Connect with us

Web Special

ഹൃദയം തൊടുന്ന സേവന മാതൃകകള്‍..

ഈ എഴുതിയത് പോലെ എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. നിരവധി വെള്ളക്കെട്ടുകള്‍, യാത്രാ ക്ലേഷങ്ങള്‍, വഴി തിരിച്ച് വിടലുകള്‍ എല്ലാം അതിജയിച്ചായിരുന്നു ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞത്. ഇങ്ങിനെ നിരവധി ടാസ്‌കുകളാണ് ഇന്നലെയും ഇന്നുമായി ഐ സി എഫ് പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയത്.

Published

|

Last Updated

കനത്ത മഴ കാരണം ദുബൈ ജിജികോ മെട്രോ സ്‌റ്റേഷനടുത്ത് കുടുങ്ങിക്കിടക്കുകയാണ് പാക്കിസ്ഥാനി സ്വദേശിനി സന, ബ്രെയിന്‍ ശസ്ത്രക്രിയ ചെയതതിനാല്‍ കൂടുതല്‍ റിസ്‌കുള്ള യാത്ര സാധ്യമല്ല. പ്രധാന റോഡുകളില്‍ പല സ്ഥലങ്ങളിലും വെള്ളക്കെട്ടുള്ളത് കൊണ്ട് യാത്രാ സംവിധാനങ്ങളെല്ലാം വളരെ ലിമിറ്റഡ് ആയി മാത്രമേ ലഭിക്കുന്നൂള്ളൂ.. അവരുടെ മാതാവ് ദുബൈ ഐ സി എഫ് ഹെല്‍പ് ഡെസ്‌കിലേക്ക് ഉസ്മാന്‍ കക്കാടിനെ വിളിച്ചു. അദ്ദേഹം ആ സമയത്ത് ഒമാനില്‍ നിന്ന് വിസിറ്റിലെത്തി ദുബൈയില്‍ കുടുങ്ങിയ മറ്റൊരു മലയാളി കുടുംബത്തെ ഉമ്മുല്‍ ഖുവൈനിലെത്തിക്കാന്‍ പ്രതിസന്ധികള്‍ തരണം ചെയ്ത് ഡ്രൈവ് ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. ഉടനെ മെസ്സേജ് വിനീതന് കൈമാറി, അവരെ ഉടനെ ഷാര്‍ജയില്‍ താമസ സ്ഥലത്ത് എത്തിക്കണം.. ജിജികോ സ്റ്റേഷന് സമീപത്ത് അപ്പോള്‍ ഉണ്ടായിരുന്ന സവാദ് ചൊക്ലിയെ വിളിച്ച് പെട്ടന്ന് തന്നെ പിക്ക് ചെയ്ത് അല്‍ നഹ്ദ മെട്രോയിലെത്തിക്കാന്‍ ആവശ്യപ്പെട്ടു, അവിടുന്ന് പിന്നീട് ഖിസൈസിലേക്ക്..

ഖിസൈസിലെത്തുമ്പോഴേക്കും അവരെയും കൂട്ടി ഷാര്‍ജയിലേക്ക് പോവാന്‍ വേറെ ഒരാളെ ഏര്‍പ്പാടാക്കി.. മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ അവരെ സുരക്ഷിതമായി വീട്ടില്‍ മാതാവിനെ ഏല്‍പിക്കാന്‍ കഴിഞ്ഞു.

ഈ എഴുതിയത് പോലെ എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. നിരവധി വെള്ളക്കെട്ടുകള്‍, യാത്രാ ക്ലേഷങ്ങള്‍, വഴി തിരിച്ച് വിടലുകള്‍ എല്ലാം അതിജയിച്ചായിരുന്നു ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞത്. ഇങ്ങിനെ നിരവധി ടാസ്‌കുകളാണ് ഇന്നലെയും ഇന്നുമായി ഐ സി എഫ് പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയത്.

