിക്കണം. സംവരണ വിഭാഗത്തിൽപ്പെടാത്ത ജനറൽ ക്യാറ്റഗറിയിലുള്ള പുരുഷ അപേക്ഷകർ 1,500 രൂപയും, സ്ത്രീ അപേക്ഷകർ 1,000 രൂപയും, സംവരണ വിഭാഗക്കാർ 750 രൂപയും അപേക്ഷാ ഫീസായി അടയ്ക്കണം.
യോഗ്യത, സംവരണം എന്നിവക്ക് ആവശ്യമായ രേഖകളും നിശ്ചിത അളവിലുള്ള ഫോട്ടോ, ഒപ്പ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഐ എസ് ഐ നടത്തുന്ന പ്രവേശന പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രവേശന പരീക്ഷ മേയ് പത്തിന് നടക്കും.
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് കേന്ദ്ര സർക്കാർ സംവരണ നിയമങ്ങൾ ബാധകമാണ്. പരീക്ഷാ സിലബസ്, മോഡൽ ചോദ്യപേപ്പർ മറ്റ് വിവരങ്ങൾ എന്നിവക്ക് ഔദ്യോഗിക വെബ്‌സൈറ്റായ https://admission.isical.ac.in/ സന്ദർശിക്കുക.





