Connect with us

From the print

പുഞ്ചക്കൊയ്ത്തും സംഭരണവും നെല്‍കര്‍ഷകര്‍ക്ക് ആശ്വാസമായി തിരഞ്ഞെടുപ്പ്

നിയമങ്ങളുടെയും ചട്ടങ്ങളുടെയും പേര് പറഞ്ഞ് ഉദ്യോഗസ്ഥരും സംഭരണ ഏജന്‍സികളുമെല്ലാം കര്‍ഷകരെ വലയ്ക്കുന്നത് അനുവദിക്കില്ലെന്ന് മന്ത്രിമാര്‍ നേരിട്ടെത്തി കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കുക മാത്രമല്ല, അതിനുള്ള നടപടികളും പ്രത്യേക നിരീക്ഷണ സംഘങ്ങളെ നിയോഗിക്കുകയും ചെയ്തിരിക്കുകയാണ്.

Published

|

Last Updated

ആലപ്പുഴ | കുട്ടനാടന്‍ കാര്‍ഷിക മേഖലക്ക് മുമ്പൊന്നുമില്ലാത്ത വിധം ശ്രദ്ധയും പരിചരണവുമാണ് ഇത്തവണത്തെ പുഞ്ചക്കൊയ്ത്തിന് ലഭിക്കുന്നത്. നെല്‍കൃഷി മേഖലയില്‍ നിലമൊരുക്കല്‍ മുതല്‍ തുടങ്ങുന്ന കര്‍ഷകരുടെ പ്രതിസന്ധികള്‍ മാധ്യമ വാര്‍ത്തകളില്‍ ഒതുങ്ങുന്ന പതിവ് ഇത്തവണ ആവര്‍ത്തിക്കില്ലെന്ന ദൃഢനിശ്ചയത്തിലാണ് ബന്ധപ്പെട്ട അധികാരികള്‍.

കുട്ടനാട്ടിലെ കാര്‍ഷിക മേഖലയില്‍ പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കല്‍, നിലമൊരുക്കല്‍, വിത്ത് ലഭ്യമാക്കല്‍ എന്നിവയില്‍ തുടങ്ങുന്ന പ്രതിസന്ധികള്‍ കൊയ്ത്ത്, നെല്ല് സംഭരണം വരെ നീളുന്നു. നെല്ല് പാകമാകുന്നതോടെയും തുടര്‍ന്ന് കൊയ്ത്ത് കഴിഞ്ഞും അപ്രതീക്ഷിതമായെത്തുന്ന വേനല്‍ മഴയും സംഭരിച്ച നെല്ലിന്റെ വില യഥാസമയം ലഭിക്കാത്തതിന്റെ പേരിലുള്ള പ്രയാസവുമെല്ലാം കുട്ടനാട്ടിലെ കര്‍ഷകര്‍ നാളുകളായി അനുഭവിച്ചുവരുന്നതാണ്. അടുത്തിടെ ഒന്നിലധികം കര്‍ഷക ആത്മഹത്യകളും കുട്ടനാട്ടില്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്തായാലും ഇക്കുറി സര്‍ക്കാറും കൃഷി വകുപ്പും ഉണര്‍ന്ന് പ്രവര്‍ത്തിച്ചതോടെ കുട്ടനാട്ടിലെ കര്‍ഷകര്‍ ആഹ്ലാദത്തിലാണ്.

നിയമങ്ങളുടെയും ചട്ടങ്ങളുടെയും പേര് പറഞ്ഞ് ഉദ്യോഗസ്ഥരും സംഭരണ ഏജന്‍സികളുമെല്ലാം കര്‍ഷകരെ വലയ്ക്കുന്നത് അനുവദിക്കില്ലെന്ന് മന്ത്രിമാര്‍ നേരിട്ടെത്തി കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കുക മാത്രമല്ല, അതിനുള്ള നടപടികളും പ്രത്യേക നിരീക്ഷണ സംഘങ്ങളെ നിയോഗിക്കുകയും ചെയ്തിരിക്കുകയാണ്. കുട്ടനാട്ടിലെ നെല്‍കൃഷിയുമായി ബന്ധപ്പെട്ട് കൃഷിവകുപ്പിന് പുറമെ, നിരവധി വകുപ്പുകളുടെ ഇടപെടല്‍ ആവശ്യമാണെന്നിരിക്കെ ഇവയെയൊക്കെ ഏകോപിപ്പിക്കാനും നിമിഷ നേരമേ വേണ്ടതുള്ളൂവെന്ന് കര്‍ഷകര്‍ക്ക് ബോധ്യപ്പെടുകയും ചെയ്തു.

യഥാസമയം കൊയ്ത്ത് യന്ത്രം കിട്ടാതെ പാകമായ നെല്ല് പാടത്ത് വീണ് കിളിര്‍ക്കുകയും കൊയ്ത്ത് ഉപേക്ഷിക്കുകയുമൊക്കെ ചെയ്യുന്നത് കുട്ടനാട്ടില്‍ നിത്യസംഭവമായിരുന്നു. കൊയ്ത്ത് കഴിഞ്ഞാല്‍ കിഴിവിന്റെ പേരില്‍ സപ്ലൈകോയും മില്ലുകാരും സൃഷ്ടിക്കുന്ന പ്രതിസന്ധി വേറെ. ഇതിനും പുറമെ, സംഭരിച്ച നെല്ലിന്റെ പണത്തിനായി കാത്തിരുന്ന് കടവും പലിശയും കുന്നുകൂടുന്നതും പതിവായിരുന്നു. എന്നാല്‍ മന്ത്രിമാരായ പി പ്രസാദും ജി ആര്‍ അനിലും ദിവസങ്ങളായി കുട്ടനാട്ടിലെ നെല്‍കര്‍ഷകരുടെ കാര്യത്തില്‍ ഏറെ ശ്രദ്ധാലുക്കലാണ്. കൊയ്ത്തും നെല്ല് സംഭരണവും സംഭരണ വില നല്‍കലുമായി ബന്ധപ്പെട്ട് കൃഷി – സിവില്‍ സപ്ലൈസ് വകുപ്പുകളുടെ ഉത്തരവുകള്‍ വളരെ വേഗത്തില്‍ ബന്ധപ്പെട്ട ഓഫീസുകളിലെത്തുകയും ഉദ്യോഗസ്ഥരെ കൊണ്ട് കൃത്യമായി ഇത് പാലിപ്പിക്കുകയുമൊക്കെ ചെയ്യുന്നത് കര്‍ഷകര്‍ക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. പി ആര്‍ എസിന്റെ പേരിലോ മറ്റെന്തിന്റെയെങ്കിലും പേരിലോ കുട്ടനാട്ടില്‍ ഇനിയൊരു ആത്മഹത്യക്ക് അവസരമൊരുക്കില്ലെന്ന ഉറച്ച നിലപാടിലാണ് മന്ത്രിമാര്‍. കൊയ്ത്ത് കാലത്ത് തിരഞ്ഞെടുപ്പുകള്‍ വരുന്നതിന്റെ ഗുണം ഇത്രയുമൊക്കെയുണ്ടെന്ന തിരിച്ചറിവിലാണ് നെല്‍കര്‍ഷകര്‍.

 

Latest