ഇന്നലെ രാത്രി ഉറക്കമൊഴിച്ച് ഹെല്‍പ് ഡെസ്‌കിലെ ഓരോരുത്തരും കര്‍മ സജ്ജരായി നിന്നു. ഒമാനില്‍ നിന്നുള്‍പ്പടെ ഈദ് അവധിക്കെത്തി തിരിച്ച് പോവാനാവാതെ കുടുങ്ങിയവര്‍, നാട്ടിലേക്ക് പോവാന്‍ എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ വഴിയിലകപ്പെട്ടവര്‍, ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും ആവശ്യമായവര്‍, ജോലി സ്ഥലങ്ങളിലും മറ്റും കുടുങ്ങിപോയവര്‍, വാഹനങ്ങള്‍ വെള്ളക്കെട്ടിലകപ്പെട്ടവര്‍, താമസ സ്ഥലങ്ങളിലും കടകളിലും വെള്ളം കയറിയതിനാല്‍ ക്ലീനിംഗ് ആവശ്യമായവര്‍ , തുടങ്ങി നിരവധി വിഷയങ്ങള്‍ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് തന്നെ പരിഹരിച്ചപ്പോള്‍ അനേകം മനസ്സുകളില്‍ കാര്‍മേഘത്തിന്‍റെ ഇരുട്ട് മാറ്റി സമാധാനത്തിന്‍റെ പ്രകാശം പരത്താന്‍ ഐ സി എഫ് ഹെല്‍പ് ഡെസ്കിന് സാധിച്ചു.

യു എ ഇ യിലെ മഴ 75 വര്‍ഷത്തെ ചരിത്രത്തിലെ അതി ശക്തമായതായിരുന്നു, മഴയുണ്ടാവുമെന്ന് നേരത്തെ അറിയിച്ചിരുന്നു അധികൃതര്‍, മുന്‍ കരുതലുകള്‍ക്കുള്ള കൃത്യമായ നിര്‍ദ്ദേശങ്ങളെല്ലാം തന്നെ നേരത്തെ തന്നെ നല്‍കി. മഴ അതിശക്തം തന്നെയായിരുന്നു. കെടുതിയുടെ നിരവധി വീഡിയോകളും ചിത്രങ്ങളും നാം കണ്ടു. നാട്ടിലുള്ളവരൊക്കെ അക്ഷരാര്‍ഥത്തില്‍ പകച്ച് പോയ മണിക്കൂറുകളായിരുന്നു.

എന്നാല്‍ എല്ലാം അതിജീവിച്ച് പ്രവാസികള്‍ വീണ്ടും അല്‍ഭുതപ്പെടുത്തി.. പ്രതിസന്ധിയില്‍ പരസ്പരം കൈകോര്‍ത്ത് താങ്ങും തണലുമായി. നിരവധി സന്നദ്ധ സംഘടനകള്‍ സേവന സന്നദ്ധതയോടെ രംഗത്തെത്തി, റെയിന്‍ സപ്പോര്‍ട്ട് യു എ ഇ എന്ന വാട്‌സ് ഗ്രൂപ്പ് വഴിയും ദേശ ഭാഷാ വ്യത്യാസമില്ലാതെ നിരവധി പേര്‍ക്ക് സഹായമെത്തിക്കാന്‍ സാധിച്ചു. ആയിരത്തിലധികം ആളുകളുള്ള നിരവധി ഗ്രൂപ്പുകള്‍ മുഴു സമയവും ആക്ടീവായി പ്രവര്‍ത്തിച്ചു. ഓരോ സ്ഥലങ്ങളിലും ആവശ്യമായതെന്താണെന്നറിഞ്ഞ് ചെയ്ത് കൊടുക്കുന്നതില്‍ നൂറ് കണക്കിന് പ്രവാസികള്‍ ആത്മാര്‍ഥമായി കൈകോര്‍ത്തപ്പോള്‍ പ്രവാസ ലോകത്ത് വീണ്ടും അതിജീവനത്തിന്റെ പുതിയൊരു അധ്യായം രചിക്കപ്പെടുകയായിരുന്നു.